ജനങ്ങൾ നിരാകരിച്ച വിവാദങ്ങളും 
ആരോപണങ്ങളുമായി യുഡിഎഫും ബിജെപിയും

അപ്പോൾ നമ്മളങ്ങ്‌ ഇറങ്ങുകയല്ലേ ; ഭരണത്തുടർച്ചയ്‌ക്ക്‌ കളമൊരുക്കി 
എൽഡിഎഫ്‌

Friday Feb 26, 2021
കെ ശ്രീകണ‌്ഠൻ


തിരുവനന്തപുരം
പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്‌ പ്രതീക്ഷിച്ചതിലും നേരത്തേ എത്തുകയാണെങ്കിലും രാഷ്‌ട്രീയ കേരളം പോർക്കളം തുറന്നിട്ട്‌ ആഴ്‌ചകളായി. വ്യാഖ്യാനങ്ങളും വിശകലനങ്ങളും കൂട്ടലുംകിഴിക്കലും ചേർന്ന്‌ ചൂടുപിടിച്ച ദിനങ്ങളാകും ഇനി. പോരാട്ടത്തിന്‌ എല്ലാ സന്നാഹവുമൊരുങ്ങി. വികസനമുന്നേറ്റ ജാഥകളുടെ സമാപനം തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ തുടക്കമായത്‌ എൽഡിഎഫിന്‌ വലിയ ആവേശമായി. യുഡിഎഫിന്റെ കേരളയാത്ര ഏതാനും ദിവസംമുമ്പ്‌ അവസാനിച്ചെങ്കിൽ ബിജെപിയുടെ ജാഥ പാതിവഴിയിലാണ്‌.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം 2016 മാർച്ച്‌ നാലിനാണ്‌ പുറത്തുവന്നത്‌. മെയ്‌ 16ന്‌ വോട്ടെടുപ്പും 19ന്‌ വോട്ടെണ്ണലും നടന്നു. ഇക്കുറി 38 ദിവസം നീളുന്ന പോരാട്ടത്തിന്‌ കേരളം സാക്ഷ്യംവഹിക്കും. ഭരണത്തുടർച്ചയ്‌ക്ക്‌ കളമൊരുക്കി എൽഡിഎഫും ജനങ്ങൾ നിരാകരിച്ച വിവാദങ്ങളും ആരോപണങ്ങളുമായി യുഡിഎഫും ബിജെപിയും. തെരഞ്ഞെടുപ്പിലേക്ക്‌ കടക്കുന്ന വേളയിൽ നൽകുന്ന ചിത്രമിതാണ്‌. ഇതുതന്നെയാണ്‌ ഈ തെരഞ്ഞെടുപ്പിന്റെ രാഷ്‌ട്രീയ പ്രാധാന്യം കൂട്ടുന്നതും. തദ്ദേശ തെരഞ്ഞെടുപ്പിലെ വിധിയെഴുത്ത്‌ പകർന്ന ഊർജവും സർക്കാരിന്റെ വികസന, ക്ഷേമ നേട്ടങ്ങളുടെ തിളക്കവുമാണ്‌ എൽഡിഎഫിന്റെ കരുത്ത്‌. തിരിച്ചടിയുടെ രാഷ്‌ട്രീയ പടുകുഴിയിൽനിന്ന്‌ കരകയറാൻ യുഡിഎഫ്‌ വഴിതേടുമ്പോൾ കൈവശമുള്ള ഏക സീറ്റ്‌ നിലനിർത്താനാകുമോയെന്ന ആശങ്കയിലാണ്‌ ബിജെപി. 

തദ്ദേശതെരഞ്ഞെടുപ്പിലെ വിജയം എൽഡിഎഫ്‌ ഭരണത്തുടർച്ചയുടെ ദിശാസൂചികയാണ്‌. വികസന, ക്ഷേമ രംഗത്ത്‌ കൈവരിച്ച വലിയ നേട്ടം ഈ മുന്നേറ്റത്തിന്‌ ഇന്ധനംപകരുന്നു. രാഷ്‌ട്രീയമായ കെട്ടുറപ്പും ജനങ്ങളോടുള്ള കരുതലും ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്‌തു.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പംനിന്ന രണ്ട്‌ കക്ഷി ഇപ്പോൾ എൽഡിഎഫിലാണ്‌. രണ്ട്‌ പ്രധാന കക്ഷി പടിയിറങ്ങിയതിന്റെ പതർച്ചയിൽനിന്ന്‌ കരകയറാനാണ്‌ വെൽഫെയർ പാർടിയടക്കമുള്ള തീവ്രവാദ കക്ഷികളുമായി യുഡിഎഫ്‌ തദ്ദേശ‌ തെരഞ്ഞെടുപ്പിൽ സഖ്യത്തിലേർപ്പെട്ടത്‌. എന്നിട്ടും യുഡിഎഫിന്‌ രാഷ്‌ട്രീയമായ തിരിച്ചടിയാണ്‌ കേരളം കരുതിവച്ചത്‌. ഇത്‌ യുഡിഎഫിൽ സൃഷ്ടിക്കുന്ന അങ്കലാപ്പ്‌ ചെറുതല്ല.  തദ്ദേശ തെരഞ്ഞെടുപ്പിലെ വിധി നിയമസഭാ തെരഞ്ഞെടുപ്പിൽക്കൂടി  ആവർത്തിച്ചാൽ യുഡിഎഫിന്റെ നിലനിൽപ്പുതന്നെ പ്രതിസന്ധിയിലാകും. അതാണ്‌ കോൺഗ്രസ്‌ ഹൈക്കമാൻഡിന്‌ അന്ധാളിപ്പ്‌ നൽകുന്നത്‌. സ്ഥാനാർഥി നിർണയത്തിലടക്കം കെപിസിസിയെ വിശ്വാസത്തിലെടുക്കാതെ നടത്തുന്ന നീക്കങ്ങൾ ഇതിനു തെളിവാണ്‌.

തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന്‌ തൊട്ടുമുമ്പ്‌ പുറത്തുവന്ന ഏഷ്യാനെറ്റ്‌ ന്യൂസ്‌, 24 എന്നീ ടിവി ചാനലുകളുടെ സർവേകളിലും എൽഡിഎഫിന്‌ തുടർഭരണമാണ്‌ പ്രവചിച്ചിട്ടുള്ളത്‌. 

കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ബിജെപിയുടെ യാത്ര പ്രചാരണത്തിലാണ്‌. അടുത്തമാസം ഏഴിനു തിരുവനന്തപുരത്ത് ജാഥയുടെ സമാപനത്തിനുശേഷം പ്രഖ്യാപനം വരുമെന്നായിരുന്നു കണക്കുകൂട്ടിയത്‌. പക്ഷേ, അത്‌ അസ്ഥാനത്തായി. എൻഡിഎ എന്ന്‌ ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും ഘടകകക്ഷികൾ പലതും കൈവിട്ടു കഴിഞ്ഞു. ഉള്ളവയുടെ ജനപിന്തുണയും നഷ്ടമായി. ഈ വെല്ലുവിളിക്ക്‌ നടുവിലാണ്‌ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്‌.