നിലമ്പൂർ: തലയെടുപ്പോടെ തേക്കിൻനാട്
Wednesday Feb 24, 2021
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വീശിയ മാറ്റത്തിന്റെ കാറ്റിലാണ് മലയോരം. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഉരുക്കുകോട്ടയായ നിലമ്പൂരിൽ ആ കാറ്റ് ശക്തമായി വീശി. മണ്ഡലം കൂടുതൽ ഇടതുപക്ഷത്തേക്ക് തിരിയുന്നതിന്റെ ദിശാസൂചിക. അതിന്റെ കരുത്തും ഊർജവുമായാണ് തേക്കിന്റെ നാട് ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്.
ജില്ലയിൽ കൂടുതൽ വിസ്തൃതിയും ആദിവാസി വിഭാഗത്തിലെ വോട്ടർമാരുമുള്ള മണ്ഡലം. ചാലിയാർപ്പുഴയും പശ്ചിമഘട്ടവും സന്ധിക്കുന്നിടം. കലാ–-സാംസ്കാരിക രംഗത്ത് ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ച ഭൂമിക.- വനാതിർത്തി പങ്കിടുന്ന വഴിക്കടവ്, പോത്തുകല്ല്, ചുങ്കത്തറ, മൂത്തേടം, കരുളായി, എടക്കര, അമരമ്പലം പഞ്ചായത്തുകളും നിലമ്പൂർ നഗരസഭയും ഉൾപ്പെട്ടതാണ് ഭൂപരിധി.
അനശ്വര രക്തസാക്ഷി കുഞ്ഞാലിയുടെ ഓർമകളുടെ കനൽച്ചൂരുള്ള മണ്ണാണ് നിലമ്പൂർ. ഏറനാടിന്റെ വിപ്ലവ പോരാളിയുടെ സമരഭൂമി. 1965ൽ മണ്ഡലം രൂപംകൊണ്ട തെരഞ്ഞെടുപ്പിൽ വിജയിച്ച് അദ്ദേഹം ആദ്യ എംഎൽഎയായി. 1967ൽ വിജയം ആവർത്തിച്ചു. 1969ൽ എംഎൽഎയായിരിക്കെയാണ് കുഞ്ഞാലിയെ കോൺഗ്രസുകാർ വെടിവച്ച് കൊല്ലുന്നത്. തുടർന്ന് നടന്ന തെരഞ്ഞെടുപ്പുകളിൽ മണ്ഡലം യുഡിഎഫിനൊപ്പം നിന്നു.
1982ൽ ടി കെ ഹംസയിലൂടെ സിപിഐ എം തിരിച്ചുപിടിച്ചു. പിന്നീട് തുടർച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ച ആര്യാടൻ മുഹമ്മദ് വിവിധ മന്ത്രിസഭകളിൽ അംഗമായി. എൽഡിഎഫിലെ പി വി അൻവറാണ് ഇപ്പോൾ എംഎൽഎ. 2016ൽ
യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെ 11,504 വോട്ടിന് പരാജയപ്പെടുത്തിയാണ് എൽഡിഎഫ് മണ്ഡലം തിരികെനേടിയത്. പ്രളയത്തിൽ തകർന്ന മലയോര ജനതയെ ഇച്ഛാശക്തിയോടെ ചേർത്തുപിടിക്കാൻ എംഎൽഎക്കായി. സർക്കാർ നടപ്പാക്കിയ പുനരധിവാസ പദ്ധതികളും ജനമനസ്സിൽ ഇടംനേടി.
മലയോര ഹൈവേ നിർമാണം, നാടുകാണി ചുരംപാത വികസനം, നിലമ്പൂർ മിനി സ്റ്റേഡിയം, മിനി സിവിൽ സ്റ്റേഷൻ കെട്ടിടം, മുഴുവൻ സർക്കാർ സ്കൂളുകളും ഹൈടെക് എന്നിവ ഉൾപ്പെടെ സമാനതകളില്ലാത്ത വികസന മുന്നേറ്റത്തിനാണ് മണ്ഡലം സാക്ഷ്യംവഹിച്ചത്.
●തദ്ദേശ തെരഞ്ഞെടുപ്പ് 2020
നിലമ്പൂർ നഗരസഭ പിടിച്ചെടുത്ത എൽഡിഎഫ് പോത്തുകല്ല്, അമരമ്പലം പഞ്ചായത്തുകളും നേടി. വഴിക്കടവ്, ചുങ്കത്തറ, മൂത്തേടം, എടക്കര, കരുളായി പഞ്ചായത്തുകൾ -യുഡിഎഫ് വിജയിച്ചു. മണ്ഡലത്തിന്റെ സിംഹഭാഗം വരുന്ന വഴിക്കടവ് ജില്ലാ പഞ്ചായത്ത് ഡിവിഷൻ 2494 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് പിടിച്ചെടുത്തു.
നിയമസഭാ തെരഞ്ഞെടുപ്പ് ഇതുവരെ
●1965, 1967–- കെ കുഞ്ഞാലി (സിപിഐ എം)
●1970, 1971–- എം പി ഗംഗാധരൻ (കോൺഗ്രസ്)
●1977–- ആര്യാടൻ മുഹമ്മദ് (കോൺഗ്രസ്)
●1980 (പൊതുതെരഞ്ഞെടുപ്പും ഉപതെരഞ്ഞെടുപ്പും)–- ആര്യാടൻ മുഹമ്മദ് (ആന്റണി കോൺഗ്രസ്)
●1982–-ടി കെ ഹംസ (സിപിഐ എം)
●1987, 1991, 1996, 2001, 2006, 2011–- ആര്യാടൻ മുഹമ്മദ് (കോൺഗ്രസ്)
●2016 നിയമസഭാ തെരഞ്ഞെടുപ്പ് വോട്ട് നില
1) പി വി അൻവർ (സിപിഐ എം സ്വത.)–- 77,858
2) ആര്യാടൻ ഷൗക്കത്ത് (കോൺഗ്രസ്)–- 66,354
3) ഗിരീഷ് മേക്കാട്ട് (ബിഡിജെഎസ്)–- 12,284
4) കെ ബാബുമണി (എസ്ഡിപിഐ)–- 4751
പി വി അൻവർ–-ഭൂരിപക്ഷം:- 11,504
ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ രാഹുൽഗാന്ധി 61,660 വോട്ട് ലീഡ് നേടിയെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ മേൽക്കൈ തിരിച്ചുപിടിക്കാൻ എൽഡിഎഫിനായി.