election 2021, kochi
സഞ്ചാരികളുടെ ഭൂമി; സമരപൈതൃകത്തിന്റെയും
Sunday Feb 28, 2021
എ എസ് ജിബിന
കൊച്ചി> കൊച്ചി ബ്രിട്ടീഷുകാര്‍ക്ക് മിനി ഇംഗ്ലണ്ടാണ്. ഡച്ചുകാര്‍ക്ക് ഹോംലി ഹോളണ്ട്. പോര്‍ച്ചുഗീസുകാര്‍ക്കാകട്ടെ ലിറ്റില്‍ ലിസ്ബണ്‍. ഏതു രാജ്യക്കാരനെയും ഏതു ഭാഷക്കാരനെയും അതേ വ്യക്തിത്വത്തില്‍ ഉള്‍ക്കൊള്ളാന്‍ അറബിക്കടലിന്റെ റാണിക്ക് കഴിയും.
സഞ്ചാരികളെ അത്ഭുതപ്പെടുത്തുന്ന, വിവിധ സംസ്‌കാരങ്ങളുടെയും ചരിത്രസ്മാരകങ്ങളുടെയും സംഗമഭൂമി. പോര്‍ച്ചുഗീസ്, ഡച്ച്, ബ്രിട്ടീഷ്, അറബി, ജൂത പൈതൃകചിഹ്നങ്ങളാലും ചീനവലകളാലും ഈ നാട് സമ്പന്നം. തുറമുഖത്ത് നിലനിന്ന ചാപ്പ സമ്പ്രദായത്തിനെതിരെ പൊരുതി രക്തസാക്ഷികളായ സെയ്ത്, സെയ്താലി, ആന്റണി എന്നിവരുടെ സമരവീര്യം ഇന്നും കൊച്ചിയുടെ ചോരയിലുണ്ട്. മത്സ്യത്തൊഴിലാളിമേഖലയാണ് കൊച്ചി. മീന്‍ പിടിച്ച് ഉപജീവനം നടത്തുന്നവരാണ് ഭൂരിഭാഗവും. മട്ടാഞ്ചേരി, കൊച്ചങ്ങാടി, കപ്പലണ്ടിമുക്ക്, ചുള്ളിക്കല്‍ പ്രദേശങ്ങളിലുള്ളവരുടെ പ്രധാന ഉപജീവനമാര്‍ഗം തോപ്പുംപടി ഹാര്‍ബറിലെ അനുബന്ധജോലികളാണ്. സ്ഥിരംജോലിക്കാര്‍ തീരെ കുറവ്.
ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, വില്ലിങ്ടണ്‍ ഐലന്‍ഡ്, കണ്ണമാലി, ചെല്ലാനം, കുമ്പളങ്ങി എന്നീ പ്രദേശങ്ങളാണ് കൊച്ചി മണ്ഡലത്തിന്റെ പ്രധാന കേന്ദ്രങ്ങള്‍. കൊച്ചി താലൂക്കില്‍ ഉള്‍പ്പെടുന്ന കോര്‍പറേഷന്റെ ഒന്നുമുതല്‍ 12 വരെയുള്ള ഡിവിഷനുകളും 21 മുതല്‍ 28 വരെയുള്ള ഡിവിഷനുകളും കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളും ചേര്‍ന്നതാണ് കൊച്ചി മണ്ഡലം. പഴയ മട്ടാഞ്ചേരി മണ്ഡലത്തില്‍നിന്ന് തുറമുഖവും വാത്തുരുത്തിയും ഒഴിവാക്കി, പഴയ പള്ളുരുത്തി മണ്ഡലത്തിലെ കുമ്പളങ്ങി, ചെല്ലാനം പഞ്ചായത്തുകളും കൊച്ചി നഗരസഭയിലെ 20 ഡിവിഷനുകളും ചേര്‍ന്ന് 2011ലാണ് കൊച്ചി മണ്ഡലം നിലവില്‍വന്നത്.
മുന്നണികളെ മാറിമാറി തുണയ്ക്കുന്ന രീതിയാണ് മട്ടാഞ്ചേരി, പള്ളുരുത്തി മണ്ഡലങ്ങള്‍ക്ക് ഉണ്ടായിരുന്നത്. കൊച്ചി മണ്ഡലം നിലവില്‍വന്നശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ സിപിഐ എമ്മിലെ എം സി ജോസഫൈനെതിരെ കോണ്‍ഗ്രസിന്റെ ഡൊമിനിക് പ്രസന്റേഷനായിരുന്നു വിജയം. 2016ലെ തെരഞ്ഞെടുപ്പില്‍ കൊച്ചി ഡൊമിനിക് പ്രസന്റേഷനെ കൈവിട്ടു.
സിപിഐ എമ്മിലെ കെ ജെ മാക്സിക്കൊപ്പമായിരുന്നു മണ്ഡലത്തിന്റെ മനസ്സ്. 47,967 വോട്ട് നേടി 1086 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ ജെ മാക്സി ജയിച്ചുകയറിയത്. കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, മത്സ്യമേഖല, വിനോദസഞ്ചാരം തുടങ്ങി എല്ലാ മേഖലയിലും ഗുണപരമായ മാറ്റത്തിന്റെ അഞ്ചുവര്‍ഷമാണ് പിന്നിട്ടത്.
ജനുവരിയിലെ കണക്കുപ്രകാരം കൊച്ചി മണ്ഡലത്തില്‍ ആകെ 1,77,394 വോട്ടര്‍മാരാണുള്ളത്. 86,455 പുരുഷന്മാരും 90,939 സ്ത്രീകളും.