തലസ്ഥാനം ഭരണം പിടിക്കും
Saturday Feb 27, 2021
വിജേഷ് ചൂടൽ
യുഡിഎഫ് 100 സീറ്റ് നേടിയ 2001ലെ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തെ പത്ത് സീറ്റ് യുഡിഎഫിനായിരുന്നു. 2006ൽ 99 സീറ്റ് നേടി എൽഡിഎഫ് അധികാരത്തിലെത്തിയപ്പോൾ ഒമ്പത് സീറ്റിലും ചെങ്കൊടി പാറി. 2011ൽ 68 സീറ്റ് നേടി എൽഡിഎഫ് ഭരണത്തുടർച്ചയ്‌ക്ക് തൊട്ടടുത്തെത്തിയപ്പോൾ തിരുവനന്തപുരത്ത് 6–8 എന്ന നിലയിൽ ഫോട്ടോഫിനിഷായിരുന്നു. നിലവിൽ എൽഡിഎഫിന് 10ഉം യുഡിഎഫിന് മൂന്നും ബിജെപിക്ക് ഒരു സീറ്റുമാണുള്ളത്.
വികസനംതന്നെ നേട്ടം
2016ലെ ഉജ്വല വിജയം ഇത്തവണ ആവർത്തിക്കുമെന്ന് എൽഡിഎഫ് ഉറപ്പിച്ചുപറയുമ്പോൾ അഞ്ചുവർഷത്തെ ഭരണനേട്ടവും ജനവിധിയുടെ സമീപകാല കണക്കുകളും വാദത്തിന് കരുത്തേകുന്നു. സർക്കാരിനെതിരായ ജനവികാരം ഒരിടത്തും പ്രകടമല്ല. യുഡിഎഫിന്റെ പക്കലുള്ള മൂന്ന് സീറ്റിലും സിറ്റിങ് എംഎൽഎമാർക്കെതിരെ മുന്നണിക്കുള്ളിൽത്തന്നെ കലാപക്കൊടി ഉയർന്നു.
കോൺഗ്രസിന്റെ കുപ്രസിദ്ധമായ വോട്ടുമറിക്കലിന്റെ സഹായത്തോടെ ബിജെപി നേടിയ നേമം ഇത്തവണ തെറ്റുതിരുത്തുമെന്ന് ഉറപ്പ്. നിയമസഭാമണ്ഡലങ്ങളിൽ നിലവിലെ കണക്കുപ്രകാരം 1,35,656 വോട്ടിന്റെ ഭൂരിപക്ഷം എൽഡിഎഫിനുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുകൾ വിലയിരുത്തിയാൽ എൽഡിഎഫിന് രണ്ടുലക്ഷത്തോളം വോട്ടിന്റെ മുൻതൂക്കമുണ്ട്.
വട്ടിയൂർക്കാവിലെ പൂക്കൾ
യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളായിരുന്ന വർക്കല, നെടുമങ്ങാട്, കഴക്കൂട്ടം, പാറശാല, കാട്ടാക്കട എന്നിവ പിടിച്ചെടുത്താണ് 2016ൽ എൽഡിഎഫ് വൻ മുന്നേറ്റം നടത്തിയത്. 2019ലെ ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവും സ്വന്തമാക്കി. ആറ്റിങ്ങൽ, ചിറയിൻകീഴ്, വാമനപുരം, നെയ്യാറ്റിൻകര സീറ്റുകൾ നിരവധി തെരഞ്ഞെടുപ്പുകളിലായി ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളാണ്. തിരുവനന്തപുരം, അരുവിക്കര മണ്ഡലങ്ങളാണ് യുഡിഎഫ് കഴിഞ്ഞതവണ നിലനിർത്തിയത്.
ഇവിടങ്ങളിലും കോവളത്തും ഇത്തവണ കാറ്റ് മാറിവീശുമെന്നാണ് വിലയിരുത്തൽ. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിനു പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പിലെ മുന്നേറ്റവും എൽഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. വ്യക്തമായ ഭൂരിപക്ഷത്തോടെ കോർപറേഷൻ നിലനിർത്തിയ എൽഡിഎഫ് ജില്ലയിലെ നാല് മുനിസിപ്പാലിറ്റിയിലും ഭരണം നിലനിർത്തി. 73 ഗ്രാമപഞ്ചായത്തിൽ 52 എണ്ണവും 11 ബ്ലോക്കിൽ പത്തും സ്വന്തമാക്കിയ ഇടതു തേരോട്ടം 26 അംഗ ജില്ലാപഞ്ചായത്തിൽ 20 സീറ്റും പിടിച്ചാണ് വിജയഭേരി മുഴക്കിയത്.
ആദിവാസികളും തോട്ടംതൊഴിലാളികളും തിങ്ങിപ്പാർക്കുന്ന കിഴക്കൻ മലയോരംമുതൽ മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പടിഞ്ഞാറൻ തീരംവരെ സർക്കാരിന്റെ കരുതലിലും വികസനക്ഷേമപ്രവർത്തനത്തിലും സംതൃപ്‌തരാണ്. ആയിരങ്ങൾക്ക് തൊഴിലവസരം സൃഷ്ടിച്ച പുത്തൻ സ്ഥാപനങ്ങൾമുതൽ സ്‌കൂളുകളുടെയും റോഡുകളുടെയും മറ്റും കണ്ണഞ്ചിപ്പിക്കുന്ന മാറ്റംവരെ തെരഞ്ഞെടുപ്പിൽ മുഖ്യചർച്ചയാകുമ്പോൾ വികസനത്തുടർച്ചയ്‌ക്കുള്ള വോട്ട് എൽഡിഎഫിന്റെ കുതിപ്പിന് കരുത്താകും.