കോവിഡിൽ ആദിത്യനാഥിന്‌ കണക്കുകളി

Tuesday Feb 23, 2021

തിരുവനന്തപുരം
കോവിഡ്‌ നിയന്ത്രണ നടപടിയിൽ‌ ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി ആദിത്യനാഥ്‌‌ കേരളത്തെ ആക്ഷേപിച്ചത്‌ വസ്തുതകൾ മറച്ച്‌. പരിശോധന, പോസിറ്റിവിറ്റി, മരണനിരക്ക്‌, ചികിത്സാ സൗകര്യങ്ങൾ തുടങ്ങി എല്ലാ മേഖലയിലും ഉത്തർപ്രദേശ്‌ ഇന്ത്യൻ ശരാശരിയേക്കാൾ പിന്നിലാണ്‌‌.  ഒരു ഘട്ടത്തിൽപോലും കേരളവുമായി യുപിയെ താരതമ്യം ചെയ്യാനുമാവില്ല.  കേന്ദ്രം പലപ്പോഴായി എടുത്ത നടപടി തന്നെ ഉത്തർപ്രദേശിലെ യഥാർഥ അവസ്ഥ കാണിച്ചു.

24 കോടി ജനസംഖ്യയുള്ള ഉത്തർപ്രദേശും മൂന്നര കോടിയുള്ള കേരളവും തമ്മിൽ പ്രതിദിന പരിശോധനയിലുള്ള വ്യത്യാസം പലപ്പോഴും അയ്യായിരത്തിൽ താഴെ. ദശലക്ഷംപേരിലുള്ള പരിശോധനാ മാനദണ്ഡപ്രകാരം ഇന്ത്യയിൽ മുന്നിലാണ്‌ കേരളം. മരണ നിരക്കിലാകട്ടെ ഏറ്റവും പിന്നിലും. ഇന്ത്യൻ ശരാശരി 1.43, കേരളം‌ 0.35 ശതമാനം‌.

ഒടുവിൽ വന്ന ഐസിഎംആർ സെറൊളജിക്കൽ സർവിലൻസ്‌ റിപ്പോർട്ടിലും കേരളത്തിന്റെ നടപടികൾ ഫലം കണ്ടു എന്ന്‌ വ്യക്തമാക്കി‌. രോഗവ്യാപനം തടയുന്നതിലും രോഗികളെ കണ്ടെത്തി ചികിത്സിക്കുന്നതിലും  മുന്നിലെന്ന്‌  സമർഥിക്കുന്നു. ആറു രോഗികളിൽ ഒരാളെ കണ്ടെത്തി ചികിത്സിക്കാൻ കേരളത്തിന്‌ കഴിയുമ്പോൾ ഇന്ത്യൻ ശരാശരി മുപ്പതിൽ ഒന്നാണ്‌. മുപ്പതിന്‌ തൊട്ടു ചുവടെ യുപി യുടെ സ്ഥാനം. മരണനിരക്ക്‌ പരമാവധി കുറയ്‌ക്കൽ, കർശന നിയന്ത്രണ നടപടി എന്ന ലക്ഷ്യം ഇവിടെ വിജയം കണ്ടുവെന്നാണ് വിവിധ‌ റിപ്പോർട്ടുകൾ സാക്ഷ്യപ്പെടുത്തുന്നത്‌.

രണ്ട്‌ മന്ത്രിമാരും ഡോക്ടർമാരുമടക്കം കോവിഡിനിരയായി വലിയ ആഘാതമാണ്‌ യുപിയിലുണ്ടായത്‌. പരിശോധന  കൃത്യമായിരുന്നില്ല. ഐസിഎംആർ തന്നെ കൂടുതൽ ലബോറട്ടറിക്ക്‌ നിർദേശം നൽകി. എല്ലാ ബസ്‌സ്‌റ്റാൻഡിലും പരിശോധനയെന്ന ആദിത്യനാഥിന്റെ പ്രഖ്യാപനം വലിയ തമാശയായിരുന്നു. ഒരാളെപോലും പരിശോധിക്കാത്ത  ബസ്‌സ്‌റ്റാൻഡുകളുടെ ദൃശ്യങ്ങൾ ചാനലുകൾ ലൈവാക്കി. ആഗ്രയിലടക്കം പരിശോധനയുടെ കള്ളക്കണക്ക്‌ പ്രചരിപ്പിച്ചപ്പോൾ പ്രിയങ്ക ഗാന്ധി ട്വീറ്റ്‌ ചെയ്തു. അന്ന്‌ പ്രിയങ്കയ്‌ക്കെതിരെ കേസെടുക്കുകയാണ്‌ ചെയ്തത്‌. ഗാസിയബാദ്‌, ബാഗ്‌പത്ത്‌, നോയിഡ ജില്ലകളിൽ പരിശോധന ഉടൻ വർധിപ്പിക്കാൻ നിർദേശിച്ചത്‌ ആഭ്യന്തരമന്ത്രി അമിത്‌ഷാ. രോഗവ്യാപനത്തെ തുടർന്ന്‌ പട്ടിണി വ്യാപിച്ചപ്പോൾ സഹായം അഭ്യർഥിച്ചവരോട്‌ കൈമലർത്തിയതിനും ആദിത്യനാഥ്‌ സർക്കാർ കുപ്രസിദ്ധം.