അന്ന് വോട്ടെണ്ണി 20 ദിവസം
Friday Feb 26, 2021
പ്രത്യേക ലേഖകൻ
ആറുഘട്ടമായി നടന്ന ആദ്യ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയായത് 20 ദിവസമെടുത്ത്. 1957 ഫെബ്രുവരി 28, മാർച്ച് 2, 5, 7, 9, 11 തീയതികളിലായിരുന്നു വോട്ടെടുപ്പ്. മാർച്ച് രണ്ടിനുതന്നെ വോട്ടെണ്ണൽ തുടങ്ങിയെങ്കിലും ഫലപ്രഖ്യാപനം പൂർത്തിയായത് മാർച്ച് 22ന്. കമ്യൂണിസ്റ്റ് പാർടിക്ക് കേവലഭൂരിപക്ഷം ഉറപ്പാകാൻ മാർച്ച് 20 വരെ കാക്കേണ്ടിവന്നു.
മാർച്ച് രണ്ടിന് തിരുവനന്തപുരം– 2, പാറശാല സീറ്റുകളിലെ ഫലമാണ് വന്നത്. തിരുവനന്തപുരം രണ്ടിൽ പട്ടംതാണുപിള്ളയും പാറശാലയിൽ കോൺഗ്രസിലെ കുഞ്ഞികൃഷ്ണൻ നാടാരും ജയിച്ചു. മാർച്ച് മൂന്നിന് കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യജയമെത്തി. നെയ്യാറ്റിൻകരയിൽ ജനാർദനൻ നായർ വിജയിച്ചു. അന്ന് ഫലം വന്ന തിരുവനന്തപുരം ഒന്ന് പിഎസ്‌പി നേടി. പിറ്റേന്ന് 14 സീറ്റിലായിരുന്നു വോട്ടെണ്ണൽ. കമ്യൂണിസ്റ്റ് പാർടി നാല് സീറ്റുകൂടി നേടി വിജയക്കുതിപ്പ് തുടങ്ങി. ഉള്ളൂർ, നേമം, ആര്യനാട്, കോട്ടയം മണ്ഡലങ്ങളിലായിരുന്നു വിജയം. മാർച്ച് ഏഴിന് ദേശാഭിമാനി പ്രസിദ്ധീകരിച്ച കക്ഷിനില പ്രകാരം കോൺഗ്രസിന് 12 ഉം കമ്യൂണിസ്റ്റ് പാർടിക്ക് ഒമ്പതും പിഎസ്‌പിക്ക് ഏഴും സീറ്റുകളായിരുന്നു. ഒരു സീറ്റ് സ്വതന്ത്രനും.
മാർച്ച് ഏഴിന് കമ്യൂണിസ്റ്റ് പാർടി മുന്നിലെത്തി. പാർടിക്ക് 14 സീറ്റും കോൺഗ്രസിന് 13ഉം പിഎസ്‌പിക്ക് ഏഴും. ലോക്‌സഭയിലേക്ക് കാസർകോടുനിന്ന് മത്സരിച്ച എ കെ ജിയുടെ വിജയം മാർച്ച് 7ന് പ്രഖ്യാപിച്ചു. മാർച്ച് 11ഓടെ ഫലം വന്ന 62ൽ 33 സീറ്റ് പാർടി നേടി. ഇ എം എസിന്റെ നീലേശ്വരത്തുനിന്നുള്ള വിജയവും അന്ന് പ്രഖ്യാപിച്ചു.
മാർച്ച് 14ന് സീറ്റ് 50 ആയി ഉയർത്താൻ പാർടിക്കായി. സംസ്ഥാന സെക്രട്ടറി അച്യുതമേനോൻ ഇരിങ്ങാലക്കുടയിൽ വിജയിച്ചത് വലിയ വാർത്തയായി. അടുത്ത ദിവസത്തെ ഫലങ്ങൾ വന്നതോടെ കമ്യൂണിസ്റ്റ് പാർടി 54ഉം കോൺഗ്രസ് 37ഉം എന്നായി സീറ്റ് നില. ജോസഫ് മുണ്ടശ്ശേരിയുടെ വിജയവും പ്രധാന വാർത്തകളിലൊന്നായി.
പനമ്പിള്ളി ഗോവിന്ദമേനോൻ തോറ്റ വാർത്ത അടുത്തദിവസം വന്നു. ഭൂരിപക്ഷം നാല് സീറ്റ് അകലെ എന്ന ആവേശകരമായ നിലയിലായിരുന്നു അന്നത്തെ കണക്ക്.
പാർടിക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ച വാർത്തയുമായാണ് മാർച്ച് 21ന്റെ ദേശാഭിമാനി പത്രം പുറത്തുവന്നത്. 124 സീറ്റിൽ 64 സീറ്റ്. കോൺഗ്രസിന് 42. പിഎസ്‌പിക്ക് 9. ലീഗ് 8. സ്വതന്ത്രർ 1. അപ്പോഴും രണ്ട് ഫലം വരാനുണ്ടായിരുന്നു.
ദ്വയാംഗ മണ്ഡലമായ പൊന്നാനിയിലെ ഫലമാണ് അവസാനമായി വരേണ്ടിയിരുന്നത്. മാർച്ച് 25ന് ആ വാർത്തയോടെ ഫലപ്രഖ്യാപനം പൂർണമായി. പൊന്നാനിയിലെ രണ്ടു മണ്ഡലത്തിൽ ഒന്ന് കമ്യൂണിസ്റ്റ് പാർടിക്കും ഒന്ന് കോൺഗ്രസിനും. ഇ ടി കുഞ്ഞൻകമ്യൂണിസ്റ്റ് സ്ഥാനാർഥിയായി വിജയിച്ചു. കോൺഗ്രസിന്റെ കെ കുഞ്ഞമ്പുവും വിജയിയായി.
കമ്യൂണിസ്റ്റ്പക്ഷത്ത് 65 എംഎൽഎമാരും മറുപക്ഷത്ത് എല്ലാവർക്കുംകൂടി 61ഉം. നിയമസഭയിലെ കക്ഷിനേതാവായി ഇ എം എസിനെ തെരഞ്ഞെടുത്തത് 26ന് പ്രധാനവാർത്തയായി.