പുതുച്ചേരിയിലെ വോട്ടർമാർക്ക് കോൺഗ്രസിൽ സംശയം
Friday Feb 26, 2021
പുതുച്ചേരി
ഭരിക്കാൻ അവസരം കൊടുത്തിട്ടും ഇടയ്‌ക്കുവച്ച് ബിജെപിയിലേക്ക് ചാടിപ്പോയ കോൺഗ്രസിനുനേരെ സംശയവുമായാണ് പുതുച്ചേരിയിലെ വോട്ടർമാർ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. ബിജെപിയുടെ അട്ടിമറി രാഷ്‌ട്രീയത്തിനെതിരെ കടുത്ത വിയോജിപ്പുള്ളവർക്കുപോലും പൂർണവിശ്വാസത്തോടെ കോൺഗ്രസ് സ്ഥാനാർഥികൾക്ക് വോട്ടുചെയ്യാനാകുമോ എന്ന ആശങ്കയാണ്. കോൺഗ്രസ് എംഎൽഎമാരെ വിലക്കെടുത്ത് സർക്കാരിനെ വീഴ്‌ത്തി രാഷ്‌ട്രപതിഭരണം ബിജെപി അടിച്ചേൽപിച്ചതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം.
പുതുച്ചേരിയിലും മാഹിയിലും 2016ന്റെ തനിയാവർത്തനത്തിനാണ് സാധ്യതയെന്ന് നിരീക്ഷകർ പറയുന്നു. കോൺഗ്രസ്–-ഡിഎംകെ സഖ്യമാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു മണ്ഡലത്തിൽമാത്രമാണ് ബിജെപിക്ക് കെട്ടിവച്ച പണം ലഭിച്ചത്.
ബിജെപിയുമായുള്ള കൂട്ടുകെട്ടിനെ ചൊല്ലി എൻആർ കോൺഗ്രസിലും കടുത്ത ഭിന്നതയുണ്ട്. പുതുച്ചേരിയിലെ വികസനം അട്ടിമറിച്ചത് കേന്ദ്രവും ലെഫ്. ഗവർണറും ചേർന്നാണെന്ന വിമർശനം ബിജെപിക്ക് തിരിച്ചടിയാവും. പണം നൽകിയും പദവികൾ വാഗ്‌ദാനംചെയ്‌തുമാണ് പുതുച്ചേരിയിൽ എംഎൽഎമാരെ ബിജെപി വിലയ്‌ക്കെടുത്തത്.