പോരാട്ടത്തിനൊരുങ്ങി ‘പുതിയ’ നഗരം
Wednesday Feb 24, 2021
എം എസ‌് അശോകൻ
കൊച്ചി
വൈറ്റിലയിലും പാലാരിവട്ടത്തും പുതിയ മേൽപ്പാലം ഉയർന്നതുമാത്രമല്ല എറണാകുളത്തെ മാറ്റം. അതിരുകൾ മാറിയിട്ടില്ലെങ്കിലും വാണിജ്യനഗരം അടിമുടി മാറി. നഗരസഭയിലെ 29 മുതൽ 34 വരെയും 36 –-ാം ഡിവിഷനും 58 മുതൽ 74 വരെ ഡിവിഷനുകളും ചേരാനല്ലൂർ പഞ്ചായത്തുമുൾപ്പെട്ടതാണ് മണ്ഡലം. വോട്ടർമാരുടെ എണ്ണത്തിൽ ജില്ലയിലെ ഏറ്റവും ചെറുത്. ആകെ വോട്ടർമാർ 1,59,074. അതിൽ 77,884 പുരുഷന്മാരും 81,186 സ്‌ത്രീകളും നാല് ട്രാൻസ്‌ജൻഡർമാരും.
യുഡിഎഫിന്റെ ഉരുക്കുകോട്ട എന്ന വിശേഷണമുണ്ടായിരുന്നു ഒരുകാലത്ത്. ഐക്യകേരള രൂപീകരണത്തിനുശേഷം നടന്ന 18 തെരഞ്ഞെടുപ്പിൽ 16ലും യുഡിഎഫിനുതന്നെയായിരുന്നു ജയം. എൽഡിഎഫ് വിജയിച്ചത് രണ്ടുതവണമാത്രം. അതൊക്കെ പഴയകഥ. അതിൽ സംശയമുള്ളവർക്കുള്ള ഷോക്‌ട്രീറ്റ്‌മെന്റായിരുന്നു 2019 ഒക്‌ടോബറിലെ ഉപതെരഞ്ഞെടുപ്പ്. എന്നിട്ടും ബോധ്യംവരാത്തവർക്ക് കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പ് ഫലത്തോടെ നല്ലോണം നേരംവെളുത്തു. ഇനിയും ശങ്കിച്ചുനിൽക്കുന്നവർക്കുവേണ്ടിയാണ് ഇനി പറയുന്ന കണക്ക്.
കഴിഞ്ഞ ഡിസംബറിലെ തദ്ദേശതെരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിൽ ഉൾപ്പെട്ട മണ്ഡലത്തിലെ പകുതിയിലധികം ഡിവിഷനുകളിലും യുഡിഎഫിന് തോൽവിയാണുണ്ടായത്. 2019 ഒക്‌ടോബറിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് കിട്ടിയ ഭൂരിപക്ഷം വെറും 3750 വോട്ട്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അത് 21, 949 വോട്ടായിരുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണെങ്കിൽ 31,178 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. മണ്ഡലത്തിന്റെ സിംഹഭാഗമായ കൊച്ചി നഗരസഭയിൽ പത്തുവർഷത്തെ ഭരണമാണ് യുഡിഎഫിനെ കൈവിട്ടത്.
എംഎൽഎ പരിഹരിക്കേണ്ട മണ്ഡലത്തിലെ ജീവൽപ്രശ്‌നങ്ങൾക്കൊന്നും കഴിഞ്ഞ അഞ്ചുവർഷവും പരിഹാരമുണ്ടായിട്ടില്ല. എന്നാൽ, സംസ്ഥാന സർക്കാർ ഇടപെടൽ പലപ്പോഴും നഗരവാസികൾ അനുഭവിച്ചറിയുകയും ചെയ്‌തതാണ് ഈ മാറ്റത്തിനുകാരണം. വെള്ളക്കെട്ട് പരിഹരിക്കാനുള്ള സമഗ്ര പദ്ധതിമുതൽ കനാൽ, റോഡ് നവീകരണംവരെയുള്ള കാര്യങ്ങളിലെ സർക്കാർ ഇടപെടലിനെ ഹൈക്കോടതിയും പ്രശംസിച്ചു.
വിജയികൾ ഇവർ
കേരളപ്പിറവിമുതൽ തുടർച്ചയായ എട്ട് തെരഞ്ഞെടുപ്പിലും യുഡിഎഫിലെ എ എൽ ജേക്കബ്, പി ജെ അലക്‌സാണ്ടർ, അലക്‌സാണ്ടർ പറമ്പിത്തറ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. 1987ൽ പ്രൊഫ. എം കെ സാനുവിലൂടെ എറണാകുളം ഇടതുപക്ഷത്തായി. 1991ലും 96ലും ജോർജ് ഈഡൻ വിജയിച്ചു. 98ലെ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്രൻ ഡോ. സെബാസ്‌റ്റ്യൻ പോൾ വിജയംകുറിച്ചു. 2001ലും 2006ലും കെ വി തോമസിലൂടെയും 2009ലെ ഉപതെരഞ്ഞെടുപ്പിലും 2011ലും 2016ലും ഹൈബി ഈഡനിലൂടെയും യുഡിഎഫ് മണ്ഡലം നിലനിർത്തി. ഉപതെരഞ്ഞെടുപ്പുകളിൽ പൊറുതിമുട്ടിയ മണ്ഡലംകൂടിയാണിത്. ജോർജ് ഈഡനും കെ വി തോമസും കാണിച്ച പാതയിൽത്തന്നെയായിരുന്നു ഹൈബി ഈഡനും. എംഎൽഎ സ്ഥാനം രാജിവച്ച് ലോക്‌സഭാംഗമായപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുവർഷം ബാക്കിനിൽക്കെയാണ് 2019ലെ ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കപ്പെട്ടത്.