കലിപ്പ്‌ 
തീരുന്നില്ലല്ലോ...

Saturday Feb 27, 2021

നിയമസഭാ തെരഞ്ഞെടുപ്പ്‌ മുന്നിൽക്കണ്ട്‌ നാട്ടുകാരെ തെറ്റിദ്ധരിപ്പിക്കാൻ നടത്തിയ എല്ലാ ശ്രമവും പരാജയപ്പെട്ടതിന്റെ ‘രോഷ’ത്തിലാണ്‌ പ്രതിപക്ഷവും യുഡിഎഫ്‌ പത്രവും. കടൽപോലെ തിരയടിക്കാമെന്ന അതിമോഹവുമായി കൊണ്ടുവന്ന ‘ധാരണപത്ര വിവാദത്തിന്‌’ മണിക്കൂറുകളുടെ ആയുസ്സേയുണ്ടായുള്ളൂ. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച്‌ സർക്കാരിനെതിരെ രംഗത്തിറക്കാമെന്ന മോഹമാണ്‌ പൊലിഞ്ഞത്‌. റാങ്ക്‌ഹോൾഡേഴ്‌സിനെ വച്ച്‌ മുതലെടുക്കാമെന്ന ശ്രമവും പ്രതീക്ഷിച്ചതുപോലെ ലക്ഷ്യം  കണ്ടില്ല. എന്തൊക്കെയാണ്‌ വിളിച്ചു പറയുന്നതെന്ന്‌ പ്രതിപക്ഷ നേതാവിനുതന്നെ തിരിയുന്നില്ല.

എന്നാൽ, കലിപ്പ്‌ തീരാതെ സമനില തെറ്റിയ മട്ടാണ്‌ യുഡിഎഫ്‌ പത്രത്തിന്‌. നിയമപരമായ സർക്കാർ ഉത്തരവുകളിറക്കുന്നതൊന്നും‌ സഹിച്ചിട്ടില്ല.  പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനുമുമ്പ്‌  ഉത്തരവുകൾ വേഗത്തിൽ ഇറക്കിയത്രെ.‌ അതേവാർത്തയിൽത്തന്നെ പറയുന്നു രണ്ടു ദിവസമായി ഉത്തരവുകൾ ഏറെ ഇറങ്ങിയെന്ന്‌.  രണ്ടുംകൂടി എങ്ങനെയൊക്കുമണ്ണാ ?

തെരഞ്ഞെടുപ്പ്‌ പ്രഖ്യാപനം എപ്പേൾ വേണമെങ്കിലുമുണ്ടാകാമെന്ന കാര്യം മറ്റെല്ലാവർക്കുമറിയാം സർക്കാരിനുമാത്രം അറിയില്ലായിരുന്നുവെന്നാണ്‌ യുഡിഎഫ്‌ പത്രത്തിന്റെ വാദം വലിയ തമാശ.  ഓൺലൈനിലാകട്ടെ മുതുകള്ളങ്ങൾ നിരത്തി അടിയോടടി. ലൈഫ്‌ മിഷൻ ഫ്‌ളാറ്റിൽ ബലപരിശോധന; വീഴ്‌ച കണ്ടെത്തിയാൽ വിവാദം വരും, കെ ‐ ഫോൺ വഴിയും കെഎസ്‌ഇബിയിൽനിന്നും കാര്യമായ സേവനങ്ങളൊന്നും കിട്ടില്ല, കിഫ്‌ബി റോഡിലൂടെ വാഹനത്തിൽ സഞ്ചരിച്ചാൽ സൈഡ്‌കൊടുക്കാനാകില്ല... തുടങ്ങി ചിരിപ്പിച്ച്‌ കൊല്ലുന്ന തമാശകളാണ്‌ ഓൺലൈനിൽ. തെരഞ്ഞെടുപ്പ്‌ കഴിയുന്നതുവരെ ഈ കലിപ്പ്‌ എങ്ങനെ തീർക്കാനാ.. എന്തരോ എന്തൊ.