പെരിയാറിന്റെ പെരുമ
Wednesday Feb 24, 2021
ആർ ഹേമലത
കൊച്ചി
പെരിയാറിന്റെ ഇരുകരകളിലുമായി സ്ഥിതിചെയ്യുന്ന മണ്ഡലമാണ് ആലുവ. ശ്രീനാരായണഗുരുവിന്റെ സർവമത സമ്മേളനവും മഹാശിവരാത്രിയും തിരുവിതാംകൂർ രാജാവിന്റെ കൊട്ടാരവും മാർത്താണ്ഡവർമ പാലവും നൂറു വർഷത്തിലേക്കു കടക്കുന്ന യുസി കോളേജും ആലുവയുടെ പെരുമയേറ്റുന്നു. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി മെട്രോയുടെ ആരംഭ കേന്ദ്രം, ഫെഡറൽ ബാങ്കിന്റെ ആസ്ഥാനമന്ദിരം എല്ലാം ഇവിടെ.
ആലുവ നഗരസഭയും, എടത്തല, ചൂർണിക്കര, കീഴ്മാട്, ചെങ്ങമനാട്, നെടുമ്പാശേരി, ശ്രീമൂലനഗരം, കാഞ്ഞൂർ എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് ആലുവ നിയമസഭാമണ്ഡലം. ചാലക്കുടി ലോകസഭാ മണ്ഡലത്തിലാണ് ഉൾപ്പെടുന്നത്. 92,632 പുരുഷന്മാരും 95,978 സ്‌ത്രീകളും ഒരു ട്രാൻസ്ജൻഡറുമടക്കം 1,88,611 വോട്ടർമാരാണ് മണ്ഡലത്തിൽ ഉള്ളത്.
ഇതുവരെ നടന്ന 15 തെരഞ്ഞെടുപ്പുകളിൽ 12 തവണ യുഡിഎഫിനായിരുന്നു വിജയം. 1967ൽ സ്വതന്ത്രനും 1980ൽ എൽഡിഎഫിലെ കോൺഗ്രസ് യു സ്ഥാനാർഥിയും 2006ൽ എൽഡിഎഫ് സ്ഥാനാർഥിയും ഇവിടെനിന്ന് ജയിച്ചു. 1980ൽ എൽഡിഎഫിലെ കോൺഗ്രസ് യു സ്ഥാനാർഥിയായി മത്സരിച്ച കെ മുഹമ്മദാലി യുഡിഎഫിലെ മുൻമന്ത്രി ടി എച്ച് മുസ്തഫയെ തോൽപ്പിച്ചു. പിന്നീട് യുഡിഎഫിലെത്തി തുടർച്ചയായി ജയിച്ച മുഹമ്മദാലി 2006ൽ സിപിഐ എമ്മിന്റെ എ എം യൂസഫിനോടു പരാജയപ്പെട്ടു. തുടർന്നുനടന്ന 2011, 2016 തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിലെ അൻവർ സാദത്ത് വിജയിച്ചു. എ ഗ്രൂപ്പിന്റെ കുത്തകയായിരുന്ന ആലുവ ഐ ഗ്രൂപ്പ് പിടിച്ചെടുക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിലെ വിജയികൾ
1957–- -ടി ഒ ബാവ (കോൺഗ്രസ്), 1960 -ടി ഒ ബാവ–- (കോൺഗ്രസ്), 1965–-വി പി മരക്കാർ (കോൺഗ്രസ്), 1967–-എം കെ എ ഹമീദ് (സ്വതന്ത്രൻ), 1970 -എ എ കൊച്ചുണ്ണി (കോൺഗ്രസ്), 1977-–- ടി എച്ച് മുസ്തഫ (യുഡിഎഫ്), 1980–- -കെ മുഹമ്മദാലി (കോൺ. യു), 1982–- -കെ മുഹമ്മദാലി (യുഡിഎഫ്), 1987–- കെ മുഹമ്മദാലി (യുഡിഎഫ്), 1991–കെ മുഹമ്മദാലി (യുഡിഎഫ്), 1996–-കെ മുഹമ്മദാലി (യുഡിഎഫ്), 2001-–- കെ മുഹമ്മദാലി (യുഡിഎഫ്), 2006–-എ എം യൂസഫ് (എൽഡിഎഫ്), 2011–- അൻവർ സാദത്ത് (യുഡിഎഫ്), 2016–അൻവർ സാദത്ത് (യുഡിഎഫ്).