അതാ പറക്കുന്നു വികസനത്തിന്റെ വിമാനങ്ങൾ

Sunday Feb 28, 2021
കെ ടി ശശി


കണ്ണൂർ
പത്തുപേർക്ക്‌ കയറാവുന്ന സൈനിക വിമാനം പറന്നിറങ്ങിയ ചളിക്കണ്ടത്തിൽനിന്ന്‌ ഇപ്പോൾ പറന്നുയരുന്നത്‌ രാജ്യാന്തര വിമാനങ്ങൾ. സഹകരണമേഖലയിലെ മെഡിക്കൽ കോളേജ്‌ ഇപ്പോൾ പ്രൗഢിയുള്ള സർക്കാർ മെഡിക്കൽ കോളേജ്‌. ഈ രണ്ടു ദൃശ്യം മാത്രംമതി കണ്ണൂരിനോട്‌ ഈ സർക്കാർ ചെയ്‌ത കരുതലും ചേർത്തുപിടിക്കലും എന്താണെന്നറിയാൻ.

തലസ്ഥാനം തിരുവനന്തപുരമാണെങ്കിലും  മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ജില്ലയെന്ന നിലയിൽ കണ്ണൂർ വാർത്തകളുടെ തലസ്ഥാനമായിരുന്നു പലപ്പോഴും. മുഖ്യമന്ത്രി പിണറായി വിജയൻ (ധർമടം), മന്ത്രിമാരായ ഇ പി ജയരാജൻ (മട്ടന്നൂർ),  കെ കെ ശൈലജ (കൂത്തുപറമ്പ്‌), കടന്നപ്പള്ളി രാമചന്ദ്രൻ (കണ്ണൂർ) എന്നിവരുടെ സാന്നിധ്യമാണ്‌ അതിനു പിന്നിൽ.

മൊത്തം 11 സീറ്റിൽ എട്ടും ഇടതുപക്ഷത്താണ്‌. മലയോരത്തും കണ്ണൂർ നഗരത്തിലും‌ മാത്രമാണ്‌ യുഡിഎഫിന്‌  സ്വാധീന മേഖലകളുള്ളത്‌. മലയോരത്ത്‌ ഇത്തവണ സ്ഥിതി മാറി. കേരള കോൺഗ്രസ്‌ എമ്മിന്റെയും എൽജെഡി യുടേയും എൽഡിഎഫ്‌ പ്രവേശനം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പുമുതൽ കാര്യങ്ങളെ മാറ്റിമറിച്ചിട്ടുണ്ട്‌. എങ്ങനെ നോക്കിയാലും വിജയപ്രതീക്ഷയുണ്ടെന്ന്‌ അവകാശപ്പെടുന്ന ഇരിക്കൂറിൽനിന്ന്‌ കെ സി ജോസഫ്‌ കോട്ടയത്തേക്ക്‌ മുൻകൂറായി രക്ഷപ്പെട്ടത്‌ മറ്റൊന്നും കൊണ്ടല്ല.

ഇത്തവണ അഴീക്കോട്ട്‌ കെ എം ഷാജിയുടെ ‘ഇഞ്ചി വിശേഷ’മാണ്‌ യുഡിഎഫിന്റെ മറ്റൊരു തലവേദന. കാസർകോട്ടേക്ക്‌ പോകാൻ ഷാജി ഉദ്ദേശിക്കുന്നതും ഈ  ഇഞ്ചിപ്പേടി കൊണ്ടാണ്‌. 

ചുവന്ന ചരിത്രം
ചുവന്നകൊടി കാണാൻ റെയിൽവേ സ്‌റ്റേഷനിൽ പോകണമെന്ന്‌ പരിഹസിച്ച കമ്യൂണിസ്റ്റ്‌‌ വിരുദ്ധർക്ക്,‌ എ കെ ജിയെ വൻ ഭൂരിപക്ഷത്തോടെ ലോക്‌സഭയിലേക്ക് അയച്ച്‌ മറുപടി നൽകിയ രാഷ്‌ട്രീയ പൈതൃകമാണ്‌ കണ്ണൂരിന്റേത്‌‌. മുഖ്യമന്ത്രിമാരായിരുന്ന ഇ എം എസിനെയും ഇ കെ നായനാരെയും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനെയും നിയമസഭയിൽ എത്തിച്ചതിന്റെ ഖ്യാതിയുമുണ്ട്‌ ഈ നാടിന്‌.ഇടതുപക്ഷത്തിന്റെ കോട്ടയായി നിൽക്കുമ്പോഴും മണ്ഡലങ്ങളുടെ ഘടനയിൽ വന്ന മാറ്റം യുഡിഎഫിനെ 2011ൽ തുണച്ചു‌. 11 സീറ്റിൽ അഞ്ചിടത്ത്‌ യുഡിഎഫ്‌ വിജയം നേടിയത്‌ ഈ ആനുകൂല്യംകൊണ്ടുകൂടിയാണ്‌. 2016ൽ ഇത്തരം പരിമിതികളും മറികടന്ന്‌ ഉജ്വല വിജയം നേടാൻ എൽഡിഎഫിനായി.

പയ്യന്നൂർ, കല്യാശേരി, തളിപ്പറമ്പ്‌, തലശേരി, ധർമടം, മട്ടന്നൂർ എന്നിവ ഏതു സാഹചര്യത്തിലും ഇടതുപക്ഷത്തെ മാത്രം വരിക്കുന്നവയാണ്‌. കൂത്തുപറമ്പ്‌, കണ്ണൂർ, അഴീക്കോട്‌, പേരാവൂർ, ഇരിക്കൂർ മണ്ഡലങ്ങളിലാണ്‌ തെരഞ്ഞെടുപ്പിന്‌ പ്രസക്തി. തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തും 11 ബ്ലോക്ക്‌ പഞ്ചായത്തിൽ പത്തും 71 ഗ്രാമപഞ്ചായത്തിൽ 58ഉം എട്ട്‌ നഗരസഭയിൽ അഞ്ചും നേടിയ എൽഡിഎഫിന്‌  51.47 ശതമാനം വോട്ടും 66.42 ശതമാനം സീറ്റുമുണ്ട്‌.