കോഴിക്കോട് നോർത്തിനിപ്പോൾ ചുവപ്പിനോടാണിഷ്ടം
Monday Feb 22, 2021
കോഴിക്കോട്> ചരിത്രത്തിന്റെ ഇരമ്പവും സംസ്‌കാരത്തിന്റെ, കലയുടെ, പാട്ടിന്റെ മേളങ്ങളും ചേർന്നതാണ് കോഴിക്കോട്. രുചിപ്പെരുമയുടെ ഈ മണ്ണിന് കമ്യൂണിസ്‌റ്റ് പാർടിയുടെ പിറവിയുടെ അഭിമാനവുമുണ്ട് കൊടിയടയാളമായി. സ്വാതന്ത്ര്യസമരത്തിന്റെ ത്യാഗനിർഭരമായ ഏടുകളും രാഷ്‌ട്രീയമുന്നേറ്റങ്ങളുടെ തിരയടിയും ഈ നഗരത്തിൽ കാണാം.
മലബാറിന്റെ ആസ്ഥാനമായറിയപ്പെടുന്ന കോഴിക്കോട് ഒന്നാം മണ്ഡലത്തിന്റെ പേരുമാറ്റം പത്തുവർഷം മുമ്പായിരുന്നു. 2011–-ൽ കോഴിക്കോട് നോർത്തായി. രാഷ്‌ട്രീയ ഇച്ഛാശക്തിയാണ് ഈ മണ്ഡലത്തിന്റെ അടിത്തറ. സിപിഐ എം, കോൺഗ്രസ് സ്ഥാനാർഥികൾ മാത്രം തെരഞ്ഞെടുക്കപ്പെട്ട മണ്ഡലമെന്ന പ്രത്യേകതയുമുണ്ടിതിന് കോൺഗ്രസിൽ തുടങ്ങി സിപിഐ എമ്മിന്റെ , ഇടതുപക്ഷത്തിന്റെ കരുത്താർന്ന കേന്ദ്രമായി മാറിയ അനുഭവം. 10 തവണ ഇവിടെ നിന്ന് സിപിഐ എം നേതാക്കൾ വിജയിച്ചിട്ടുണ്ട്. അഞ്ച് തവണ കോൺഗ്രസ് നേതാക്കളും.
1957ലായിരുന്നു ആദ്യ തെരഞ്ഞെടുപ്പ്. കോൺഗ്രസ് നേതാവ് ഒ ടി ശാരദാകൃഷ്‌ണനായിരുന്നു ജയം. 1960ലും അവർ വിജയം ആവർത്തിച്ചു. 1965-ൽ പി സി രാഘവൻ നായരിലൂടെ സിപിഐ എം സ്വന്തമാക്കി. 1967ലും രാഘവൻനായർ എംഎൽഎയായി. 1970–-ൽ വിജയം പി വി ശങ്കരനാരായണനിലൂടെ കോൺഗ്രസിനൊപ്പം. 1977 മുതലുള്ള 10വർഷം നാല് തെരഞ്ഞെടുപ്പുണ്ടായി.
നാലിലും വിജയം സിപിഐ എം സ്ഥാനാർഥികൾക്ക്. 1977, 1980, 1982 വർഷങ്ങളിൽ എൻ ചന്ദ്രശേഖരക്കുറപ്പ് ജനപ്രതിനിധിയായി. 1987–-ൽ എം ദാസനും. എന്നാൽ 1991–-ൽ കോൺഗ്രസ് നേടി. എ സുജനപാലിനായിരുന്നു ജയം. 1996–-ൽ എം ദാസൻ വിജയം തിരിച്ചുപിടിച്ചു. 2001–-ൽ സുജനപാലിനായിരുന്നു അവസരം. എന്നാൽ 2006-ൽ യുവജന–-വിദ്യാർഥി നേതാവ് എ പ്രദീപ്‌കുമാറിലൂടെ എൽഡിഎഫ് മണ്ഡലം സ്വന്തമാക്കി. 2011, 16 വർഷങ്ങളിലായി പ്രദീപ്‌കുമാർ ഹാട്രിക് രചിച്ചു. കോഴിക്കോട് കോർപറേഷനിലെ ആറ് മുതൽ 18ഉം 62 മുതൽ 74വരെയും ഡിവിഷനുകൾ പൂർണമായും കോഴിക്കോട് നോർത്ത് മണ്ഡലത്തിലാണ്. ഒപ്പം 19, 25 ഡിവിഷനുകളുടെ ഒരുഭാഗവും.
എംഎൽഎമാർ ഇതുവരെ
1957–- ഒ ടി ശാരദകൃഷ്‌ണൻ
1960–- ഒ ടി ശാരദകൃഷ്‌ണൻ
1965–- പി സി രാഘവൻ നായർ
1967–-പി സി രാഘവൻ നായർ
1970–-പി വി ശങ്കരനാരായണൻ
1977–-എൻ ചന്ദ്രശേഖരക്കുറുപ്പ്
1980–-എൻ ചന്ദ്രശേഖരക്കുറുപ്പ്
1982–-എൻ ചന്ദ്രശേഖരക്കുറുപ്പ്
1987–-എം ദാസൻ
1991–-എ സുജനപാൽ
1996–- എം ദാസൻ
2001–- എ സുജനപാൽ
2006–-എ പ്രദീപ്‌കുമാർ
2011–-എ പ്രദീപ്‌കുമാർ
2016–-എ പ്രദീപ്‌കുമാർ
2016 നിയമസഭാ തെരഞ്ഞെടുപ്പ്
എ പ്രദീപ്‌കുമാർ (സിപിഐ എം): 64,192
അഡ്വ. പി എം സുരേഷ്‌ബാബു (കോൺഗ്രസ്): 36,319
കെ പി ശ്രീശൻ (ബിജെപി): 29,860
2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ട്‌നില
യുഡിഎഫ്: 54,246
എൽഡിഎഫ്: 49,688
എൻഡിഎ: 28,665
2020 കോർപറേഷൻ തെരഞ്ഞെടുപ്പ് വോട്ട്‌നില
എൽഡിഎഫ്: 51,091
യുഡിഎഫ്: 35,781
എൻ ഡി എ: 32,395
വോട്ടർമാർ
ആകെ:1,75,129
സ്‌ത്രീകൾ: 92,376
പുരുഷന്മാർ: 82,748
ട്രാൻസ്‌ജെൻഡർ: 5