ആലസ്യമകറ്റാന്‍ പറവൂര്‍
Sunday Feb 28, 2021
അമല്‍ ഷൈജു
പറവൂര്‍> ജില്ലയിലെ തിരക്കേറിയ വാണിജ്യകേന്ദ്രങ്ങളില്‍ ഒന്നാണ് പറവൂര്‍. പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കൈത്തറി, കൃഷി എന്നിവയ്ക്ക് പേരുകേട്ട നാട്. ഭൂപ്രദേശ സൂചികാപദവി ലഭിച്ച ചേന്ദമംഗലം കൈത്തറിവസ്ത്രങ്ങള്‍ക്ക് വിപണിയില്‍ ഏറെ സ്വീകാര്യതയുണ്ട്. മത്സ്യബന്ധനം ഉപജീവനമാര്‍ഗമായി സ്വീകരിച്ചവരും നിരവധി. സഹകരണരംഗത്തെ മാതൃകയായ പള്ളിയാക്കല്‍ സഹകരണ ബാങ്ക് ഉള്‍പ്പെടെയുള്ള സഹകരണമേഖല സജീവമായ നാട്. സഞ്ചാരസ്വാതന്ത്ര്യത്തിനായി സമരം ചെയ്ത നിരവധിപേര്‍ ജീവന്‍ ത്യജിച്ച പാലിയം പ്രദേശങ്ങളടക്കം ഇന്ന് മുസിരിസ് പൈതൃകപദ്ധതിയില്‍ ഉള്‍പ്പെട്ട് ലോകശ്രദ്ധയാകര്‍ഷിക്കുന്നു.
കന്യാകുമാരി--പന്‍വേല്‍ ദേശീയപാത 66ഉം കൊല്ലം--കോട്ടപ്പുറം ദേശീയ ജലപാതയും ഇതിലെ കടന്നുപോകുന്നു. ജില്ലയിലെ ആദ്യ നഗരസഭകളില്‍ ഒന്നായ പറവൂരും ചേന്ദമംഗലം, ചിറ്റാറ്റുകര, ഏഴിക്കര, കോട്ടുവള്ളി, പുത്തന്‍വേലിക്കര, വരാപ്പുഴ, വടക്കേക്കര പഞ്ചായത്തുകളും ചേര്‍ന്നതാണ് പറവൂര്‍ നിയമസഭാമണ്ഡലം. ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പെടെ കഴിഞ്ഞ 17 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അഞ്ചുതവണ എല്‍ഡിഎഫിനെയും പത്തുതവണ യുഡിഎഫിനെയും പറവൂര്‍ തുണച്ചു. സിപിഐ നേതാവ് എന്‍ ശിവന്‍പിള്ളയാണ് ആദ്യപ്രതിനിധി. അടുത്ത ഊഴം കോണ്‍ഗ്രസിലെ കെ എ ദാമോദരമേനോനായിരുന്നു. പിന്നീട് തുടര്‍ച്ചയായി മൂന്നുതവണ കോണ്‍ഗ്രസ് നേതാവ് കെ ടി ജോര്‍ജ് വിജയംകണ്ടു. 1977ല്‍ കോണ്‍ഗ്രസിലെ സേവ്യര്‍ അറയ്ക്കലിനെയും 1980ല്‍ കോണ്‍ഗ്രസിലെതന്നെ എ സി ജോസിനെയും തെരഞ്ഞെടുത്തു.
1982ല്‍ ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചതും ഇവിടെയാണ്. 50 ബൂത്തുകളില്‍മാത്രം യന്ത്രം ഉപയോഗിച്ച തെരഞ്ഞെടുപ്പില്‍ സിപിഐയിലെ എന്‍ ശിവന്‍പിള്ള 124 വോട്ടിന് വിജയിച്ചു. എന്നാല്‍, എതിര്‍സ്ഥാനാര്‍ഥി എ സി ജോസിന്റെ പരാതിയില്‍ 50 പോളിങ് സ്റ്റേഷനുകളില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് റീപോളിങ് നടത്തിയതോടെ ജയം എ സി ജോസിനായി. 1984ല്‍ ഈ തെരഞ്ഞെടുപ്പുഫലം സുപ്രീംകോടതി റദ്ദാക്കി. 1987ല്‍ ശിവന്‍പിള്ള വീണ്ടും പറവൂരില്‍ വിജയിച്ചു. അടുത്ത രണ്ട് തെരഞ്ഞെടുപ്പുകളില്‍ ശിവന്‍പിള്ളയുടെ മകനും സിപിഐ നേതാവുമായ പി രാജുവായിരുന്നു വിജയി. 2001 മുതല്‍ കോണ്‍ഗ്രസിലെ വി ഡി സതീശനാണ് മണ്ഡലത്തിന്റെ പ്രതിനിധി. 93,931 പുരുഷന്മാരും 99,081 സ്ത്രീകളും ഉള്‍പ്പെടെ 1,93,012 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്.
തെരഞ്ഞെടുപ്പുവിജയികള്‍
1957--എന്‍ ശിവന്‍പിള്ള (സിപിഐ), 1960--കെ എ ദാമോദരമേനോന്‍ (കോണ്‍ഗ്രസ്), 1965, 67, 70--കെ ടി ജോര്‍ജ് (കോണ്‍ഗ്രസ്), 1977-- സേവ്യര്‍ അറയ്ക്കല്‍ (കോണ്‍ഗ്രസ്), 1980--എ സി ജോസ് (കോണ്‍ഗ്രസ്), 1982, 1987-എന്‍ ശിവന്‍പിള്ള (സിപിഐ), 1991, 1996--പി രാജു (സിപിഐ). 2001 മുതല്‍--വി ഡി സതീശന്‍ (കോണ്‍ഗ്രസ്).`