ഏറ്റുമാനൂരെന്ന ഹൃദയപക്ഷം
Thursday Feb 25, 2021
കെ ടി രാജീവ്
കോട്ടയം>കർഷകസമരങ്ങളുടെയും ജനമുന്നേറ്റ പ്രക്ഷോഭങ്ങളുടേയും ചരിത്രംപേറുന്ന ഏറ്റുമാനൂർ മതസൗഹാർദ്ദത്തിന്റെ ഈറ്റില്ലം കൂടിയാണ്. മണ്ഡല രൂപീകരണം മുതലുള്ള 15 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മാറ്റങ്ങൾ പ്രകടം. കക്ഷികളെ പ്രത്യേകമായി എടുത്താൽ ആറ് തവണവീതം ഇടതുപക്ഷവും കേരള കോൺഗ്രസും വിജയിച്ചു. മൂന്നുതവണ കോൺഗ്രസ് സ്ഥാനാർഥികളും. മണ്ഡല പുനഃനിർണയത്തോടെ ഇടതിന് കൂടുതൽ അനുകൂലമായി.
ആദ്യതെരഞ്ഞെടുപ്പ് നടന്ന 1957ൽ കോൺഗ്രസിലെ ജോസഫ് ജോർജ് 1493 വോട്ടിനാണ് വിജയിച്ചത്. കമ്യൂണിസ്‌റ്റ് പാർടിയിലെ സി എസ് ഗോപാലപിള്ളയായിരുന്നു എതിർസ്ഥാനാർഥി. 1960ൽ കോൺഗ്രസിലെ ജോർജ് ജോസഫ് പൊടിപാറ സിപിഐലെ ശങ്കുണ്ണിമേനോനെ 8558 വോട്ടുകൾക്ക് പരാജയപ്പെടുത്തി. 1965ൽ കേരള കോൺഗ്രസിലെ എം എം ജോസഫിനായിരുന്നു വിജയം. ഭൂരിപക്ഷം 9158. 1967ൽ സംയുക്ത സോഷ്യലിസ്‌റ്റ് സ്ഥാനാർഥി പി പി വൽസൺ(എസ്‌എസ്‌പി) 4035 വോട്ടുകൾക്ക് വിജയിച്ച് മണ്ഡലം തിരിച്ചുപിടിച്ചു. എം എം ജോസഫായിരുന്നു എതിർ സ്ഥാനാർഥി. 1970ലും 1977ലും ഇടത് ഐക്യമുന്നണി സ്ഥാനാർഥി പി ബി ആർ പിള്ള വിജയിച്ചു. എം എം ജോസഫും കോൺഗ്രസിലെ എം സി എബ്രഹാമും എതിർ സ്ഥാനാർഥികളായി. മുന്നണി ബന്ധത്തിൽ വീണ്ടും മാറ്റംവന്ന
1980ൽ എൽഡിഎഫ് സ്ഥാനാർഥിയായി വൈക്കം വിശ്വൻ വിജയക്കൊടി പാറിച്ചു. സ്വതന്ത്രസ്ഥാനാർഥി ജോർജ് ജോസഫ് പൊടിപാറയെയാണ് തോൽപിച്ചത്. 1982ൽ കെസിജെയിലെ ഇ ജെ ലൂക്കോസും 1987ൽ ജോർജ് ജോസഫ് പൊടിപാറയും വിജയിച്ചു. 1991, 96, 2001, 2006 തുടർച്ചയായി കേരള കോൺഗ്രസിലെ തോമസ് ചാഴികാടൻ വിജയിച്ചു. 2008ൽ മണ്ഡലാതിർത്തി മാറ്റിനിർണയിച്ചു. 2011ൽ എൽഡിഎഫിലെ അഡ്വ. കെ സുരേഷ് കുറുപ്പ് 1801 വോട്ടുകൾക്ക് വിജയംവരിച്ചു. 2016ലും സുരേഷ് കുറുപ്പ് വിജയം ആവർത്തിച്ചു. 8899 വോട്ടുകൾക്കാണ് എതിർ സ്ഥാനാർഥി തോമസ് ചാഴികാടനെ പരാജയപ്പെടുത്തിയത്.
കർഷകരും കർഷകത്തൊഴിലാളികളും ഇടത്തരക്കാരും ജീവനക്കാരും നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ ഭരണനേട്ടങ്ങൾക്കുപരി എൽഡിഎഫിന്റെ പരമ്പരാഗതശക്തിയും കേരള കോൺഗ്രസിന്റെ കരുത്തും പ്രധാനമാണ്. രണ്ടെണ്ണമൊഴികെ നാല് പഞ്ചായത്തുകളും എൽഡിഎഫ് ഭരിക്കുന്നു. മുനിസിപ്പാലിറ്റി യുഡിഎഫിനാണെങ്കിലും വോട്ടിങ് നിലയിൽ കാര്യമായ വ്യത്യാസമില്ല. മെഡിക്കൽ കോളേജ് ഉൾപ്പെടെ മണ്ഡലത്തിലുണ്ടായ സർവതല സ്‌പർശിയായ കോടികളുടെ വികസനവും എൽഡിഎഫിന് നേട്ടമാവും.
ഏറ്റുമാനൂരിനെ നയിച്ചവർ
1957–-ജോസഫ് ജോർജ്
1960–-ജോർജ് ജോസഫ് പൊടിപാറ
1965–-എം എം ജോസഫ്
1967–-പി പി വിൽസൺ
1970–-പി ബി ആർ പിള്ള
1977–-പി ബി ആർ പിള്ള
1980–-വൈക്കം വിശ്വൻ
1982–-ഇ ജെ ലൂക്കോസ്
1987–-ജോർജ് ജോസഫ് പൊടിപാറ
1991–-തോമസ് ചാഴികാടൻ
1996–-തോമസ് ചാഴികാടൻ
12 2001–-തോമസ് ചാഴികാടൻ
2006–-തോമസ് ചാഴികാടൻ
2011–-അഡ്വ. കെ സുരേഷ് കുറുപ്പ്
2016–-അഡ്വ. കെ സുരേഷ് കുറുപ്പ്
ആകെ വോട്ടർമാർ–- 1,64,769
പുരുഷൻമാർ–-80596
സ്‌ത്രീകൾ–-84177
ട്രാൻസ്‌ജെൻഡർ–-2
തദ്ദേശ തെരഞ്ഞെടുപ്പ് കണക്ക്
എൽഡിഎഫ്–-52150
യുഡിഎഫ്–-46518
എൻഡിഎ–-18122
ഭൂരിപക്ഷം–-5632