മാറാൻ ഉറച്ച്‌‌ പൂഞ്ഞാർ

Saturday Feb 27, 2021

കോട്ടയം> കേരളമാകെ ഉറ്റുനോക്കുന്ന മണ്ഡലങ്ങളിൽ പൂഞ്ഞാറിനും സ്ഥാനമുണ്ട്‌. രാഷ്‌ട്രീയമായ മാറിമറിയലുകൾ ഒരുപാട്‌ കണ്ട മണ്ണ്‌‌. റബർ കർഷകരുടെ സ്വന്തം മലയോരനാട്‌. ഉരുൾപൊട്ടൽ പോലെയുള്ള പ്രകൃതി ദുരന്തങ്ങൾ ഏറ്റവുമധികം ബാധിക്കുന്ന പ്രദേശം.
ഈരാറ്റുപേട്ട നഗരസഭയും പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തിടനാട്‌, കൂട്ടിക്കൽ, മുണ്ടക്കയം, പാറത്തോട്‌, എരുമേലി, കോരുത്തോട്‌ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ പൂഞ്ഞാർ മണ്ഡലം.   

മണ്ഡലത്തിൽ ഇക്കുറി ഇടതുപക്ഷത്തിന്‌ വലിയ സാധ്യതയാണ്‌‌. എൽഡിഎഫ്‌ സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളുണ്ടാക്കിയ സ്വാധീനം പ്രകടം. തോട്ടം–-പുരയിടം വിഷയം പരിഹരിച്ചത്‌ നിരവധി കുടുംബങ്ങൾക്ക്‌‌ ആശ്വാസമായി‌. എൽഡിഎഫിന്റെ മുന്നേറ്റം തദ്ദേശ തെരഞ്ഞെടുപ്പിലും ദൃശ്യമായിരുന്നു. നിലവിൽ ഈരാറ്റുപേട്ട നഗരസഭ, കോരുത്തോട്‌, തീക്കോയി പഞ്ചായത്തുകൾ എന്നിവയൊഴികെ എല്ലായിടത്തും ഭരണം എൽഡിഎഫിനാണ്‌. 2016ലെ തെരഞ്ഞെടുപ്പിൽ പി സി ജോർജ്‌  ജയിച്ചു.

1957, 1960 വർഷങ്ങളിൽ പൂഞ്ഞാർ മണ്ഡലത്തിൽ കോൺഗ്രസിന്റെ  ടി എ തൊമ്മനാണ്‌ വിജയിച്ചത്‌.
പിന്നീടിങ്ങോട്ട്‌ കേരള കോൺഗ്രസിന്റെ ജൈത്രയാത്രയായി. 1980ൽ പി സി ജോർജിന്റെ ആദ്യ വിജയം. പൂഞ്ഞാറിൽ പി സി ജോർജ്‌ പരാജയപ്പെട്ടിട്ടുമുണ്ട്‌ –- 1987ൽ. ജനതാദളിലെ പ്രൊഫ. എൻ എം ജോസഫാണ്‌ അന്ന്‌ വിജയിച്ചത്‌‌. 1996 മുതൽ ഇങ്ങോട്ട്‌ പി സി ജോർജാണ്‌ പൂഞ്ഞാറിനെ പ്രതിനിധീകരിക്കുന്നത്‌. ഇതിനിടെ അദ്ദേഹം കേരള‌ കോൺഗ്രസ്‌ എമ്മായി, കേരള കോൺഗ്രസ്‌ സെക്കുലറായി, കേരള ജനപക്ഷമായി.

പി സി ജോർജ്‌ യുഡിഎഫിലേക്ക്‌ ചേക്കേറാൻ ശ്രമിച്ചതും, കോൺഗ്രസ്‌ തഴഞ്ഞതുമെല്ലാമാണ്‌ ഈ തെരഞ്ഞെടുപ്പിലും പൂഞ്ഞാർ മണ്ഡലം ചർച്ചാ വിഷയമാക്കിയത്‌‌. മകനുവേണ്ടി സീറ്റ്‌‌ ഒഴിഞ്ഞുകൊടുക്കുമോ എന്ന ചോദ്യങ്ങൾ പി സി മുളയിലേ നുള്ളി. ഇതിനിടെ അദ്ദേഹം എൻഡിഎയിലേക്ക്‌ വീണ്ടും പോകുമെന്ന അഭ്യൂഹവും സാധ്യതകളും ചർച്ചയിലുണ്ട്‌‌. യുഡിഎഫിനുള്ളിലും പൂഞ്ഞാറിനുവേണ്ടി പിടിവലി രൂക്ഷമാണ്‌.

പൂഞ്ഞാറിനെ നയിച്ചവർ

1957 ടി എ തൊമ്മൻ (കോൺഗ്രസ്)‌
1960 ടി എ തൊമ്മൻ (കോൺഗ്രസ്)‌
1967 കെ എം ജോർജ്‌ (കേരള കോൺഗ്രസ്)‌
1970 കെ എം ജോർജ്‌ (കേരള കോണഗ്രസ്‌)
1977 വി ജെ ജോസഫ്‌ (കേരള കോൺഗ്രസ്‌)
1980 പി സി ജോർജ്‌ (കേരള കോൺഗ്രസ്)‌
1982 പി സി ജോർജ്‌ (കേരള കോൺഗ്രസ്)‌
1987 എൻ എം ജോസഫ്‌ (ജനതാദൾ)
1991 ജോയി എബ്രഹാം (കേരള കോൺഗ്രസ്)‌
1996 പി സി ജോർജ്‌ (കേരള കോൺഗ്രസ്)‌
2001 പി സി ജോർജ്‌ (കേരള കോൺഗ്രസ്)‌
2006 പി സി ജോർജ്‌ (കേരള കോൺഗ്രസ്‌ സെക്കുലർ)
2011 പി സി ജോർജ്‌ (കേരള കോൺഗ്രസ്‌ എം)
2016 പി സി ജോർജ്‌ (കേരള ജനപക്ഷം).

2020 തദ്ദേശ തെരഞ്ഞെടുപ്പ്‌ വോട്ട്‌ നില

എൽഡിഎഫ്‌ –- 54202
യുഡിഎഫ്‌ –- 52498
ബിജെപി –- 14159

2019 ലോക്‌സഭാ വോട്ട്‌നില


യുഡിഎഫ് –-‌ 61530
എൽഡിഎഫ്‌ –- 43601
ബിജെപി –- 30990

2016 നിയമഭാ വോട്ട്‌ നില


കേരള ജനപക്ഷം –- 63,621
യുഡിഎഫ്‌ –- 35800
എൽഡിഎഫ്‌ –- 22270
എൻഡിഎ –- 19966