ഇത് വള്ളുവനാടിന്റെ ഹൃദയപക്ഷം
Tuesday Feb 23, 2021
ജോൺസൺ പി വർഗീസ്
പാലക്കാട്> നിളാനദിയും നെൽപ്പാടങ്ങളും സുന്ദരമാക്കിയ ഒറ്റപ്പാലം ഒരുകാലത്തെ മലയാള സിനിമയുടെ സ്ഥിരം ലൊക്കേഷനായിരുന്നു. അനങ്ങൻമലയും തിരുവില്വാമലയുമൊക്കെ ഒറ്റപ്പാലത്തിന്റെ തലയെടുപ്പാണ്.
കുഞ്ചൻ നമ്പ്യാരുടെയും ചിനക്കത്തൂർ പൂരത്തിന്റെയും കൈത്തറിയുടെയും നാട്... തോൽപ്പാവക്കൂത്തും കലാരൂപങ്ങളും നിറഞ്ഞുനിൽക്കുന്ന ഈ വള്ളുവനാടൻ നിളാതീരത്തിന് ഇന്ന് ഇഷ്‌ടം ഇടതുചേർന്നൊഴുകാനാണ്.
ഗ്രാമ്യ സൗന്ദര്യംപോലെത്തന്നെ കൃഷിയെ ആശ്രയിക്കുന്നവരാണ് ഏറെയും. അടിസ്ഥാന ജനവിഭാഗങ്ങളുടെ രാഷ്‌ട്രീയ നിലപാട് എക്കാലത്തും ചുവപ്പായിരുന്നു. ഒറ്റപ്പാലം നഗരസഭയും അമ്പലപ്പാറ, കടമ്പഴിപ്പുറം, കരിമ്പുഴ, ലെക്കിടി -പേരൂർ, പൂക്കോട്ടുകാവ്, ശ്രീകൃഷ്ണപുരം, തച്ചനാട്ടുകര എന്നീ പഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് മണ്ഡലം. 1957 മുതൽ 2016 വരെയുള്ള 15 നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രം പരിശോധിച്ചാൽ 1977ഉം 1987ഉം ഒഴികെ 13 തവണ മണ്ഡലം ഇടതുപക്ഷത്തിനൊപ്പം അടിയുറച്ചുനിന്നു. 1967-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ സാക്ഷാൽ ഇന്ദിരാഗാന്ധിതന്നെ ഒറ്റപ്പാലത്ത് നേരിട്ടെത്തി. അന്ന് ഒറ്റപ്പാലം പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലാണ്. സിപിഐ എം സ്ഥാനാർഥി സി കെ ചക്രപാണിയെ പരാജയപ്പെടുത്താനായിരുന്നു ഇന്ദിരാഗാന്ധിയുടെ വരവ്. കോൺഗ്രസ് സ്ഥാനാർഥിയായി വി ഈച്ചരനായിരുന്നു രംഗത്ത്. മത്സരഫലം വന്നപ്പോൾ സി കെ ചക്രപാണി വിജയിച്ചു.
ഇ കെ ഇമ്പിച്ചിബാവയുടെ പിൻഗാമിയായാണ് സി കെ ചക്രപാണി കളത്തിലിറങ്ങിയത്. 1957ൽ സിപിഐയുടെ കുഞ്ഞുണ്ണി നായരുടെ വിജയംമുതൽ അഞ്ച് തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ഇടതുപക്ഷ സ്ഥാനാർഥികൾ ഒറ്റപ്പാലത്തുനിന്ന് നിയമസഭയിലെത്തി. 1977ൽ പി ബാലനും 1987ൽ കെ ശങ്കരനാരായണനെയും മാറി പരീക്ഷിച്ചെങ്കിലും വീണ്ടും എൽഡിഎഫ് വിജയരഥം ഉരുണ്ടു.
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയാണ് വിജയിച്ചതെങ്കിലും എൽഡിഎഫ് സ്ഥാനാർഥി എം ബി രാജേഷിന് 6,100 വോട്ടുകൾ മണ്ഡലത്തിൽനിന്ന് കൂടുതൽ കിട്ടി. 2020 തദ്ദേശ തെരഞ്ഞെടുപ്പിലും വൻ മുന്നേറ്റമാണ് എൽഡിഎഫ് കാഴ്‌ചവച്ചത്. തൊട്ടുപിന്നിലുള്ള യുഡിഎഫിനേക്കാൾ കാൽലക്ഷത്തിനടുത്ത് വോട്ടുകൾ എൽഡിഎഫ് അധികം നേടി. തച്ചനാട്ടുകര ഒഴികെ മുഴുവൻ പഞ്ചായത്തുകളിലും ഒറ്റപ്പാലം നഗരസഭയിലും തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് അധികാരത്തിലേറി.
