പേരടി ഹീറോ യാടാ

Saturday Feb 27, 2021
എം എസ‌് അശോകൻ
ഫോട്ടോ: മനു വിശ്വനാഥ്‌


കൊച്ചി
പൊളിച്ചുപണിയുന്ന പാലാരിവട്ടം പാലത്തിനടുത്ത്‌ സ്ഥാപിച്ച യുഡിഎഫിന്റെ  ഐശ്വര്യ കേരള യാത്രയുടെ ഫ്ലക്‌സ്‌ ബോർഡും ചേർത്ത്‌ ഒന്ന്‌ ട്രോളിയിരുന്നു ഹരീഷ്‌ പേരടി. ഫെയ്‌സ്‌ബുക്കിലിട്ട പോസ്‌റ്റ്‌ ആയിരങ്ങൾ പങ്കിട്ട്‌  വൈറലാക്കി. ശേഷം ഇപ്പോഴാണ്‌ പാലാരിവട്ടത്ത്‌ വരുന്നത്‌. യുഡിഎഫ്‌  അഴിമതിയുടെ പ്രതീകമായ തകർന്ന പാലത്തിന്റെ സ്ഥാനത്ത്‌ പുതിയത്‌‌ ഉയർന്നു. നൂറുവർഷത്തെ ആയുസ്സോടെ. പറഞ്ഞ സമയത്തിന്‌ രണ്ടുമാസം മുന്നേ. ഈ പാലത്തിന്റെ പശ്‌ചാത്തലത്തിൽ ഹരീഷ്‌ പേരടി ഒരു സെൽഫി ക്ലിക്കി. പ്രതിനായകസ്ഥാനത്തുനിന്ന്‌ നായകനിലേക്ക്‌ വേഷം പകർന്ന പാലവും പേരടിയും ഒറ്റ ഫ്രെയിമിൽ.

യുഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌ കമ്പിയും സിമന്റുമില്ലാത്ത വെട്ടിച്ച്‌ ‘പഞ്ചവടിപ്പാലം’ പൊക്കിയത്‌. അതിന്റെ പേരിൽ ജയിലിൽ പോയത്‌ പൊതുമരാമത്ത് മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞും വകുപ്പ്‌ മുൻ സെക്രട്ടറി ടി ഒ സൂരജും‌. ഗതാഗതത്തിന്‌ തുറന്ന്‌ മാസങ്ങൾക്കുള്ളിലാണ്‌ പാലം തകർന്നത്‌. തടയാനുള്ള എല്ലാ ശ്രമത്തേയും പൊളിച്ച്‌ സർക്കാർ 70 ശതമാനം പൊളിച്ചുനീക്കി  പുനർനിർമാണത്തിനുള്ള നടപടി തുടങ്ങി. സെപ്‌തംബറിൽ ഡിഎംആർസിയുടെ നേതൃത്വത്തിൽ  22 കോടി ചെലവിലാണ്‌ പുനർനിർമാണം തുടങ്ങിയത്‌.

ഇത്‌ കേരളത്തിന്റെയാകെ അഭിമാന നിമിഷമെന്ന്‌ ഹരീഷ്‌ പേരടി. അതിവേഗം അതിമനോഹരമായി പൂർത്തിയായ പാലം ജനകീയ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടം. ഇടപ്പള്ളിമുതൽ നോക്കൂ. പാലാരിവട്ടം കടന്നാൽ വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളിലൂടെ തടസ്സമില്ലാത്ത യാത്ര. അതുപോലെ ഈ സർക്കാരിന്റെ തുടർച്ചയും ജനം ആഗ്രഹിക്കുന്നുവെന്ന്‌  ഹരീഷ്‌ പേരടി.