കാപ്പന്റെ കാര്യം യുഡിഎഫ്‌ ആലോചിക്കും: ചെന്നിത്തല

ജോസഫിന്‌ എട്ടിന്റെപണി; 
ജോർജിന്‌ 
ഉമ്മൻചാണ്ടി പാര

Tuesday Feb 23, 2021


കോട്ടയം
കോട്ടയം ഡിസിസിയുടെ എതി ർപ്പ്‌ കണക്കാക്കാതെ‌ പൂഞ്ഞാറിൽ പി സി ജോർജിനെ‌ പിന്തുണക്കാൻ ചെന്നിത്തല നീങ്ങുമ്പോൾ  മറുവിഭാഗം ഉമ്മൻചാണ്ടിയെ ആശ്രയിക്കുന്നു.  പൂഞ്ഞാർ അടക്കം‌ മോഹമുള്ള കോൺഗ്രസ്‌ നേതാക്കളും  ലീഗുകാരുമാണ്‌ ഉമ്മൻചാണ്ടിയെ കൊണ്ട്‌ ജോർജിനെ തടയുന്നത്‌. ഉമ്മൻചാണ്ടി നേരത്തെ തന്നെ ജോർജിന്‌ എതിരുമാണ്‌. ഉടൻ തീരുമാനിച്ചില്ലെങ്കിൽ മറ്റ്‌ വഴി തേടുമെന്ന്‌ പി സി ജോർജും വ്യക്തമാക്കി. ഐശ്വര്യ യാത്ര തീരുന്നതുവരെ കാക്കാനായിരുന്നു‌ പ്രതിപക്ഷ നേതാവിന്റെ നിർദേശം.

പതിനഞ്ചു സീറ്റ്‌ മോഹിച്ച്‌ നിൽക്കുന്ന പി ജെ ജോസഫിനെ എട്ടിൽ ഒതുക്കാനാണ്‌ നീക്കം‌.  നിനച്ചിരിക്കാതെ പാലാ പോയതും ജോസഫിന്റെ കടുംപിടുത്തവും കോൺഗ്രസിന്റെ മത്സരസാധ്യത നഷ്ടപ്പെടുത്തി. ഇതിലും നേതാക്കൾ അമർഷത്തിലാണ്‌. ജോസ്‌ കെ മാണി പോയതോടെ കൂടുതൽ സീറ്റിൽ മത്സരിക്കാമെന്ന പ്രതീക്ഷയിലായിരുന്നു നേതാക്കൾ.  ജോസഫ്‌ എത്രയിൽ ഒതുങ്ങുന്നുവെന്നതിൽ ആശ്രയിച്ചായിരിക്കും അത്‌‌.  15 സീറ്റിൽനിന്നും ‌ 11 എന്ന നിലപാട്‌ സ്വീകരിച്ചെങ്കിലും കോൺഗ്രസ്‌ ഗൗനിച്ചിട്ടേയില്ല. വിട്ടുവീഴ്‌ചയ്‌ക്ക്‌ ഒരുക്കമെന്ന്‌ മോൻസ്‌  ജോസഫ്‌ പലകുറി ആവർത്തിക്കുന്നുണ്ടെങ്കിലും ഫലമില്ല. സീറ്റ്‌ മോഹിച്ച്‌ ഒപ്പംചേർന്ന നേതാക്കളെ തൃപ്‌തിപ്പെടുത്താനാവാത്ത  ക്ലേശത്തിലാണ്‌‌ ജോസഫ്‌. ചങ്ങനാശേരി, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലും കോൺഗ്രസ്‌ നോട്ടമിട്ടിട്ടുണ്ട്‌.

കാപ്പന്റെ കാര്യം യുഡിഎഫ്‌ ആലോചിക്കും: ചെന്നിത്തല
മാണി സി കാപ്പന്റെ മുന്നണി പ്രവേശം യുഡിഎഫ്‌ തീരുമാനിക്കുമെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. കാപ്പന്റെ നേതൃത്വത്തിലുള്ള പാർടിയെ മുന്നണിയിൽ കക്ഷിയാക്കണമെന്ന‌ ചെന്നിത്തലയുടെ ആവശ്യത്തെ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ എതിർക്കുന്ന സാഹചര്യത്തിലാണ്‌ പ്രതികരണം. കാപ്പൻ കോൺഗ്രസിൽ ചേർന്ന്‌ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കണമെന്നതാണ്‌ മുല്ലപ്പള്ളിയുടെ ആവശ്യം. മുന്നണിയിലെ സീറ്റ്‌ ചർച്ച അടുത്ത ആഴ്‌ച പുനരാരംഭിക്കുമെന്ന്‌ ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇഎംസിസി എന്ന അമേരിക്കൻ കമ്പനിയുമായി ബന്ധമുള്ള എല്ലാ ധാരണപത്രങ്ങളും റദ്ദാക്കണമെന്ന്‌ ചെന്നിത്തല ആവശ്യപ്പെട്ടു. ഇവരുമായുള്ള ഒരു ധാരണപത്രം റദ്ദാക്കിയ സാഹചര്യം എന്തെന്നതിൽ  ജുഡീഷ്യൽ അന്വേഷണം വേണമെന്നും ചെന്നിത്തല പറഞ്ഞു.