സുന്ദര ജീവിതം 
നെയ്‌തോട്ടെ; ഈ വലപോലെ

Saturday Feb 27, 2021
അഞ്ജലി ഗംഗ


തിരുവനന്തപുരം
‘ജീവിതത്തിൽ ഒറ്റയ്ക്കായെന്ന്‌ തോന്നിയതാ‌ പക്ഷേ, സർക്കാർ ജോലി തന്ന്‌ ചേർത്തുപിടിച്ചു. ഒരുപാട്‌ ചെയ്തിട്ടുണ്ട് ഞങ്ങൾക്ക്‌ വേണ്ടി‌ ’ ഭർത്താവ്‌ ഡാർവിനെ ഓഖി ദുരന്തത്തിൽ നഷ്ടപ്പെട്ട ഷേർലി ഇന്ന്‌‌ മത്സ്യഫെഡിന്റെ മുട്ടത്തറയിലെ ഫിഷ്‌നെറ്റ്‌ ഫാക്‌ടറിയിലെ തൊഴിലാളിയാണ്‌. രണ്ട്‌ മക്കളടങ്ങുന്നതാണ്‌ ഷേർലിയുടെ കുടുംബം. ഷേർലിയെപ്പോലെ 25 സ്‌ത്രീകളാണ്‌‌ മത്സ്യഫെഡിന്റെ ഫിഷ്‌നെറ്റ്‌ ഫാക്‌ടറിയിൽ തൊഴിലെടുക്കുന്നത്‌. ഇവരുടെ ഭർത്താക്കന്മാരെ ഓഖിയിൽ കടലെടുത്തു.

പത്താം ക്ലാസിന്‌ താഴെ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കാണ്‌ ഫാക്‌ടറിയിൽ തൊഴിൽ നൽകിയത്‌. ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക്‌ സർക്കാർ 20 ലക്ഷം രൂപ ധനസഹായം‌ നൽകി‌. ഇത്‌ കുട്ടികളുടെയും ഭാര്യമാരുടെയും പേരിൽ സർക്കാർ സ്ഥിരനിക്ഷേപമായി വീതിച്ചിട്ടു‌. ഒന്നു‌മുതൽ അഞ്ചു‌വരെയുളള ക്ലാസിലെ കുട്ടികൾക്ക്‌ 10000 രൂപയും ആറു‌മുതൽ 10 വരെയുള്ളവർക്ക്‌ 25000 രൂപയും വാർഷിക ആനുകൂല്യവും നൽകുന്നുണ്ട്‌. എത്രവരെ പഠിക്കുന്നോ അതുവരെയുള്ള മുഴുവൻ വിദ്യാഭ്യാസ ചെലവിനുള്ള തുകയും സർക്കാർ നീക്കിവച്ചിട്ടുണ്ട്‌.

മെഷീൻ വലയിൽ വരുന്ന വിടവുകൾ തുന്നിച്ചേർക്കുന്നതും മെഷീനിൽ നൂല്‌ കൊരുക്കുന്നതുൾപ്പെടെയാണ്‌ ജോലി. വീട്ടിലുണ്ടായ അപകടത്തെ തുടർന്ന്‌ ദേഹത്ത്‌ പൊള്ളലേറ്റ വിജിലയും ഇവിടെ ജോലി ചെയ്യുന്നുണ്ട്. മെഷീനുകൾ വൃത്തിയാക്കുന്ന ജോലിയാണവർക്ക്‌‌. മറ്റൊരു ജോലിക്കാരിയായ ശോശാമ്മയ്ക്ക്‌ മുട്ടത്തറയിൽ ഫ്ലാറ്റും ഈ സർക്കാർ നൽകി.

കോവിഡ്‌ കാലത്ത്‌ ഫാക്‌ടറി സ്ഥലത്ത്‌ കണ്ടെയ്‌ൻമെന്റ്‌ സോണായപ്പോൾ മൂന്നുമാസം അടച്ചിടേണ്ടി വന്നു. ഈ മൂന്നു മാസവും മത്സ്യഫെഡ്‌ മുടങ്ങാതെ‌ ശമ്പളം നൽകി.
 
പിൻകുറിപ്പ്‌:
കൊല്ലത്ത്‌ കടലിൽ ചാടിയ രാഹുൽ ഗാന്ധിയുടെ കൈയിലൊരു ചുവന്ന വലയുണ്ടായിരുന്നു. ആ വല നെയ്‌തത്‌, മുട്ടത്തറയിൽ, സർക്കാർ അഭയം നൽകിയ സ്‌ത്രീകളാണെന്ന്‌ കോൺഗ്രസുകാരെ നിങ്ങൾക്കറിയുമോ?