ഏറനാട്‌: കൃഷിയുടെയും കാൽപ്പന്തിന്റെയും ഭൂമിക

Monday Mar 1, 2021
സ്വന്തം ലേഖിക

അരീക്കോട് >ചാലിയാറിന്റെ ഓരംചേർന്ന മണ്ണാണ്‌ ഏറനാട്‌. കാൽപ്പന്ത്‌ കളിയെ നെഞ്ചേറ്റിയ ‘ഫുട്‌ബോളിന്റെ മക്ക’. മലയോരവും വനപ്രദേശങ്ങളും നിറഞ്ഞ ഇടം. കാർഷികമേഖലക്കാണ്‌ പ്രാധാന്യം.  
ആദിവാസിവിഭാഗങ്ങളും കുടിയേറ്റജനതയും പ്രവാസികളും ഏറെയുള്ള മണ്ഡലം.

നിലമ്പൂർ, വണ്ടൂർ, മഞ്ചേരി മണ്ഡലങ്ങളുടെ വിവിധ ഭാഗങ്ങൾ ചേർത്ത്‌‌ 2011ലാണ്‌ ഏറനാട് മണ്ഡലം രൂപീകരിച്ചത്‌. അരീക്കോട്, കീഴുപറമ്പ്, ഊർങ്ങാട്ടിരി, കാവനൂർ, കുഴിമണ്ണ, എടവണ്ണ, ചാലിയാർ എന്നീ ഏഴ് പഞ്ചായത്തുകൾ  ഉൾപ്പെടുന്നു. വയനാട് ലോക്‌സഭാ മണ്ഡല പരിധിയിലാണ്‌.
മണ്ഡല രൂപീകരണംമുതൽ  മുസ്ലിംലീഗിലെ പി കെ ബഷീറാണ് നിയമസഭയിൽ ഏറനാടിനെ  പ്രതിനിധീകരിക്കുന്നത്.

രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലീഗിന് പതിനായിരത്തിൽ കൂടുതൽ ഭൂരിപക്ഷമുണ്ടെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പുകളിൽ വ്യക്തമായ മേധാവിത്വമില്ല. അതുകൊണ്ടുതന്നെ മണ്ഡലത്തിൽ എൽഡിഎഫിനും സാധ്യതയേറെ.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എംഎൽഎയുടെ നാടായ എടവണ്ണ പഞ്ചായത്ത് എൽഡിഎഫ് പിടിച്ചെടുത്തു. എടവണ്ണ  ഒഴികെ ആറ്‌ പഞ്ചായത്തിലും ഭരണം യുഡിഎഫിനാണ്. അരീക്കോട്, ചാലിയാർ പഞ്ചായത്തുകളിൽ കനത്ത മത്സരമാണ് ഇടതുപക്ഷം കാഴ്‌ചവച്ചത്‌. കീഴുപറമ്പ് പഞ്ചായത്തിലെ യുഡിഎഫ്‌–-വെൽഫെയർ പാർടി കൂട്ട്‌ വലിയ ചർച്ചയായി.

രാഷ്‌ട്രീയപരമായി വേരോട്ടമുള്ള മണ്ഡലത്തിൽ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന പ്രതീക്ഷയാണ്‌ ഇടതുപക്ഷത്തിനുള്ളത്‌. അതേ സമയം മുസ്ലിംലീഗിലെ അപസ്വരങ്ങൾ യുഡിഎഫിന്‌ തലവേദനയാണ്‌. പി കെ ബഷീർ ഇനി മത്സരിക്കരുതെന്ന ആവശ്യവും ഒരുവിഭാഗം ലീഗുകാർതന്നെ മുന്നോട്ടുവയ്ക്കുന്നു‌.


വോട്ട് നില - 2011

പി കെ ബഷീർ (മുസ്ലിംലീഗ്‌)–- -58,698
പി വി അൻവർ -(സ്വതന്ത്രൻ)- –-47, 452
കെ പി ബാബുരാജ് -(ബിജെപി) –-3448
അഷ്റഫ് കാളിയത്ത് -(എൽഡിഎഫ്) –- 2700
ഭൂരിപക്ഷം -–- 11,246

വോട്ട് നില - 2016

പി കെ ബഷീർ -(മുസ്ലിംലീഗ്) -–-  69,048
കെ ടി അബ്ദുറഹിമാൻ -(എൽഡിഎഫ്‌)- –- 56,155
കെ പി ബാബുരാജ് - (ബിജെപി) -–-6055
ഭൂരിപക്ഷം 12,893.

തദ്ദേശ തെരഞ്ഞുപ്പ് 2020‌

എടവണ്ണ:     എല്‍ഡിഎഫ്
അരീക്കോട്: യുഡിഎഫ്
കീഴുപറമ്പ്:     ''
ഊർങ്ങാട്ടിരി:  ''
കാവനൂർ:        ''
കുഴിമണ്ണ         ''
ചാലിയാർ       ''