വേങ്ങര: ചരിത്രം തുടിക്കുന്ന ദേശപ്പെരുമ
Monday Mar 1, 2021
സ്വന്തം ലേഖകൻ
വേങ്ങര> സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ വിളനിലമാണ് വേങ്ങര. 19-ാം നൂറ്റാണ്ടിൽ ആരംഭിച്ച കാർഷിക പോരാട്ടം, ബ്രിട്ടീഷുകാർ നാടുകടത്തിയ ഫസൽ പൂക്കോയ തങ്ങളുടെ ആസ്ഥാനമായ മമ്പുറം, 1921ലെ ചേറൂർ കലാപം, 1938ലെ പറപ്പൂർ കെപിസിസി സമ്മേളനം–-ചരിത്രത്താളുകളിൽ മണ്ഡലത്തിന് സ്ഥാനമേറെ.
മലപ്പുറം, തിരൂരങ്ങാടി, താനൂർ മണ്ഡലങ്ങൾ വിഭജിച്ച് 2009ൽ വേങ്ങര രൂപംകൊണ്ടു. മലപ്പുറത്തിന്റെ ഭാഗമായിരുന്ന ഒതുക്കുങ്ങൾ, വേങ്ങര, ഊരകം, കണ്ണമംഗലം താനൂരിന്റെ ഭാഗമായിരുന്ന പറപ്പൂർ തിരൂരങ്ങാടിയുടെ ഭാഗമായിരുന്ന എആർ നഗർ എന്നീ പഞ്ചായത്തുകളാണുള്ളത്. 2011, 2016 വർഷങ്ങളിലെ പൊതുതെരഞ്ഞെടുപ്പുകൾകൂടാതെ 2017ൽ ഉപതെരഞ്ഞെടുപ്പിനെയും നേരിട്ടു. മലപ്പുറം ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന ഇ അഹമ്മദിന്റെ മരണത്തോടെ മണ്ഡലത്തിൽനിന്നുള്ള എംഎൽഎയായ പി കെ കുഞ്ഞാലിക്കുട്ടി രാജിവച്ച് ലോക്സഭയിലേക്ക് മത്സരിച്ചതാണ്
ഉപതെരഞ്ഞെടുപ്പിനിടയാക്കിയത്. മൂന്ന് തെരഞ്ഞെടുപ്പിലും യുഡിഎഫ് സ്ഥാനാർഥികൾക്കാണ് വിജയം.
പി കെ കുഞ്ഞാലിക്കുട്ടി രണ്ടുവട്ടവും ഉപതെരഞ്ഞെടുപ്പിൽ കെ എൻ എ ഖാദറും എംഎൽഎയായി. 2016ൽ യുഡിഎഫ് 38,057 വോട്ടുകളുടെ ഭൂരിപക്ഷം നേടിയപ്പോൾ ഉപതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം 23,310 ആയി കുറയ്ക്കാനായത് എൽഡിഎഫിന് നേട്ടമാണ്. ഈ മുന്നേറ്റത്തിലാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷ.
വേങ്ങരയുടെ വികസന പ്രവർത്തനങ്ങൾക്ക് എൽഡിഎഫ് സർക്കാർ മികച്ച പിന്തുണയാണ് നൽകിയത്. വഴിക്കടവ് –- പരപ്പനങ്ങാടി റോഡ് നവീകരണം, വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് മൂന്നുനില കെട്ടിടം, വേങ്ങര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് അഞ്ച് കോടിയുടെ കെട്ടിടം, ഊരകത്ത് പണി ആരംഭിക്കുന്ന 110 കെവി സബ് സ്റ്റേഷൻ, ബിആർസിയിലെ ഓട്ടിസം സെന്റർ തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ.
പ്രതിനിധീകരിച്ചവർ ഇവർ
2011 –- പി കെ കുഞ്ഞാലിക്കുട്ടി
2016 –- പി കെ കുഞ്ഞാലിക്കുട്ടി
2017 –- കെ എൻ എ ഖാദർ
2016 നിയമസഭ
പി കെ കുഞ്ഞാലിക്കുട്ടി (യുഡിഎഫ്) -–- 72,181
അഡ്വ. പി പി ബഷീർ (എൽഡിഎഫ്) -–- 34,124
പി ടി അലി ഹാജി (ബിജെപി-) –- 7055
ഭൂരിപക്ഷം –- 38,057
2017 -നിയമസഭാ ഉപതെരഞ്ഞെടുപ്പ്
കെ എൻ എ ഖാദർ (യുഡിഎഫ്) –-- 65,227
അഡ്വ. പി പി ബഷീർ (എൽഡിഎഫ്) –- 41,917
കെ ജനചന്ദ്രൻ (ബിജെപി) –-- 5728
ഭൂരിപക്ഷം –- 23,310
തദ്ദേശതെരഞ്ഞെടുപ്പ് 2020
ഒതുക്കുങ്ങല്, വേങ്ങര, ഊരകം, കണ്ണമംഗലം, പറപ്പൂർ, എആർ നഗർ (യുഡിഎഫ്)