ദേവികുളം: മഞ്ഞണി മലകൾ 
ചുവന്നുതുടുക്കുന്നു

Monday Mar 1, 2021
ജിതിൻ ബാബു

ഇടുക്കി> തെക്കിന്റെ കശ്‌മീരായ മൂന്നാറും ശീതകാല പച്ചക്കറിയുടെ കലവറയായ വട്ടവടയും കാന്തല്ലൂരും ചന്ദനം വളരുന്ന മറയൂരും ഹൈറേഞ്ചിന്റെ വാണിജ്യകേന്ദ്രമായ അടിമാലിയും കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയും അടങ്ങുന്ന ദേവികുളം നിയോജകമണ്ഡലം. കേരളം രൂപീകൃതമായതിനു ശേഷം 1957ൽ നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളം ദ്വയാംഗ മണ്ഡലമായിരുന്നു. കമ്യൂണിസ്റ്റ്‌ പാർടിയിലെ റോസമ്മ പുന്നൂസാണ്‌ പൊതു മണ്ഡലത്തിൽ വിജയിച്ചത്‌. തെരഞ്ഞെടുപ്പ്‌ ഹർജിയെ തുടർന്ന്‌ ഇലക്‌ഷൻ ട്രിബ്യൂണൽ 1957 നവംബർ 14ന്‌ തെരഞ്ഞെടുപ്പ്‌ റദ്ദാക്കി. 1958 മെയ്‌ 16ന്‌ നടന്ന ഉപതെരഞ്ഞെടുപ്പിലും വിജയം റോസമ്മ പുന്നൂസിനൊപ്പമായിരുന്നു. കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പ്‌ കേസും ആദ്യ ഉപതെരഞ്ഞെടുപ്പുമായിരുന്നു ഇത്‌.

തോട്ടം–- കാർഷിക മേഖലകൾ ഉൾപ്പെടുന്ന മണ്ഡലം 1960 മുതൽ എസ്‌‌സി സംവരണമാണ്‌. എൽഡിഎഫിൽനിന്ന്‌ സിപിഐ എമ്മും യുഡിഎഫിൽനിന്ന്‌ കോൺഗ്രസും നേരിട്ട്‌ ഏറ്റുമുട്ടുന്ന മണ്ഡലം. 1991 മുതൽ എ കെ മണിയാണ്‌ യുഡിഎഫിനായി മത്സരിക്കുന്നത്‌. തുടർച്ചയായി മൂന്നു തവണ നിയമസഭയിലെത്തിയ എ കെ മണിയിൽനിന്ന്‌ 2006ൽ എസ്‌ രാജേന്ദ്രനിലൂടെയാണ്‌ എൽഡിഎഫ്‌ മണ്ഡലം പിടിച്ചെടുക്കുന്നത്‌.
പിന്നീട്‌ 2011ലും 2016ലും വിജയം എൽഡിഎഫിനൊപ്പം തന്നെയായിരുന്നു. എൽഡിഎഫ്‌ സർക്കാർ തോട്ടം തൊഴിലാളികൾക്ക്‌ വീട്‌ നൽകിയതും ശീതകാല പച്ചക്കറി കർഷകരുടെ കാത്തിരിപ്പിന്‌ വിരാമമിട്ട്‌ 16 ഇനം പച്ചക്കറികൾക്ക്‌ തറവില പ്രഖ്യാപിച്ചതും ടൂറിസം മേഖലയ്‌ക്ക്‌ നൽകുന്ന ആനുകൂല്യങ്ങളും തെരഞ്ഞെടുപ്പിൽ വിജയം നൽകുമെന്ന ഉറപ്പിലാണ്‌ എൽഡിഎഫ്‌.

ദേവികുളം താലൂക്കിൽ ഉൾപ്പെടുന്ന അടിമാലി, കാന്തല്ലൂർ, മറയൂർ, മാങ്കുളം, മൂന്നാർ, വട്ടവട, വെള്ളത്തൂവൽ, ദേവികുളം, പള്ളിവാസൽ, ഇടമലക്കുടി, ഉടുമ്പൻചോല താലൂക്കിലെ ബൈസൺവാലി, ചിന്നക്കനാൽ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ്‌ മണ്ഡലം. നിലവിൽ ഏഴ്‌ പഞ്ചായത്തിൽ‌ എൽഡിഎഫും അഞ്ച്‌ പഞ്ചായത്തിൽ യുഡിഎഫുമാണ്‌ അധികാരത്തിൽ. മണ്ഡലത്തിൽ ഉൾപ്പെടുന്ന ദേവികുളം ബ്ലോക്ക്‌ പഞ്ചായത്ത്‌ എൽഡിഎഫ്‌ പിടിച്ചെടുത്തപ്പോൾ അടിമാലിയിൽ ശക്തമായ പോരാട്ടം കാഴ്‌ചവയ്‌ക്കാനും എൽഡിഎഫിനായി.


ദേവികുളത്തെ നയിച്ചവർ
1957– റോസമ്മ പുന്നൂസ്‌(സിപിഐ)
1960: മുരുകേശൻ വെങ്കിടേശൻ(കോൺഗ്രസ്‌)
1965: ജി വരദൻ(സിപിഐ എം)
1967: എൻ ഗണപതി(കോൺഗ്രസ്‌)
1970: ജി വരദൻ(സിപിഐ എം)
1977: കിട്ടപ്പ നാരായണ സ്വാമി(കോൺഗ്രസ്‌)
1980: ജി വരദൻ(സിപിഐ എം)
1982: ജി വരദൻ(സിപിഐ എം)
1987: എസ്‌ സുന്ദരമാണിക്യം(സിപിഐ എം)
1991: എ കെ മണി(കോൺഗ്രസ്‌)
1996: എ കെ മണി(കോൺഗ്രസ്‌)
2001 : എ കെ മണി(കോൺഗ്രസ്‌)
2006: എസ്‌ രാജേന്ദ്രൻ(സിപിഐ എം)
2011: എസ്‌ രാജേന്ദ്രൻ(സിപിഐ എം)
2016: എസ്‌ രാജേന്ദ്രൻ(സിപിഐ എം)