ബിജെപിയുടെ ആശങ്ക കൂട്ടി പ്രതിപക്ഷ ഐക്യം
Friday Feb 26, 2021
എം പ്രശാന്ത്
ന്യൂഡൽഹി
ബിജെപി സ്ഥാനാർഥികളിൽ പലരും സുരക്ഷിത സീറ്റ് തേടുന്നുവെന്നതാണ് അസം വിശേഷം. സംസ്ഥാന പ്രസിഡന്റ് രഞ്‌ജിത്ത് ദാസ് ഉൾപ്പെടെ മണ്ഡലം മാറാനൊരുങ്ങുന്നു. ഇടതുപക്ഷ പാർടികളും കോൺഗ്രസും എഐയുഡിഎഫും ഉൾപ്പെട്ട വിശാല മതേതര മുന്നണി സംസ്ഥാനത്ത് രൂപപ്പെട്ടതാണ് ബിജെപിയെ അസ്വസ്ഥമാക്കുന്നത്. സിപിഐ എമ്മിന്റെ മനോരഞ്ജൻ താലൂക്ക്‌ദാർ മുഖ്യഎതിരാളിയായേക്കുമെന്നതാണ് രഞ്‌ജിത്ത് ദാസിന്റെ ആശങ്ക. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർഥിയായിനിന്ന് മുപ്പതിനായിരം വോട്ട് നേടിയിരുന്നു താലൂക്ക്‌ദാർ.
ഭരണവിരുദ്ധ വികാരം ശക്തമായതിനാൽ 2016 ആവർത്തിക്കുക എളുപ്പമല്ല. പൗരത്വ നിയമഭേദഗതിയോടുള്ള രോഷവും ശക്തം. പ്രതിപക്ഷ മുന്നണിയിൽ കോൺഗ്രസ്, എഐയുഡിഎഫ്, രാജ്യസഭാംഗവും മാധ്യമപ്രവർത്തകനുമായ അജിത്ത്‌കുമാർ ഭുയ്യാന്റെ അഞ്ചലിക്ക് ഗണമോർച്ച, സിപിഐ എം, സിപിഐ, സിപിഐ എംഎൽ എന്നിങ്ങനെ ആറ് പാർടിയാണ്. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ അഖിൽ ഗോഗോയിയുടെ രായ്‌ജോർ ദൾ, ആൾ അസം സ്‌റ്റുഡന്റ്‌സ് യൂണിയന്റെ ആഭിമുഖ്യത്തിൽ രൂപപ്പെട്ട അസം ജാതിയ പരിഷത്ത് എന്നീ പാർടികളെ കൂടി പ്രതിപക്ഷ മുന്നണിയിൽ എത്തിക്കാനുള്ള ശ്രമമുണ്ട്. അസമിലെങ്ങും അലയടിച്ച സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങൾ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ബിജെപി.