കാഞ്ഞങ്ങാട‌്: ചുവപ്പ് കാക്കും ചരിത്ര ഭൂമിക
Monday Mar 1, 2021
പി പി കരുണാകരൻ
ഇടതുപക്ഷത്തിന്റെ കരുത്തും അജയ്യമായ ശക്തിയും തെളിയിച്ച പാരമ്പര്യമാണ് കാഞ്ഞങ്ങാട് മണ്ഡലത്തിന്.
കാഞ്ഞങ്ങാട്> കാഞ്ഞിരം കാട്ടപ്പന്റെ നാടാണ‌് കാഞ്ഞങ്ങാട‌് എന്ന് പറയുന്നവരുണ്ട്. കോലത്തിരിയുടെ പ്രതിനിധിയായി ഭരിച്ച കാഞ്ഞനെന്ന ആദിവാസി ഇടപ്രഭുവിന്റെ നാടാണ് കാഞ്ഞങ്ങാടായത്. ‘കാഞ്ചനഘട്ട' മാണ് കാഞ്ഞങ്ങാടായതെന്ന ഐതിഹ്യവുമുണ്ട്. മൂഷികവശവും കോലത്തിരിയും വാണ നാട് പിന്നീട് വിജയനഗര രാജാക്കന്മാരും ഇക്കേരിരാജാക്കന്മാരും ഹൈദരാലിയും ടിപ്പുവും കീഴിലാക്കി. പിന്നീട് കർണാടകയും മദ്രാസ് പ്രവിശ്യയും നിയന്ത്രിച്ചു. വിദ്വാൻ പി കേളുനായർ, മഹാകവി പി കുഞ്ഞിരാമൻ നായർ, രസിക ശിരോമണി കോമൻ നായർ, കൂർമൽ എഴുത്തച്ഛൻ തുടങ്ങിയ പ്രതിഭാശാലികളുടെ പാദം പതിഞ്ഞ മണ്ണ‌്. എ സി കണ്ണൻ നായർ, കെ ടി കുഞ്ഞിരാമൻ നമ്പ്യാർ, ദാമോദര ഭക്ത, വിദ്വാൻ പി കേളുനായർ, കെ മാധവൻ തുടങ്ങി സ്വാതന്ത്ര്യസമരപോരാട്ടങ്ങൾക്ക‌് ഇന്ധനമായ നിരവധി നേതാക്കളുടെ ജന്മഗേഹം. ഇടതുപക്ഷത്തിന്റെ കരുത്തും അജയ്യമായ ശക്തിയും തെളിയിച്ച പാരമ്പര്യമാണ് കാഞ്ഞങ്ങാട് മണ്ഡലത്തിന്.
ഹൊദ്സ്‌ദുർഗ് മണ്ഡലമായിരുന്നപ്പോൾ ഒരു തവണ മാത്രമാണ് കോൺഗ്രസ് ജയിച്ചത‌്. കെ ചന്ദ്രശേഖരൻ, എൻ കെ ബാലകൃഷ്ണൻ എന്നീ സോഷ്യലിസ്റ്റുകൾ തെരഞ്ഞെടുക്കപ്പെട്ടു. സിപിഐയിലെ കെ ടി കുമാരൻ മൂന്ന് തവണ ജയിച്ചു (1977, 80, 82), 1987 ൽ കോൺഗ്രസിലെ എൻ മനോഹരനാണ് 59 വോട്ടിന് സിപിഐയിലെ പള്ളിപ്രം ബാലനെ പരാജയപ്പെടുത്തിയത്. എം നാരായണൻ (1991, 96), എം കുമാരൻ (2001), പള്ളിപ്രം ബാലൻ (2006) എന്നിവരും പിന്നീട് മണ്ഡലത്തെ പ്രതിനിധീകരിച്ചു. കാഞ്ഞങ്ങാട് മണ്ഡലം രൂപീകരിച്ച ശേഷം 2011 ൽ ഇ ചന്ദ്രശേഖരനാണ‌് ആദ്യ വിജയി. 2016 ൽ വീണ്ടും ജയിച്ച ചന്ദ്രശേഖരൻ മന്ത്രിയായി.
അഞ്ചുവർഷത്തിനിടയിൽ 3530 കോടിയുടെ വികസനമാണ് എൽഡിഎഫ് സർക്കാർ മണ്ഡലത്തിൽ എത്തിച്ചത്.
വോട്ടുനില
നിയമസഭ–- 2016
ഇ ചന്ദ്രശേഖരൻ -80,558
(സിപിഐ)
ധന്യ സുരേഷ് 54,547
(കോൺഗ്രസ്)
എം പി രാഘവൻ 21,104
(ബിഡിജെഎസ്)
ഭൂരിക്ഷം – -26,011
ലോകസഭ –- 2019
എൽഡിഎഫ് - 74,791
യുഡിഎഫ് -72,570
എൻഡിഎ 20,046
ഭൂരിപക്ഷം -2,221
തദ്ദേശം –- 2020
എൽഡിഎഫ് -87,007
യുഡിഎഫ് -62,796
എൻഡിഎ 23,827
ഭൂരിപക്ഷം -24,211
ആകെ വോട്ടർമാർ –- 2,14,080
സ്‌ത്രീ –- 1,11,569
പുരുഷൻ –-1,02,509