ഒറ്റപ്പാലം നിയമസഭാ വിജയികൾ 1957 മുതൽ
1957
കുഞ്ഞുണ്ണി നായർ (സിപിഐ)–-16,157
സുന്ദര അയ്യർ (കോൺഗ്രസ്)–- 15,248
ഭൂരിപക്ഷം–-909.
1960
കുഞ്ഞുണ്ണി നായർ (സിപിഐ)–-24,741
ചന്ദ്രശേഖരക്കുറുപ്പ് (പിഎസ്‌പി)–18,118
ഭൂരിപക്ഷം–- 6,623.
1965
പി പി കൃഷ്‌ണൻ (സിപിഐ എം)–-20,802
കെ ശങ്കരനാരായണൻ (കോൺഗ്രസ്)–-12,560
ഭൂരിപക്ഷം–-8242.
1967
പി പി കൃഷ്‌ണൻ (സിപിഐ എം)–-21,086
എം എൻ കുറുപ്പ് -(കോൺഗ്രസ്)–- 13,123
ഭൂരിപക്ഷം–-7,963.
1970
പി പി കൃഷ്‌ണൻ (സിപിഐ എം)–- 22,056
ലീല ദാമോദര മേനോൻ (കോൺഗ്രസ്)–- 19,817
ഭൂരിപക്ഷം–-2,239.
1977
പി ബാലൻ (കോൺഗ്രസ്)–30,937
കെ പി ഉണ്ണി (സിപിഐ എം)–-24,120
ഭൂരിപക്ഷം–-6,817.
1980
വി സി കബീർ–(എൽഡിഎഫ്)–- 23,683
പിആർ നമ്പ്യാർ (യുഡിഎഫ്)–- 20,499
ഭൂരിപക്ഷം–-3,184.
1982
വി സി കബീർ(എൽഡിഎഫ്)–-27,689
പി ബാലൻ(യുഡിഎഫ്)–-23,994
ഭൂരിപക്ഷം–3,695.
1987
കെ ശങ്കരനാരായണൻ (യുഡിഎഫ്)–-38,237
വി സി കബീർ (എൽഡിഎഫ്)–-36,527
ഭൂരിപക്ഷം–-4,710.
1991
വി സി കബീർ (എൽഡിഎഫ്)–- 42,771
കെ ശങ്കരനാരായണൻ (യുഡിഎഫ്)–- 38,501
ഭൂരിപക്ഷം–-4,270.
1996
വി സി കബീർ (എൽഡിഎഫ്)–-40,615
കെ വി പ്രഭാകരൻ നമ്പ്യാർ (യുഡിഎഫ്)–- 33,257
ഭൂരിപക്ഷം–-7,358.
2001
വി സി കബീർ (എൽഡിഎഫ്)–- 57,895
സി വി ബാലചന്ദ്രൻ (യുഡിഎഫ്)–-40,045
ഭൂരിപക്ഷം–- 17,850.
2006
എം ഹംസ (സിപിഐ എം)–-63,447
വി സി കബീർ–-39,104
ഭൂരിപക്ഷം–-24,343.
2011
എം ഹംസ (സിപിഐ എം)–-65,023
വി കെ ശ്രീകണ്ഠൻ (യുഡിഎഫ്)–-51,820
ഭൂരിപക്ഷം–-13,203.
2016
പി ഉണ്ണി (സിപിഐ എം)–- 67,161
ഷാനിമോൾ ഉസ്‌മാൻ (യുഡിഎഫ്)–-51,073
ഭൂരിപക്ഷം–-16,088.
ലോക്‌സഭ 2019
വി കെ ശ്രീകണ്ഠൻ (യുഡിഎഫ്)–- 54,386
എം ബി രാജേഷ് (എൽഡിഎഫ്)–-60,846
സി കൃഷ്‌ണകുമാർ(എൻഡിഎ)–- 35,683
എം ബി രാജേഷിന്റെ ഭൂരിപക്ഷം–-6,100.
തദ്ദേശ തെരഞ്ഞെടുപ്പ് 2020
എൽഡിഎഫ്–- 73,042
യുഡിഎഫ്– 49,958-
എൻഡിഎ–- 33,823
എൽഡിഎഫിന്റെ ഭൂരിപക്ഷം–-23,084.