ഇ ഡിയുടെ ഇടി പേടിച്ച് ലീഗ് മിണ്ടില്ല
Sunday Feb 28, 2021
പി വി ജീജോ
കോഴിക്കോട്
ആറുമാസത്തിലധികമായി മുസ്ലിംലീഗിലെ പ്രധാന നേതാക്കളെല്ലാം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിന്റെ മുന്നിൽ ക്യൂവിലാണ്. സാക്ഷാൽ കുഞ്ഞാലിക്കുട്ടിയടക്കം കുടുംബസമേതം വിയർത്തുനിൽക്കുമ്പോഴാണ്, എൻഡിഎ മുന്നണിയിലേക്ക് ബിജെപിക്കാരുടെ വിളി വരുന്നത്. അതിനെതിരെ പ്രതിഷേധിക്കാനോ ബിജെപിക്കെതിരെ ശക്തമായി പ്രതികരിക്കാൻ പോലും ലീഗുകാർ തയ്യാറാകുന്നില്ല. വടിവെട്ടാൻ പോയിട്ടേയുള്ളൂ; അതിനുമുമ്പേ ലീഗുകാർ ‘ലേലു അല്ലൂ’ മൂഡിലാണ്.
ബിജെപിയെയും കേന്ദ്ര സർക്കാരിനെയും പിണക്കിയാൽ രാഷ്ട്രീയം മാത്രമല്ല, സ്വന്തം കച്ചവടംതന്നെ പൂട്ടിപ്പോകുമെന്ന ഭീതിയിലാണ് നേതാക്കൾ. പി കെ കുഞ്ഞാലിക്കുട്ടിയെ മാസങ്ങൾക്കു മുമ്പാണ് ഇ ഡി ചോദ്യംചെയ്‌തത്. ഭാര്യയടക്കം കുടുംബാംഗങ്ങളെയും അന്വേഷണ ഏജൻസി വിളിപ്പിച്ചു. അഖിലേന്ത്യാ ട്രഷറർ പി വി അബ്ദുൾവഹാബ് എംപിയെയും ഇ ഡി നേരത്തെ ചോദ്യംചെയ്‌തിട്ടുണ്ട്. ഇതേവരെ കുഞ്ഞാലിക്കുട്ടിയും വഹാബും ഇക്കാര്യം നിഷേധിച്ചിട്ടില്ല. ഇഞ്ചിക്കൃഷിയുടെയും പ്ലസ്ടു കോഴയുടെയും പേരിൽ സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎൽഎയെ വീണ്ടും ചോദ്യംചെയ്യുമെന്ന് ഇ ഡി അറിയിച്ചിട്ടുണ്ട്. എം കെ മുനീർ എംഎൽഎയെ ചോദ്യംചെയ്യുന്നതിനു മുന്നോടിയായി ഭാര്യയുടെ മൊഴിയെടുത്തു.
പാലാരിവട്ടം ഫെയിം മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ്, ടി വി ഇബ്രാഹിം എംഎൽഎ, ടി ടി ഇസ്‌മയിൽ... ഇങ്ങനെ കേന്ദ്ര ഏജൻസികൾ ചോദ്യംചെയ്‌ത ലീഗ് നേതാക്കളുടെ നിര നീണ്ടതാണ്. ജ്വല്ലറിത്തട്ടിപ്പുകേസിൽ ജയിലിൽ കഴിഞ്ഞ എം സി ഖമറുദ്ദീൻ എംഎൽഎയാണ് ക്യൂവിലുള്ള മറ്റൊരു പ്രമുഖൻ. കത്വ ഫണ്ട് വെട്ടിപ്പുമായി ബന്ധപ്പെട്ട് പി കെ ഫിറോസിനെപ്പോലുള്ള യുവനേതാക്കളെക്കുറിച്ചുള്ള പരാതി വേറെ.
എട്ട് ആർഎസ്‌എസുകാരെ വധിച്ച മാറാട് കൂട്ടക്കൊലയിലും ലീഗിന് ഭയക്കാനും ഒളിക്കാനും ഏറെയുണ്ട്. ഇതിലും വലുതാണ് ഉന്നത നേതാക്കളുടെ വ്യവസായ–-കച്ചവട ബന്ധങ്ങളും താൽപ്പര്യങ്ങളും. തങ്ങളുടെ ബിസിനസ് സാമ്രാജ്യം സുരക്ഷിതമാക്കാൻ ബിജെപിയോട് മൃദുസമീപനം എന്നതാണ് ലീഗ് നേതൃത്വം ഏറെക്കാലമായി തുടരുന്ന രീതി.
രാജ്യാന്തര ബിസിനസ് ബന്ധവും കച്ചവടവും
തകൃതി
മുസ്ലിംലീഗിന്റെ പ്രമുഖ നേതാക്കൾക്കെല്ലാം വൻകിട വ്യാപാര–-ബിസിനസ് ഇടപാടുകളുണ്ട്. പാർടിയെ മറയാക്കി വളർത്തിയെടുത്തതാണ് പലരുടെയും ബിസിനസ് സാമ്രാജ്യങ്ങൾ. അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ ചോദ്യംചെയ്‌തത് മകൻ ആഷിഖിന്റെ ബിസിനസുകളടക്കം ഉൾപ്പെടുത്തിയായിരുന്നു. ഖത്തറിൽ സ്‌ക്രാപ് ബിസിനസാണ് ആഷിഖിന്. തിരുവനന്തപുരം സ്വർണക്കടത്തുകേസിൽ അറസ്റ്റിലായ പുക്കാട്ടിൽ റമീസ് കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധുവാണ്. അബ്ദുൾവഹാബ്, മഞ്ഞാളംകുഴി അലി എന്നിവർക്കെല്ലാം നാട്ടിലും വിദേശത്തുമായി കച്ചവടമുണ്ട്. ഇ ടി മുഹമ്മദ്‌ബഷീർ എംപി മകന്റെ കച്ചവടത്തിന്റെ പേരിലുള്ള കേസുകളുടെ ബേജാറിലാണ്.
എംപി സ്ഥാനം രാജിവച്ച് കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ്, ആർഎസ്‌എസുകാരനായ വെങ്കയ്യനായിഡുവിനെതിരെ ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതിരുന്നത്, മുത്തലാഖ്, എൻഐഎ ബില്ലുകളിലടക്കം ലോക്‌സഭയിൽ നടത്തിയ ഒളിച്ചുകളി... ബിജെപി അധികാരമേറ്റശേഷം ലീഗ് തുടർന്ന ഈ വഞ്ചനയ്‌ക്കെല്ലാം അടിസ്ഥാനം നേതാക്കളുടെ സ്വാർഥ കച്ചവടതാൽപ്പര്യങ്ങളും ഭീതിയുമായിരുന്നു.