ജനകീയ കരുത്തിൽ വീണ്ടെുത്ത വടക്കാഞ്ചേരി
Monday Feb 22, 2021
സ്വന്തം ലേഖകന്‍
വടക്കാഞ്ചേരി> ഒരേ സമയം നിയമസഭയിലേക്ക് രണ്ട്‌പേരെ തെരഞ്ഞെടുക്കുന്ന ദ്വയാംഗ മണ്ഡലം പുതുതലമുറക്ക് അറിയില്ല. വടക്കാഞ്ചേരിയുടെ തുടക്കം ഇങ്ങനെയാണ്. ചരിത്രപ്രസിദ്ധമായ മണിമലർക്കാവ് മാറുമറയ്‌ക്കൽ സമരത്തിന്റെ സ്‌മരണകളും വാഴാനി കനാൽ സമരവും മിച്ചഭൂമി സമരവുമല്ലാം ഇവിടെ തുടിക്കും. ഭൂമിശാസ്ത്രപരമായ മാറ്റങ്ങളോടെയാണ് ഇപ്പോഴത്ത മണ്ഡലം. മഹാദുരന്തം വിഴുങ്ങിയ കുറാഞ്ചേരിയെ സർക്കാരും ജനങ്ങളുമൊന്നായി വീണ്ടെടുക്കുന്ന ദൃശ്യങ്ങൾ കാണാം. പാവപ്പെട്ടവർക്കുള്ള വീട്‌മുടക്കുന്ന ദുഷ്ടശക്തികളുടെ അപഹാസ്യപ്രകടങ്ങളും ഏകാഭിനയവും കസർത്തുകാട്ടി.
മച്ചാട് മാമാങ്കവും ഉത്രാളിപ്പൂരവും വടക്കാഞ്ചേരി ഒരുമയുടെ പ്രതീകങ്ങളാണ്. വിലങ്ങൻകുന്നിന്റെ മുകളിൽ കയറിയാൽ മനസ്സ് കുളിരും കാഴ്‌ചകളേറെ. എൽഡിഎഫ് സർക്കാരിന്റെ ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ അഭിമാനകരമായ സംഭാവനയായ ആരോഗ്യ സർവകലാശാലാ ആസ്ഥാനം ഇവിടെയാണ്. ഗവ. മെഡിക്കൽ കോളേജും അമല മെഡിക്കൽ കോളേജുമുൾപ്പെടെ രണ്ട് മെഡിക്കൽ കോളേജുകളുള്ള മണ്ഡലം. വ്യവസായക്കുതിപ്പിൽ മുന്നേറ്റമായി അത്താണിയിൽ സിൽക്കും എസ്‌ഐഎഫ്എല്ലുമെല്ലാം തലയുയർത്തി നിൽക്കുന്നു. വീണ്ടെടുത്ത വടക്കാഞ്ചേരി പ്പുഴ ജനകീയ കരുത്തിന്റെ വിളംബരമാവുന്നു.
വടക്കാഞ്ചേരി നഗരസഭയും തെക്കുംകര, മുളങ്കുന്നത്തുകാവ്, അവണൂർ, കയ്പറമ്പ്, തോളൂർ, അടാട്ട്, കോലഴി എന്നിങ്ങനെ എട്ടു പഞ്ചായത്തുകളാണ് മണ്ഡലത്തിൽ. ഇതിൽ മുളങ്കുന്നത്തുകാവ് തോളൂർ എന്നിവ ഒഴികെ മറ്റിടങ്ങൾ ഇടതുഭരണത്തിലാണ്.
2004ൽ നടന്ന ഉപതെരഞ്ഞെടുപ്പ് വടക്കാഞ്ചേരിയുടെ തെരഞ്ഞെടുപ്പു ചരിത്രപ്രസിദ്ധം.
മന്ത്രിക്കുപ്പായമണിഞ്ഞെത്തിയ കെ മുരളീധരനെ സിപിഐ എമ്മിലെ എ സി മൊയ്തീൻ നിലം തൊടീച്ചില്ല. പിന്നീട് മണ്ഡല ഘടനയിൽ മാറ്റംവന്നു. നിലവിൽ കോൺഗ്രസിലെ അനിൽ അക്കരയാണ് എംഎൽഎ. കേവലം 43 വോട്ടിനായിരുന്നു കഴിഞ്ഞതവണ ഭൂരിപക്ഷം. മണ്ഡലവികസനത്തിൽ എംഎൽഎ മുഖം തിരിച്ചുവെന്നാണ് ജനങ്ങളുടെ ആക്ഷേപം. എന്നാൽ സർക്കാർ മുഖംതിരിച്ചില്ല. മന്ത്രി എ സി മൊയ്‌തീൻ മുൻകൈയെടുത്ത് ഒട്ടേറെ പദ്ധതികൾ നടപ്പാക്കി. മെഡിക്കൽ കോളേജിന്റെ മുഖച്ഛായ മാറ്റും വിധം പദ്ധതികൾ നടപ്പാക്കി. വടക്കാഞ്ചേരി ഗേൾസ് ഹൈസ്‌കൂൾ ഹൈടെക്കാക്കി. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളും പുരോഗമിക്കുകയാണ്. വടക്കാഞ്ചേരി ജില്ലാ ആശുപത്രി മികവിന്റെ കേന്ദ്രമായി. വടക്കാഞ്ചേരി ബൈപ്പാസിന് 20 കോടി അനുവദിച്ചു. ഉരുൾപ്പൊട്ടലിൽ തകർന്ന കുറാഞ്ചേരിയെ വീണ്ടെടുത്തു. ഗതാഗതക്കുരുക്കിന് പരിഹാരമേകി പുഴയ്‌ക്കൽ പാലം യാഥാഥ്യമാക്കി.
ഇവർ എംഎൽഎമാർ
1957ലും 60ലും ദ്വയാംഗ മണ്ഡലമായിരുന്ന വടക്കാഞ്ചേരിയിൽ യാഥാക്രമം സി സി അയ്യപ്പൻ (സിപിഐ), കെ കൊച്ചുകുട്ടൻ (കോൺ), കെ ബാലകൃഷ്ണമേനോൻ (പിഎസ് പി), കെ കൊച്ചുകുട്ടൻ (കോൺ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. 1965, 67 പ്രൊഫ. എൻ കെ ശേഷൻ (എസ്‌എസ്‌പി), 70 എ എസ് എൻ നമ്പീശൻ (സിപിഐ എം), 77, 80, 82, 87, 91 കെ എസ് നാരായണൻ നമ്പൂതിരി (കോൺ), 96ലും 2001ലും വി ബാലറാം (കോൺ) 2004 ഉപതെരഞ്ഞെടുപ്പ്, 2006 എ സി മൊയ്‌തീൻ (സിപിഐ എം), 2011 സി എൻ ബാലകൃഷ്‌ണൻ ( കോൺ), 2016 അനിൽ അക്കര ( കോൺ).