ചുവടുറപ്പിച്ച് ചങ്ങനാശേരി
Monday Mar 1, 2021
ബിജി കുര്യൻ
കോട്ടയം> കേരളം ഉറ്റുനോക്കുന്ന മധ്യതിരുവിതാംകൂറിലെ പ്രധാന മണ്ഡലമായ ചങ്ങനാശേരിയിൽ ഇടതും വലതും മാറിമാറി ജനപ്രിയതയുടെ തേരിലേറിയ ചരിത്രമുണ്ട്. ജാതി –- മത –- സമുദായ സൗഹാർദ്ദത്തിന്റെ ശ്രീകോവിലായി അറിയപ്പെടുന്ന മണ്ഡലത്തിൽ സംസ്ഥാനം ചർച്ചചെയ്യുന്ന വികസന രാഷ്‌ട്രീയം ഇക്കുറി ഏറെ പ്രസക്തമാണ്. 1980 മുതൽ 2016 വരെ തുടർച്ചയായി ഒമ്പത് തവണ സി എഫ് തോമസ് എന്ന റിട്ട. എസ്‌ബി ഹൈസ്‌കൂൾ അധ്യാപകനാണ് ചങ്ങനാശേരിയെ നയിച്ചത്. സി എഫ് തോമസ് വിടപറഞ്ഞതോടെ പുതിയൊരു താരോദയത്തിന് കാക്കുകയാണ് ‘അഞ്ച് വിളക്കിന്റെ നാട്’.
1980ൽ എൽഡിഎഫ് സ്ഥാനാർഥി ആയാണ് സിഎഫിന്റെ രംഗപ്രവേശം. കേരള കോൺഗ്രസി(ജോസഫ്)ലെ കെ ജെ ചാക്കോയെ പരാജയപ്പെടുത്തി കന്നിവിജയം. തുടർന്ന് കേരള കോൺഗ്രസിലേക്ക് ചേക്കേറിയ സി എഫ് പിന്നീട് എട്ട് തവണ കൂടി തുടർച്ചയായി ജയിച്ചു. 1982, 87, 91, 96, 2001, 2006, 2011, 2016 എന്നിങ്ങനെ. 2001ൽ 13,041 വരെ ഉയർന്ന സി എഫിന്റെ ഭൂരിപക്ഷം 2016ൽ 1849 ആയി കുറഞ്ഞു. 1957ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർടി സ്ഥാനാർഥി എ എം കല്യാണകൃഷ്‌ണൻ നായരാണ് ഇവിടെ വിജയിച്ചത്. വീണ്ടും 67ൽ സിപിഐയിലെ കെ ജി എൻ നമ്പൂതിരിപ്പാട് വിജയം കണ്ടു. 80 ൽ കേരള കോൺഗ്രസുകൾ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ സി എഫിലൂടെ എൽഡിഎഫ് വിജയിച്ചു.
കേരള രൂപവൽക്കരണത്തിന് മുമ്പ് തിരുക്കൊച്ചി നിയമസഭയുടെ ഭാഗമായിരുന്നു ഇവിടം. 1948, 51 തെരഞ്ഞെടുപ്പുകളിൽ
അഡ്വ. എം കോരയാണ് വിജയിച്ചത്. 54ൽ എൻഎസ്‌എസ് ജനറൽ സെക്രട്ടറി കൂടിയായിരുന്ന അഡ്വ. എൻ പരമേശ്വരൻപിള്ളയും വിജയിച്ചു. ഇത്തവണ സീറ്റ് ചർച്ചയിലേക്ക് മുന്നണികൾ കടന്നിട്ടില്ല എങ്കിലും ചങ്ങനാശേരി മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വകാംക്ഷികളുടെ പേരുകൾ ഉയർന്ന് കേൾക്കുന്നുണ്ട്. യുഡിഎഫിൽ കേരള കോൺഗ്രസിനെ വെട്ടി കോൺഗ്രസ് സീറ്റ് എടുക്കുമെന്ന ശ്രുതിയുമുണ്ട്.
ചങ്ങനാശേരി നഗരസഭ, കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടതാണ് ചങ്ങനാശേരി നിയമസഭാ മണ്ഡലം. ഇതിൽ നാല് ഗ്രാമപഞ്ചായത്തുകൾ – പായിപ്പാട്, മാടപ്പള്ളി, തൃക്കൊടിത്താനം, കുറിച്ചി –- എൽഡിഎഫ് നിയന്ത്രണത്തിലാണ്. ചങ്ങനാശേരി നഗരസഭയും വാഴപ്പള്ളി പഞ്ചായത്തും യുഡിഎഫ് ഭരിക്കുന്നു
2016ലെ നിയമസഭ വോട്ട്‌നില
ആകെ വോട്ടർമാർ –- 1,66,784 പോളിങ് –- 76.5% സി എഫ് തോമസ് (യുഡിഎഫ്) –- 50,371 കെ സി ജോസഫ്(എൽഡിഎഫ്) –- 48,522 ഏറ്റുമാനൂർ രാധാകൃഷ്‌ണൻ(എൻഡിഎ) –- 21,455 ഭൂരിപക്ഷം –- 1,849
2019 ലെ ലോക്‌സഭ വോട്ട്‌നില
കൊടിക്കുന്നിൽ സുരേഷ് (യുഡിഎഫ്) –- 64,368 ചിറ്റയം ഗോപകുമാർ (എൽഡിഎഫ്) –- 40,958, തഴവ സഹദേവൻ (എൻഡിഎ) –- 13,884 ഭൂരിപക്ഷം –- 23,410
2020ലെ തദ്ദേശഭരണ തെരഞ്ഞെടുപ്പ് വോട്ട്‌നില
എൽഡിഎഫ് –- 49,186 യുഡിഎഫ് –- 43,855 എൻഡിഎ –- 20,216 ഭൂരിപക്ഷം –- 5,331