അമ്പലപ്പുഴ: മിഴാവിനൊപ്പം മിഴിവോടെ ഇടതുപക്ഷം

Monday Mar 1, 2021
ജോബിൻസ്‌ ഐസക്‌

അമ്പലപ്പുഴ> ചരിത്രവും ഐതിഹ്യവും കൗതുകങ്ങളും ഇഴചേർന്നയിടം. അമ്പലപ്പുഴ പാൽപ്പായസത്തിന്റെ രുചിമഹിമയും പുന്നപ്രയുടെ പോരാട്ടവീറും സാമൂഹ്യജീവിതത്തിന്റെ ഈടുവയ്‌പുകൾ. ചിരിയുംചിന്തയും വിതറിയ കുഞ്ചൻനമ്പ്യാരുടെ രാഷ്‌ട്രീയവിമർശം അദ്ദേഹത്തിന്റെ മിഴാവിനൊപ്പം കുടിയിരുത്തിയതായിതോന്നും എന്നും അനീതിക്കെതിരെ രോഷമുർത്തിയ അമ്പലപ്പുഴയിലെ മനുഷ്യരുടെ രാഷ്‌ട്രീയബോധ്യങ്ങൾ. തുടക്കത്തിൽ കക്ഷികളെ മാറിമാറി ജയിപ്പിച്ചെങ്കിലും ക്രമേണ വിപ്ലവപൈതൃകത്തിന്റെ നീതിബോധത്തിൽ അടിയുറച്ചു‌.  

ആലപ്പുഴ നഗരസഭയിലെ 27 വാർഡും പുന്നപ്ര വടക്ക്, പുന്നപ്ര തെക്ക്, അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക്, പുറക്കാട് പഞ്ചായത്തും ചേർന്നതാണ്‌ അമ്പലപ്പുഴ മണ്ഡലം. വി എസ്‌ അച്യുതാനന്ദനെയും പി കെ ചന്ദ്രാനന്ദനെയും സുശീലാ ഗോപാലനെയും നിയമസഭയിൽ എത്തിച്ച പാരമ്പര്യമുണ്ട്‌. തുടർവിജയങ്ങളുടെ ഹാട്രിക്കിലൂടെ ജി സുധാകരൻ മണ്ഡലത്തിൽ ചുവപ്പിന്റെ ആധിപത്യം ഉറപ്പിച്ചു. തദ്ദേശതെരഞ്ഞെടുപ്പിൽ നഗരസഭയിൽ ഉൾപെട്ട 20 വാർഡും അഞ്ച്‌ പഞ്ചായത്തും അമ്പലപ്പുഴ ബ്ലോക്കും ജില്ലാ പഞ്ചായത്ത്‌ ഡിവിഷനും എൽഡിഎഫിനെ വിജയിപ്പിച്ച്‌ മേൽക്കോയ്‌മയ്‌ക്ക്‌ അടിവരയിട്ടു. അമ്പലപ്പുഴ വടക്ക്‌, തെക്ക്‌, പുന്നപ്ര വടക്ക്‌‌, തെക്ക്‌, പഞ്ചായത്തിനൊപ്പം ഇത്തവണ പുറക്കാടും നേടിയാണ്‌  ഇടതുതേരോട്ടം. ബ്ലോക്കിൽ 13ൽ 12 ഡിവിഷനും ജയിച്ചു. അമ്പലപ്പുഴ, പുന്നപ്ര ജില്ലാ പഞ്ചായത്ത്‌ ഡിവിഷനുകളിലായി മാത്രം 15,000 വോട്ട്‌ ലീഡുണ്ട്‌. 10 വർഷത്തിനു ശേഷം അമ്പലപ്പുഴ ഡിവിഷൻ എൽഡിഎഫ്‌ തിരിച്ചുപിടിക്കുകയായിരുന്നു.

1965ൽ 2,327 വോട്ടിന് കോൺഗ്രസിലെ കെ എസ്‌ കൃഷ്‌ണക്കുറുപ്പ്‌ വിജയിച്ച മണ്ഡലം 67ൽ 9,515 വോട്ടിന് വിഎസ്‌ തിരിച്ചുപിടിച്ചു. 70ലും വിഎസ്‌ വിജയം ആവർത്തിച്ചു.
77ൽ ആർഎസ്‌പിയിലെ കെ കെ കുമാരപിള്ള ജയിച്ചു. 80ൽ പികെസിയിലൂടെ സിപിഐ എം മണ്ഡലം തിരിച്ചുപടിച്ചു. 82ൽ യുഡിഎഫ്‌ സ്വതന്ത്രനായും 87ൽ കോൺഗ്രസ്‌ സ്ഥാനാർഥിയായും വി ദിനകരനാണ്‌ വിജയം. 1991ൽ സി കെ സദാശിവനിലൂടെ വീണ്ടും സിപിഐ എം. 1996ൽ സുശീല ഗോപാലൻ. 2001ൽ കോൺഗ്രസിലെ ഡി സുഗതൻ വിജയിച്ച ശേഷം പിന്നീട്‌ യുഡിഎഫിന്‌ പച്ചതൊടാനായില്ല. 2006ലും 11ലും 16ലും ജി സുധാകരന്റെ ഊഴം. 2006ൽ ഡി സുഗതൻ 11,929 വോട്ടിന് തോറ്റു. 2011ൽ എം ലിജുവിന്റെ തോൽവി 16,560 വോട്ടിന്‌. 2016ൽ യുഡിഎഫ്‌ സ്ഥനാർഥി ഷേയ്‌ക്ക്‌ പി ഹാരീസിനെ 22,621 വോട്ടിന്‌ പരാജയപ്പെടുത്തിയാണ്‌ ജി സുധാകരൻ ഇവിടെ ഹാട്രിക്‌ജയം പൂർത്തിയാക്കിയത്‌.  


2016 വോട്ടുനില


ജി സുധാകരൻ (സിപിഐ എം) 63,069
ഷേഖ്‌ പി ഹാരിസ്‌ (ജെഡിയു) 40,448
എൽ പി ജയചന്ദ്രൻ (ബിജെപി) 22,730
ഭൂരിപക്ഷം: 22,621