ഒരുങ്ങി പുഴകളുടെ നാട്
Friday Feb 26, 2021
ശ്രീരാജ് ഓണക്കൂർ
മൂവാറ്റുപുഴ
മൂന്നു പുഴകളുടെ സംഗമഭൂമിയായ മൂവാറ്റുപുഴ കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും ചെറുകിട കച്ചവടക്കാരുടെയും മണ്ണാണ്. ജില്ലയുടെ കിഴക്കൻ അതിർത്തിയിലെ പ്രധാന കേന്ദ്രങ്ങളിലൊന്ന്.
മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയും വാളകം, പായിപ്ര, ആയവന, പോത്താനിക്കാട്, പൈങ്ങോട്ടൂർ, കല്ലൂർക്കാട്, മഞ്ഞള്ളൂർ, ആവോലി, ആരക്കുഴ, മാറാടി, പാലക്കുഴ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് മണ്ഡലം. കേരള കോൺഗ്രസുകാരാണ് കൂടുതൽ തവണ മണ്ഡലത്തിൽ ജയിച്ചതെങ്കിലും ഇടതുപക്ഷവും ഇവിടെ കരുത്തുകാട്ടിയിട്ടുണ്ട്. നിയമസഭ രൂപീകരിക്കാതിരുന്ന ’65ലെ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെ എ ടി പത്രോസ് ജയിച്ചു. അടുത്ത ഊഴം 1967ൽ സിപിഐയിലെ പി വി എബ്രഹാമിനായിരുന്നു. 1970ൽ സിപിഐ എം സ്വതന്ത്രയായ പെണ്ണമ്മ ജേക്കബ്ബിലൂടെ മണ്ഡലത്തിലെ ആദ്യ വനിതാപ്രതിനിധി വന്നു. യുഡിഎഫിലെ പി സി ജോസഫ് 1977ലും കേരള കോൺഗ്രസിലെ വി വി ജോസഫ് 1980ലും സിപിഐയിലെ എ വി ഐസക് 1987ലും ജയിച്ചു. അടുത്ത മൂന്നുതവണ ജയിച്ചത് കേരള കോൺഗ്രസ് (ജേക്കബ്) നേതാവ് ജോണി നെല്ലൂരായിരുന്നു. നാലാംവട്ടം ജോണിക്ക് കാലിടറി. സിപിഐയുടെ ബാബുപോൾ മണ്ഡലം പിടിച്ചെടുത്തു. 2011ൽ കെപിസിസി ജനറൽ സെക്രട്ടറി ജോസഫ് വാഴയ്ക്കൻ ബാബുപോളിനെ പരാജയപ്പെടുത്തി. എന്നാൽ, 2016ൽ സിപിഐയിലെ എൽദോ എബ്രഹാം, ജോസഫ് വാഴയ്‌ക്കനെ 9375 വോട്ടുകൾക്ക് പരാജയപ്പെടുത്തി മണ്ഡലം തിരിച്ചുപിടിച്ചു.
ജനുവരിയിലെ കണക്കുപ്രകാരം മണ്ഡലത്തിൽ 1,84,603 വോട്ടർമാരുണ്ട്. പുരുഷവോട്ടർമാർ–-91,740. സ്‌ത്രീവോട്ടർമാർ–-92,862. ഒരു ട്രാൻസ്‌ജെൻഡർ വോട്ടുമുണ്ട്.
തെരഞ്ഞെടുപ്പുകൾ, വിജയികൾ:
1965–- എ ടി പത്രോസ് (കേരള കോൺഗ്രസ്). 1967–- പി വി എബ്രഹാം (സിപിഐ). 1970– -പെണ്ണമ്മ ജേക്കബ് (എൽഡിഎഫ് സ്വതന്ത്ര). 1977– -പി സി ജോസഫ് (കേരള കോൺഗ്രസ്). 1980– -വി വി ജോസഫ് (കേരള കോൺഗ്രസ്). 1987–- എ വി ഐസക് (സിപിഐ സ്വത.) 1991–- ജോണി നെല്ലൂർ (കേരള കോൺഗ്രസ്), 1996–- -ജോണി നെല്ലൂർ (കേരള കോൺഗ്രസ്), 2001–- -ജോണി നെല്ലൂർ (കേരള കോൺഗ്രസ്). 2006–- ബാബുപോൾ (സിപിഐ). 2011– -ജോസഫ് വാഴയ്ക്കൻ (കോൺഗ്രസ്). 2016– -എൽദോ എബ്രഹാം (സിപിഐ).