'ഇഞ്ചി കടിച്ച്' കെ എം ഷാജി, കാസര്‍കോടിനായി നെട്ടോട്ടം; സീറ്റിനായി ഗ്രൂപ്പ് യോഗവും
Thursday Feb 25, 2021
കോഴിക്കോട് > അഴീക്കോട് വേണ്ട, കാസർകോട് വേണമെന്ന് കെ എം ഷാജി എംഎൽഎ. ഇല്ലെങ്കിൽ മത്സരിക്കാനില്ലെന്ന ഭീഷണിയും. നേതൃത്വത്തെ സമ്മർദത്തിലാഴ്‌ത്താൻ ഷാജി ഒരു വിഭാഗം മുസ്ലിംലീഗ് നേതാക്കളുടെ രഹസ്യയോഗവും കഴിഞ്ഞ ദിവസം കോഴിക്കോട്ട് വിളിച്ചു.
ഇഞ്ചിക്കൃഷിയും കോഴയുമായി നാട്ടിലാകെ അഴിമതിക്കഥ പാട്ടായതോടെയാണ് ഇക്കുറി അഴീക്കോട് വിടാൻ തീരുമാനിച്ചത്. കണ്ണൂർ സീറ്റിലായിരുന്നു ആദ്യം നോട്ടം. കെ സുധാകരൻ എംപി വഴി വെച്ചുമാറ്റത്തിന് ശ്രമിച്ചു. എന്നാൽ കോൺഗ്രസിലെ വലിയ വിഭാഗത്തിന്റെ എതിർപ്പിൽ ഈ നീക്കം പൊളിഞ്ഞു. തുടർന്ന് കാസർകോട് മണ്ഡലത്തിലായി കണ്ണ്. എന്നാൽ എൻ എ നെല്ലിക്കുന്നിനെ മാറ്റുന്നതിൽ കാസർകോട് ജില്ലാ കമ്മിറ്റിക്ക് യോജിപ്പില്ല. സംസ്ഥാന നേതൃത്വത്തിലെ പ്രമുഖർക്കും നെല്ലിക്കുന്നിനോടാണ് പ്രിയം.
ഇതോടെ ലീഗ് സംസ്ഥാന സെക്രട്ടറിയായ ഷാജി ‘ശരിക്കും ഇഞ്ചി കടിച്ച’ അവസ്ഥയിലായി. സീറ്റ് മോഹികളായ ചിലരെ യോജിപ്പിച്ച് നേതൃത്വത്തെ സമ്മർദത്തിലാഴ്‌ത്താനുള്ള നീക്കം ഇതിന്റെ തുടർച്ചയായിരുന്നു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെയെന്ന് സൂചന നൽകിയുള്ള ഈ നീക്കം സ്വന്തം കാര്യത്തിനെന്നാണ് നേതാക്കളിൽ പലരും പറയുന്നത്. രണ്ടു തവണ മത്സരിച്ചവർ മാറിനിൽക്കണമെന്ന് മുമ്പ് ആവശ്യപ്പെട്ട ഷാജി സ്വയം മാതൃകയാകട്ടെ എന്നാണ് ഇവരുടെ അഭിപ്രായം. പ്ലസ്‌ടു കോഴയും ഇഞ്ചികൃഷിയുമായി അഴിമതിയും ഇ ഡി അന്വേഷണവുമെല്ലാം നാണംകെടുത്തിയതിനാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പ്രചാരണരംഗത്തുനിന്ന് പൂർണമായി മുങ്ങിയിരുന്നു.