തൃക്കാക്കര കാണുന്നു ഐടി സ്വപ്‌നങ്ങൾ

Saturday Feb 27, 2021
ശ്രീരാജ‌് ഓണക്കൂർ

കൊച്ചി> സംസ്ഥാനത്തിന്റെ ഐടി സ്വപ്നങ്ങളുറങ്ങുന്ന, കേരളത്തിന്റെ സിലിക്കൺ വാലിയായ തൃക്കാക്കര ജില്ലയിലെ ‘ബേബി’ മണ്ഡലമാണ്‌. ജില്ലയുടെ ആസ്ഥാനമായ കലക്ടറേറ്റ് അടങ്ങുന്ന മണ്ഡലം 10 വർഷംമുമ്പാണ്‌ രൂപീകൃതമായത്‌. ഐടി ഹബ്ബായ മണ്ഡലത്തിൽ ചർച്ചയാകുന്നത്‌ പ്രധാനമായും ഈ രംഗത്തെ വികസനമാണ്‌. ഇൻഫോ പാർക്ക്‌ വികസിപ്പിക്കാൻ 36 കോടി രൂപയാണ്‌ എൽഡിഎഫ്‌ സർക്കാർ അനുവദിച്ചത്‌. കൊച്ചി മെട്രോ പാലാരിവട്ടത്തുനിന്ന്‌ കാക്കനാട്‌ ഇൻഫോ പാർക്കിലേക്ക്‌‌ നീട്ടുന്നതിന്‌ കേന്ദ്ര അനുമതി ലഭിച്ചതും എൽഡിഎഫ്‌  ശ്രമഫലമായാണ്‌.‌
 

പഴയ തൃപ്പൂണിത്തുറ മണ്ഡലത്തിന്റെയും എറണാകുളം മണ്ഡലത്തിന്റെയും ചില ഭാഗങ്ങൾ കൂട്ടിച്ചേർത്ത്‌ 2011ലാണ്‌ തൃക്കാക്കര മണ്ഡലം രൂപീകരിച്ചത്. കോൺഗ്രസ്‌ സ്ഥാനാർഥികളായി മത്സരിച്ച ബെന്നി ബഹ്‌നാൻ 2011ലും പി ടി തോമസ്‌ 2016ലും വിജയിച്ചു.   

തൃക്കാക്കര നഗരസഭയും കൊച്ചി കോർപറേഷനിലെ 22 ഡിവിഷനുകളും (35, 37 മുതൽ 57 വരെ ഡിവിഷനുകൾ) ഉൾപ്പെടുന്നതാണ്‌ മണ്ഡലം. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ വരുമാനമുള്ള നഗരസഭയെന്ന ഖ്യാതി തൃക്കാക്കരയ്ക്ക് സ്വന്തം‌.  തൃക്കാക്കര പഞ്ചായത്തായിരുന്നപ്പോൾ ദീർഘകാലം ഭരിച്ച ചരിത്രവും എൽഡിഎഫിനുണ്ട്.

2016ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പി ടി തോമസ്‌ 11,996 വോട്ടിനാണ്‌ എൽഡിഎഫിലെ സെബാസ്‌റ്റ്യൻ പോളിനെ
തോൽപ്പിച്ചത്‌. ജനുവരിയിലെ കണക്കുപ്രകാരം മണ്ഡലത്തിൽ 1,87,833 വോട്ടർമാരുണ്ട്‌. പുരുഷ വോട്ടർമാർ–-91,147. സ്‌ത്രീ വോട്ടർമാർ–-96,684. രണ്ട്‌ ട്രാൻസ്‌ജെൻഡർ വോട്ടർമാരുമുണ്ട്‌.

തെരഞ്ഞെടുപ്പുകൾ, വിജയികൾ
2011–-ബെന്നി ബഹ്‌നാൻ (കോൺഗ്രസ്‌), 2016–-പി ടി തോമസ്‌ (കോൺഗ്രസ്‌)