മാറി മറിയാൻ കടുത്തുരുത്തി

Wednesday Feb 24, 2021
സിബി ജോർജ്‌

കോട്ടയം> കേരള കോൺഗ്രസിന്റെ ശക്തികേന്ദ്രമായാണ്‌ കടുത്തുരുത്തി നിയോജകമണ്ഡലം അറിയപ്പെടുന്നത്‌. രാഷ്ട്രീയ സാഹചര്യങ്ങൾ മാറി വന്ന ഘട്ടങ്ങളിൽ എൽഡിഎഫും വിജയിച്ചു‌. കേരള കോൺഗ്രസ്‌ എമ്മിൽ നിന്ന്‌ പുറത്തായ പി ജെ ജോസഫ്‌ വിഭാഗത്തിന്റെ രാഷ്ട്രീയ ഗതി ഇത്തവണ പരീക്ഷിക്കപ്പെടുന്ന മണ്ഡലമാണിത്‌. കേരള കോൺഗ്രസ്‌ എമ്മിന്റെ പിന്തുണ നഷ്ടമായതോടെ ഒറ്റപ്പെട്ട അവസ്ഥയിലാണ്‌ നിലവിലെ എംഎൽഎ മോൻസ്‌ ജോസഫ്‌.

എൽഡിഎഫിന്‌ അനുകൂലമാണ്‌ കടുത്തുരുത്തിയിലെ പുതിയ രാഷ്ട്രീയ കാലാവസ്ഥ. മണ്ഡലത്തിൽ ഉൾപ്പെട്ട 11 പഞ്ചായത്തുകളിൽ പത്തും, രണ്ട്‌ ബ്ലോക്ക് പഞ്ചായത്തുകളും, അഞ്ച് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ നാലും എൽഡിഎഫ്‌ വിജയിച്ചു. ജില്ലാ പഞ്ചായത്തിൽ 10824 വോട്ടിന്റെ ഭൂരിപക്ഷം എൽഡിഎഫിനുണ്ട്‌.

യുഡിഎഫിന്റെ ഭാഗമായി മോൻസ് മത്സരിച്ചപ്പോൾ കേരള കോൺഗ്രസിന്റെ വോട്ടിലാണ് വിജയിച്ചത്. പത്തുവർഷമായി പുതുതായി ഒരു വികസന പ്രവർത്തനവും നടത്താത്തത്‌ ചർച്ചയാണ്. എൽഡിഎഫിന്റെ കാലത്ത് കൊണ്ടുവന്ന വികസന പ്രവർത്തനങ്ങൾ മാത്രമാണ് ഇപ്പോഴുമുള്ളത്. കടുത്തുരുത്തി ബൈപ്പാസ് റോഡ് നിർമാണം മുടങ്ങിയതും റോഡുകളുടെ ശോച്യാവസ്ഥയും ജനവികാരം എതിരാക്കി‌.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകൾ ഹൈടെക്‌ ആക്കിയതും കേന്ദ്രസർക്കാർ ഉപേക്ഷിച്ച എച്ച്‌എൻഎൽ ഏറ്റെടുക്കാനുള്ള തീരുമാനവും കടുത്തുരുത്തിക്കാർക്കിടയിൽ വലിയ ചലനം സൃഷ്ടിച്ചു.
എച്ച്‌എൻഎൽ ഭൂമിയിൽ റബറധിഷ്‌ഠിത കമ്പനി വരുന്നത്‌ റബർ കർഷകരെയും സന്തോഷിപ്പിക്കുന്നു. 
   
സാധാരണക്കാർക്കായുള്ള ലൈഫ്‌ ഭവന നിർമാണ പദ്ധതി, വവിധ ക്ഷേമപെൻഷനുകളുടെ തുക വർധിപ്പിക്കൽ, റേഷൻകടകളിലൂടെയുള്ള ഭക്ഷ്യകിറ്റ്‌ വിതരണം ഇവയൊക്കെ ജനങ്ങളെ സ്വാധീനിച്ചു.  

ഇടതുമുന്നണിയുടെ ഭാഗമായി നിന്ന് കടുത്തുരുത്തിയിൽ നിന്ന് ജയിക്കുകയും മന്ത്രിയാവുകയും ചെയ്ത മോൻസിന്റെ അവസരവാദ രാഷ്ട്രീയവും ഇരട്ടത്താപ്പും വോട്ടർമാർക്ക്‌ നന്നായറിയാം. 1957 മുതൽ നടന്ന തെരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസും കോൺഗ്രസും പലവട്ടം ഇടതുപക്ഷ സ്ഥാനാർഥികളും ഇവിടെ വിജയിച്ചിട്ടുണ്ട്‌.  

കടുത്തുരുത്തി നയിച്ചവർ


1957 എം സി എബ്രഹാം
1960 എബ്രഹാം ചുമ്മാർ
1965 ജോസഫ് ചാഴികാടൻ
1970 ഒ ലൂക്കോസ്
1971  ഒ ലൂക്കോസ്
1980 ഒ ലൂക്കോസ്
1982 പി സി തോമസ്
1987 പി സി തോമസ്
1991 പിഎം മാത്യു
1996 മോൻസ് ജോസഫ്
2001 സ്റ്റീഫൻ ജോർജ്
2006 മോൻസ് ജോസഫ്
2011 മോൻസ് ജോസഫ്
2016  മോൻസ്‌ ജോസഫ്

ഉൾപ്പെടുന്ന പഞ്ചായത്തുകൾ
മീനച്ചിൽ താലൂക്കിൽ പെടുന്ന കടപ്ലാമറ്റം, കാണക്കാരി, കിടങ്ങൂർ, കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂർ, വെളിയന്നൂർ പഞ്ചായത്തുകളും വൈക്കം താലൂക്കിൽ ഉൾപ്പെടുന്ന കടുത്തുരുത്തി,  മാഞ്ഞൂർ,  മുളക്കുളം, ഞീഴൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കടുത്തുരുത്തി നിയമസഭാ മണ്ഡലം.

വോട്ടർമാർ ആകെ 1,84,913
പുരുഷന്മാർ 90,631
സ്ത്രീകൾ 94,280
ട്രാൻസ്ജെൻഡറുകൾ 2

2020  തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടുനില

എൽഡിഎഫ് 59,480
യുഡിഎഫ് 49,990
എൻഡിഎ 16643