നവോത്ഥാനത്തിന്‌ വെളിച്ചമേകിയ നാട്‌

Monday Feb 22, 2021

ഗുരുവായൂർ >തൊട്ടുകൂടായ്മക്കും അയിത്താചാരങ്ങൾക്കുമെതിരെ ജനമനസ്സുണർത്തിയ സത്യഗ്രഹത്തിന്‌ സാക്ഷ്യം വഹിച്ച നാട്‌. കെ കേളപ്പൻ, കൃഷ്‌ണപിള്ള, എ കെ ജി തുടങ്ങിയവരുടെ  നേതൃത്വത്തിൽ നടന്ന   ഗുരുവായൂർ സത്യഗ്രഹം കേരള നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ലാണ്. ഈ മഹാപ്രക്ഷോഭത്തെത്തുടർന്ന്‌  ഗുരുവായൂർ ക്ഷേത്രത്തിൽ അവർണർ ഉൾപ്പെടെ എല്ലാ വിഭാഗം ഹിന്ദുക്കൾക്കും പ്രവേശനം ലഭിച്ചെന്നതും ചരിത്രം.

ഗുരുവായൂർ ക്ഷേത്രവും  പാലയൂർ പള്ളിയും മണത്തല ജുമാ മസ്ജിദും ഉൾപ്പെടുന്ന ഗുരുവായൂർ മണ്ഡലം മതസൗഹാർദത്തിന്റെ ഉത്തമ മാതൃകയാണ്‌.
 
ഗുരുവായൂർ, ചാവക്കാട്‌ നഗരസഭകൾ, ഒരുമനയൂർ, പൂന്നയൂർ, പുന്നയൂർക്കുളം, ഏങ്ങണ്ടിയൂർ, കടപ്പുറം, വടക്കേക്കാട്‌ പഞ്ചായത്തുകളും ചേർന്നതാണ്‌ ഗുരുവായൂർ മണ്ഡലം. ഗുരുവായൂർ സത്യഗ്രഹനാൾമുതൽക്കേ ഇടതുപക്ഷ ആശയങ്ങൾക്ക്‌ ശക്തമായ വേരോട്ടമുള്ള നാടാണ്‌ .
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഗുരുവായൂർ, ചാവക്കാട്‌ നഗരസഭയിലും ഒരുമനയൂർ, പൂന്നയൂർ, പുന്നയൂർക്കുളം, ഏങ്ങണ്ടിയൂർ പഞ്ചായത്തുകളിലും ഭരണം എൽഡിഎഫിനെയാണ്‌ ജനം ഏൽപ്പിച്ചത്‌. കടപ്പുറം, വടക്കേക്കാട് പഞ്ചായത്തിൽ യുഡിഎഫ്‌ ഭരണമാണ്‌.

കെ വി അബ്ദുൾ ഖാദർ എംഎൽഎയുടെ  ശ്രമഫലമായി ഗുരുവായൂർ നിവാസികളുടെ ചിരകാലാഭിലാഷമായ റെയിൽവേ മേൽപ്പാലം   ഒരു വർഷത്തിനകം  യാഥാർഥ്യമാകും.

കഴിഞ്ഞ അഞ്ചുവർഷം വികസനവേലിയേറ്റത്തിന്‌ സാക്ഷ്യം വഹിച്ച മണ്ഡലംകൂടിയാണ്‌ ഗുരുവായൂർ. മണ്ഡലത്തിലെ ഏഴു സ്‌കൂളുകളിൽ പുതിയ കെട്ടിടങ്ങൾ നിർമിച്ച്‌ ഹൈടെക് സൗകര്യമൊരുക്കി. മൂന്നു സ്‌കൂൾ കെട്ടിടങ്ങളുടെ നിർമാണം അന്തിമഘട്ടത്തിലാണ്‌.  2016ൽ എൽഡിഎഫിലെ സിപിഐ എം സ്ഥാനാർഥി കെ വി അബ്ദുൾ ഖാദർ, യുഡിഎഫിലെ പി എം സാദിഖ് അലിയെ 15,098 വോട്ടുകൾക്കാണ്‌ പരാജയപ്പെടുത്തിയത്‌.

ഗുരുവായൂരിലെ എംഎൽഎമാർ

1957–- പി കെ കോരുമാസ്‌റ്റർ (കമ്യൂണിസ്‌റ്റ്‌ സ്വതന്ത്രൻ)
1965–-   പി കെ അബ്ദുൾ മജീദ് (സിപിഐ എം സ്വതന്ത്രൻ)
1967–- ബി വി സീതിതങ്ങൾ (ഇടതു സ്വതന്ത്രൻ)
1970–- വർക്കി വടക്കൻ (കെടിപി)
1977, 80–- ബി വി സീതിതങ്ങൾ (മുസ്ലിംലീഗ്)
1982, 87, 01–- പി കെ കെ ബാവ (മുസ്ലിംലീഗ്)
1991–- പി എം അബൂബക്കർ (മുസ്ലിംലീഗ്)
1994 ഉപതെരഞ്ഞെടുപ്പ്‌, 1996–- പി ടി കുഞ്ഞുമുഹമ്മദ്‌ (എൽഡിഎഫ്‌)
2006, 2011, 2016–- കെ വി അബ്ദുൾഖാദർ.