മണലൂർ: സമരപുളകങ്ങളുടെ കർഷകനാട്
Monday Mar 1, 2021
മണക്കുടിക്കായൽ നികത്തിയെടുത്ത ‘കോൾകൃഷി'പ്പാടങ്ങൾ ഇവിടെ വ്യാപിച്ചു കിടക്കുന്നു വശ്യസുന്ദരമായ പ്രകൃതിദൃശ്യങ്ങളാൽ മനോഹരഭൂമി. കാർഷികമുന്നേറ്റങ്ങളുടെയും നാട്. ഇത് മണലൂർ നിയോജയക മണ്ഡലം ഐക്യകേരളപ്പിറവിക്കുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ പ്രൊഫ. ജോസഫ് മുണ്ടശേരിയെ ജയിപ്പിച്ച മണ്ഡലം
തൃശൂർ> ചെത്തുതൊഴിലാളി സമരവീര്യംകൊണ്ട് ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെട്ട വിപ്ലവമണ്ണ്. വശ്യസുന്ദരമായ പ്രകൃതിദൃശ്യങ്ങളാൽ മനോഹരഭൂമി. കാർഷികമുന്നേറ്റങ്ങളുടെയും നാട്. ഇത് മണലൂർ നിയോജക മണ്ഡലം. മണക്കുടിക്കായൽ നികത്തിയെടുത്ത ‘കോൾകൃഷി'പ്പാടങ്ങൾ ഇവിടെ വ്യാപിച്ചു കിടക്കുന്നു. സമുദ്രനിരപ്പിലും താഴ്ന്നുകിടക്കുന്ന ഈ പ്രദേശത്തിലേറെയും ആണ്ടിൽ ഏഴെട്ടുമാസവും വെള്ളക്കെട്ടിലാണ്. വേനൽക്കാലത്ത് വെള്ളം വറ്റിച്ചു നെൽകൃഷി ചെയ്യുന്നു. തെങ്ങിൻതോപ്പും ഇരുപ്പൂനിലങ്ങളും നിറഞ്ഞ ഇവിടം, കർഷകരും- കർഷകത്തൊഴിലാളികളും ഉൾപ്പെടെ സാധാരണക്കാർ തിങ്ങിപ്പാർക്കുന്നു.
കള്ളുചെത്തും കോൾകൃഷിയുമാണ് പ്രധാന തൊഴിൽ. തൃശൂർ-–-കാഞ്ഞാണി–--പെരിങ്ങോട്ടുകര–-- തൃപ്രയാർ റോഡാണ് പ്രധാന ഗതാഗതമാർഗം. ധാരാളം ക്ഷേത്രങ്ങളും പള്ളികളും ഉൾപ്പെടുന്ന ഈ നിയോജകമണ്ഡലം എക്കാലത്തും മതസാഹോദര്യത്തിനും മതേതരത്വത്തിനും പേരുകേട്ട നാടാണ്.
അരിമ്പൂർ, മണലൂർ, ചൂണ്ടൽ, കണ്ടാണശേരി, എളവള്ളി, മുല്ലശേരി, വാടാനപ്പള്ളി, പാവറട്ടി, വെങ്കിടങ്ങ് ഗ്രാമപഞ്ചായത്തുകൾ ചേർന്നതാണ് നിയോജകമണ്ഡലം. മണലൂരൊഴികേ മറ്റെല്ലാ പഞ്ചായത്തിലും ഭരണം എൽഡിഎഫിനാണ്.
ഐക്യകേരളപ്പിറവിക്കുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ പ്രൊഫ. ജോസഫ് മുണ്ടശേരിയെ ജയിപ്പിച്ച മണ്ഡലം. 1957ലെ കമ്യൂണിസ്റ്റ് സ്ഥാനാർഥിയുടെ വിജയത്തിനുശേഷം കോൺഗ്രസ് ദീർഘകാലം വിജയിച്ച മണ്ഡലത്തിൽ മാറ്റമുണ്ടായത് 2006ലാണ്. അന്ന് സിപിഐ എമ്മിലെ മുരളി പെരുനെല്ലി വിജയം നേടി. 2016ലെ തെരഞ്ഞെടുപ്പിൽ
മുരളി പെരുനെല്ലി കോൺഗ്രസിലെ ഒ അബ്ദുറഹിമാൻകുട്ടിയെ 19,325 വോട്ടുകൾക്ക് പരാജയപ്പെടുത്തി.
എൽഡിഎഫ് വിജയത്തോടെയാണ് മണലൂരിൽ വികസനമെന്തെന്ന് കാണാൻ തുടങ്ങിയത്.
തൃശൂർ–- കാഞ്ഞാണി–- വാടാനപ്പള്ളി സംസ്ഥാന ഹൈവേ വീതികൂട്ടിയുള്ള ഒന്നാഘട്ടം പൂർത്തീകരിച്ചു. 2.4 കോടി ഉപയോഗപ്പെടുത്തി മണലൂർ ഐടിഐക്ക് പുതിയ കെട്ടിടം നിർമിച്ചു. തൃശൂർ–- കുറ്റിപ്പുറം പാതയിൽ 3.9 കോടി രൂപ ചെലവഴിച്ച് ചൂണ്ടൽപാലം തുറന്നു. 70 വർഷത്തിലേറെ പഴക്കമുള്ള തകരാറിലായ കാഞ്ഞാണി പെരുമ്പുഴപാലം യുദ്ധകാലാടിസ്ഥാനത്തിൽ പുതുക്കിപ്പണിതു.
പൊതുവിദ്യാഭ്യാസ രംഗത്തെ 92 സ്കൂളുകൾക്ക് അഞ്ചുകോടിയുടെ ഉപകരണങ്ങൾ കൈമാറി. കിഫ്ബിയുടെ അഞ്ചുകോടി ചെലവഴിച്ച് മുല്ലശേരി, കണ്ടശാങ്കടവ് മുണ്ടശേരി സ്കൂളുകളിൽ ഹെടെക്ക് സൗകര്യമൊരുക്കി. കാർഷികമേഖലയിലെ കുതിപ്പിന് എല്ലാ സംവിധാനവും ഒരുക്കി. മുല്ലശേരി കമ്യൂണിറ്റി ഹെൽത്ത് സെന്റർ മൂന്നുവർഷമായി ജില്ലയിൽ ഒന്നാം സ്ഥാനത്താണ്. തരിശിടങ്ങൾ ഇല്ലാതാക്കി കൃഷി വീണ്ടെടുത്തും സമസ്ത മേഖലയിലും വികസനപ്രവർത്തനങ്ങളുടെ ഉദാഹരണങ്ങൾ അഞ്ചുവർഷമായി മണ്ഡലത്തിൽ നാട്ടുകാരുടെ കൺമുന്നിലുണ്ട്.