താനൂർ :കോട്ട തകർത്ത വീരേതിഹാസം
Monday Mar 1, 2021
സ്വന്തം ലേഖകൻ
താനൂർ>സ്വാതന്ത്ര്യ സമരത്തിന്റെ രണസ്മരണ ഇരമ്പുന്ന തീരഭൂമി. ഉമൈത്താനത്ത് കുഞ്ഞിക്കാദറിന്റെ സ്മരണ തുടിക്കുന്ന നാട്. മതമൈത്രിയുടെ ഈറ്റില്ലം. 1921ലെ മലബാർ കലാപകാലത്തിന്റെ നിണമണിഞ്ഞ ഓർമകളുമുണ്ട് താനൂരിന്.
പടിഞ്ഞാറ് അറബിക്കടലും തെക്ക് പൂരപ്പുഴയും അതിരിടുന്നു. കർഷക തൊഴിലാളികളും മത്സ്യതൊഴിലാളികളും ഏറെയുള്ള പ്രദേശം. താനൂർ നഗരസഭയും താനാളൂർ, ഒഴൂർ, ചെറിയമുണ്ടം, നിറമരുതൂർ, പൊന്മുണ്ടം എന്നീ അഞ്ച് പഞ്ചായത്തുകളും ഉൾപ്പെടുന്നു.
1957ൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സി എച്ച് മുഹമ്മദ് കോയയാണ് ആദ്യ നിയമസഭാംഗം. 1960ൽ സി എച്ച് മുഹമ്മദ് കോയ മുസ്ലിംലീഗ് സ്ഥാനാർഥിയായി വീണ്ടും ജയിച്ചു. മുസ്ലിംലീഗിലെ ഇ അഹമ്മദ് മൂന്നുതവണയും പി കെ അബ്ദുറബ്ബ്, അബ്ദുറഹ്മാൻ രണ്ടത്താണി എന്നിവർ രണ്ടുതവണവീതവും മറ്റുള്ളവർ ഓരോതവണയും ജയിച്ചു. 55 വർഷം ലീഗിന്റെ കുത്തകയായ മണ്ഡലം 2016ൽ സ്വതന്ത്രസ്ഥാനാർഥി വി അബ്ദുറഹ്മാനിലൂടെ ഇടതുപക്ഷം പിടിച്ചെടുത്തു.
മുൻ കെപിസിസി അംഗമായിരുന്ന വി അബ്ദുറഹ്മാൻ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ എൽഡിഎഫ് സ്ഥാനാർഥിയായതോടെയാണ് മണ്ഡലത്തിന്റെ രാഷ്ട്രീയചിത്രം മാറിയത്.
ഇ ടി മുഹമ്മദ് ബഷീറിനോട് 25,410 വോട്ടുകൾക്കായിരുന്നു പരാജയം. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താനൂരിൽ എൽഡിഎഫ് സ്വതന്ത്രനായി രംഗത്തെത്തിയ അബ്ദുറഹ്മാൻ 4918 വോട്ടിന് മുസ്ലിംലീഗിലെ അബ്ദുറഹ്മാൻ രണ്ടത്താണിയെ പരാജയപ്പെടുത്തി.
നിലവിൽ താനാളൂർ പഞ്ചായത്തിൽമാത്രമാണ് എൽഡിഎഫ് ഭരണം. നിറമരുതൂർ, ഒഴൂർ പഞ്ചായത്തുകൾ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് ഭരണം. ചെറിയമുണ്ടം, പൊന്മുണ്ടം താനൂർ നഗരസഭ എന്നിവിടങ്ങളിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ എൽഡിഎഫിനായി.
കഴിഞ്ഞ അഞ്ച് വർഷം 1000 കോടി രൂപയുടെ വികസന പദ്ധതികളാണ് വി അബ്ദുറഹ്മാൻ എംഎൽഎ നടപ്പാക്കിയത്. താനൂർ ഹാർബർ, ഗവ. കോളേജ്, തയ്യാല റോഡ് റെയിൽവേ മേൽപ്പാലം, സമഗ്ര കുടിവെള്ള പദ്ധതി, ഡയാലിസിസ് സെന്റർ, സ്റ്റേഡിയങ്ങൾ, ഹൈടെക് വിദ്യാലയങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, തീരദേശ ഹൈവേ തുടങ്ങിയവ ശ്രദ്ധേയ പദ്ധതികൾ.
പ്രതിനിധീകരിച്ചവർ ഇവർ
1957: സി എച്ച് മുഹമ്മദ് കോയ (സ്വത.)
1960: സി എച്ച് മുഹമ്മദ് കോയ (ലീഗ്)
1965: സി മുഹമ്മദ്കുട്ടി (ലീഗ്)
1967: എം മൊയ്തീൻകുട്ടി (ലീഗ്)
1970: ഉമ്മർ ബാഫഖി തങ്ങൾ (ലീഗ്)
1977: യുഎ ബീരാൻ (ലീഗ്)
1980: ഇ അഹമ്മദ് (ലീഗ്)
1982: ഇ അഹമ്മദ് (ലീഗ്)
1987: ഇ അഹമ്മദ് (ലീഗ്)
1991: പി സീതി ഹാജി (ലീഗ്)
1996: പി കെ അബ്ദുറബ്ബ് (ലീഗ്)
2001: പി കെ അബ്ദുറബ്ബ് (ലീഗ്)
2006: അബ്ദുറഹിമാൻ രണ്ടത്താണി (ലീഗ്)
2011: അബ്ദുറഹിമാൻ രണ്ടത്താണി (ലീഗ്)
2016: വി അബ്ദുറഹ്മാൻ (എൽഡിഎഫ് സ്വതന്ത്രൻ)
2016 നിയമസഭ
വി അബ്ദുറഹ്മാൻ (എൽഡിഎഫ് സ്വത.): 64,472
അബ്ദുറഹിമാൻ രണ്ടത്താണി (ലീഗ്): 59,554
പി ആർ രശ്മിൽനാഥ് (ബിജെപി): 11,051
ഭൂരിപക്ഷം: 4918
തദ്ദേശ തെരഞ്ഞെടുപ്പ് 2020
താനാളൂർ (എൽഡിഎഫ്). നിറമരുതൂർ, ഒഴൂർ, ചെറിയമുണ്ടം, പൊന്മുണ്ടം താനൂർ നഗരസഭ (യുഡിഎഫ്).