തളിപ്പറമ്പ്: പുതുവികസനം വേരോടുന്ന ഇടതുമണ്ണ്
Thursday Feb 25, 2021
പി സുരേശൻ
കണ്ണൂർ> വികസനത്തിന്റെ പുത്തൻ മാതൃക സൃഷ്ടിക്കുന്ന തളിപ്പറമ്പ് മണ്ഡലത്തിന്റെ ചരിത്രം ഇടതുമുന്നേറ്റത്തിന്റേതാണ്. വികസനം റോഡിലും പാലങ്ങളിലും മാത്രമല്ല, ജനങ്ങളുടെ നിത്യജീവിതത്തിലെമ്പാടും കാണാം. പോരാട്ടവീറുള്ള കർഷകപ്രസ്ഥാനം പിറന്ന മണ്ണ് മനുഷ്യപ്പറ്റുള്ള വികസന പദ്ധതികളുടെ നിറവിലാണ്. കോറളായി തുരുത്തിനെ സംരക്ഷിക്കാനുള്ള ജൈവ ബണ്ടും സ്‌ത്രീസമൃദ്ധി സംരംഭവും മണ്ണ്–- ജല സംരക്ഷണവും ലാഗ്വേജ് ലാബും കുരുക്കില്ലാത്ത തളിപ്പറമ്പും ഹൈടെക് വായനശാലകളും മലബാർ റിവർ ക്രൂയിസ് ടൂറിസവുമെല്ലാം മണ്ഡലത്തെ നവീകരിച്ച പദ്ധതികളിൽ ചിലതുമാത്രം.
ഇടതുപക്ഷ രാഷ്ട്രീയം ആഴത്തിൽ വേരോടിയ പ്രദേശങ്ങളെയാണ് തളിപ്പറമ്പ് ഉൾക്കൊള്ളുന്നത്. ഇതിന് തെല്ലും പോറലേൽപ്പിക്കാനുള്ള ശേഷി വലതുപക്ഷത്തിനില്ല. ഏത് രാഷ്‌ട്രീയ കാലാവസ്ഥയിലും എൽഡിഎഫിന് ജയിച്ചുകയറാൻ പറ്റുന്ന മണ്ഡലം.
രണ്ട് നഗരസഭകളുള്ള ജില്ലയിലെ ഏക മണ്ഡലം. തളിപ്പറമ്പ്, ആന്തൂർ നഗരസഭകളും കുറുമാത്തൂർ, കൊളച്ചേരി, കുറ്റ്യാട്ടൂർ, മലപ്പട്ടം, മയ്യിൽ, പരിയാരം, ചപ്പാരപ്പടവ് പഞ്ചായത്തുകളും ഉൾപ്പെടുന്നു. ആന്തൂർ നഗരസഭയും കുറുമാത്തൂർ, കുറ്റ്യാട്ടൂർ, മയ്യിൽ, മലപ്പട്ടം, പരിയാരം
പഞ്ചായത്തുകളും എൽഡിഎഫാണ് ഭരിക്കുന്നത്. തളിപ്പറമ്പ് നഗരസഭയും കൊളച്ചേരി, ചപ്പാരപ്പടവ് പഞ്ചായത്തുകളുമാണ് യുഡിഎഫിന്. ആന്തൂർ നഗരസഭയിൽ ആകെയുള്ള 28 വാർഡിലും ജയിച്ചത് എൽഡിഎഫാണ്. മലപ്പട്ടത്ത് പതിമൂന്നിൽ ഒന്നൊഴികെയും എൽഡിഎഫിന്.
1952 മുതൽ ഇടതുപക്ഷത്തോടൊപ്പം നിലകൊണ്ട മണ്ഡലമാണിത്. ഒരിക്കൽ മാത്രമാണ് വലതുപക്ഷം ജയിച്ചത്. 1970–-ൽ കോൺഗ്രസിലെ സി പി ഗോവിന്ദൻ നമ്പ്യാർ 909 വോട്ടിന് സിപിഐ എമ്മിലെ കെ പി രാഘവപൊതുവാളിനെ പരാജയപ്പെടുത്തി. കമ്യൂണിസ്റ്റ്–- കർഷക പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന ടി സി നാരായണൻ നമ്പ്യാരാണ് മണ്ഡലത്തിൽനിന്ന് ആദ്യമായി നിയമസഭയിലെത്തിയത്. മണ്ഡലം പുനഃസംഘടനയ്‌ക്കുശേഷം സിപിഐ എമ്മിലെ കെ പി രാഘവപൊതുവാൾ, സി പി മൂസാൻകുട്ടി, കെ കെ എൻ പരിയാരം, പാച്ചേനി കുഞ്ഞിരാമൻ, എം വി ഗോവിന്ദൻ, സി കെ പി പത്മനാഭൻ എന്നിവരാണ് പ്രതിനിധീകരിച്ചത്.
2011 മുതൽ ജയിംസ് മാത്യു( സിപിഐ എം)വാണ് എംഎൽഎ. 2011–-ൽ ജയിംസ് മാത്യു 27,861 വോട്ടിന്റെ ഭൂരിപക്ഷം നേടി. ജോബ് മൈക്കിൾ (കേരള കോൺഗ്രസ് –-എം) ആയിരുന്നു എതിരാളി. 2016–-ൽ ജയിംസ് മാത്യുവിന്റെ ഭൂരിപക്ഷം 40,617 ആയി വർധിച്ചു. രാജേഷ് നമ്പ്യാരെ (-കേരള കോൺഗ്രസ് –-എം)യാണ് പരാജയപ്പെടുത്തിയത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യുഡിഎഫിന് 725 വോട്ടിന്റെ ഭൂരിപക്ഷമുണ്ടെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഉജ്വല തിരിച്ചുവരവ് നടത്തി–-16,735 വോട്ടിന്റെ ഭൂരിപക്ഷം.
ആകെ വോട്ടർമാർ: 2,08,294
സ്ത്രീകൾ: 1,10,773
പുരുഷന്മാർ: 97,517
ട്രാൻസ്‌ജൻഡർ: നാല്
പുതിയ വോട്ടർമാർ: 16,782.
വോട്ടുനില
നിയമസഭ–- 2016
എൽഡിഎഫ്: 91,106
യുഡിഎഫ്: 50,489
എൻഡിഎ: 14,742
എൽഡിഎഫ് ഭൂരിപക്ഷം: -40,617
ലോക്‌സഭ –-2019
എൽഡിഎഫ്: 80,719
യുഡിഎഫ്: 81,444 -
എൻഡിഎ: -8,659
യുഡിഎഫ് ഭൂരിപക്ഷം: -725
തദ്ദേശം–- 2020
എൽഡിഎഫ്: 83,709
യുഡിഎഫ്: 66,974
എൻഡിഎ: 11,944
എൽഡിഎഫ് ഭൂരിപക്ഷം: 16,735