ഹരിപ്പാട്

ഏകപക്ഷീയമായി ഉരുളില്ല ‘ഏകചക്ര’നഗരം

Monday Mar 1, 2021
ജോബിൻസ്‌ ഐസക്‌

ആലപ്പുഴ> മഹാഭാരത കഥയിലെ ‘ഏകചക്ര' നഗരമാണ്‌ ഹരിപ്പാട് എന്നൊരു ഐതിഹ്യമുണ്ട്. തെരഞ്ഞെടുപ്പ്‌ ചരിത്രത്തിൽ ഏകപക്ഷീയമായി ഉരുളുന്നതല്ല ഹരിപ്പാടിന്റെ രാഷ്‌ട്രീയചക്രം. ഏഴുതവണ വലതുപക്ഷത്തെയും അഞ്ചുതവണ ഇടതുപക്ഷത്തെയും ജയിപ്പിച്ചു. ഈ ചാഞ്ചാട്ടസ്വഭാവമാണ്‌ പതിവായി ബിജെപി സഹായം തേടാൻ യുഡിഎഫിനെ പ്രേരിപ്പിക്കുന്നത്‌.

നഗരസഭയും 10 പഞ്ചായത്തും ചേർന്നതാണ്‌ ഹരിപ്പാട്‌ മണ്ഡലം. രമേശ്‌ ചെന്നിത്തല നേത‌ൃത്വം നൽകിയിട്ടും തദ്ദേശ തെരഞ്ഞെടുപ്പിൽ‌ യുഡിഎഫിന്‌ അടിപതറി.  അഞ്ചിൽ നാല് ഭൂരിപക്ഷമുണ്ടായിരുന്ന നഗരസഭയിൽ (29 ൽ 24 സീറ്റും) യുഡിഎഫിന്‌ ഇക്കുറി സ്വതന്ത്രനടക്കം 14 സീറ്റ്‌ മാത്രം. 10 വർഷം ഭരിച്ച ഹരിപ്പാട് ബ്ലോക്ക്‌ പഞ്ചായത്ത്‌  എൽഡിഎഫ് പിടിച്ചെടുത്തു. ഹരിപ്പാട്‌, മുതുകുളം ബ്ലോക്കിലെ 20ൽ 16ഡിവിഷനും എൽഡിഎഫ്‌ നേടി. ജില്ലാപഞ്ചായത്ത്‌ കരുവാറ്റ, പള്ളിപ്പാട്‌ ഡിവിഷനുംനേടി. മുതുകുളത്ത്‌ കോൺഗ്രസും.

ആറാട്ടുപുഴ, കാർത്തികപ്പള്ളി, മുതുകുളം, കുമാരപുരം, പള്ളിപ്പാട്‌, ചേപ്പാട്‌, കരുവാറ്റ പഞ്ചായത്തുകൾ‌
എൽഡിഎഫിനാണ്‌. കാൽനൂറ്റാണ്ട്‌ യുഡിഎഫ് നിയന്ത്രിച്ച മുതുകുളവും 1980 മുതൽ കുത്തകയാക്കിയ പള്ളിപ്പാടും‌  എൽഡിഎഫ് നേടി. പത്തിൽ എട്ടിൽനിന്ന്‌ യുഡിഎഫ്‌ മൂന്നായികുറഞ്ഞു. ഹരിപ്പാട്‌ നഗരസഭയും തൃക്കുന്നപ്പുഴ, ചിങ്ങോലി, ചെറുതന പഞ്ചായത്തുകളും മാത്രമേ‌ യുഡിഎഫ് നേടിയുള്ളു. ഇതിൽ ചെറുതന നറുക്കെടുപ്പിലൂടെയും.

2016ൽ രമേശ് ചെന്നിത്തല 18,621 വോട്ടിനു ജയിച്ചു. 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ ഭൂരിപക്ഷം 5,000 ആയികുറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ 1,747 വോട്ട്‌ ഭൂരിപക്ഷം നേടി. 2016ലേതിനേക്കാൾ എൽഡിഎഫിന്‌ 2,765 വോട്ട്‌ ‌കൂടിയപ്പോൾ യുഡിഎഫിന്‌ കുറഞ്ഞത്‌ 17,348 വോട്ട്‌. ബിജെപിക്ക്‌ 13,000 വോട്ട്‌ കൂടി.

1957ൽ സ്വതന്ത്രൻ വി രാമകൃഷ്‌ണപിള്ളയാണ്‌ ജയിച്ചത്‌. 1960ൽ എൻ എസ്‌ കൃഷ്‌ണപിള്ളയിലൂടെ കോൺഗ്രസ്‌ മണ്ഡലം പിടിച്ചു. 1965ൽ കെ പി രാമകൃഷ്‌ണൻനായർ മണ്ഡലം പിടിച്ചു. 1967ൽ കെപി രാമകൃഷ്‌ണൻനായരെ തോൽപിച്ച‌ സി ബി സി വാര്യർ 1970ലും ഭൂരിപക്ഷം ഉയർത്തി മണ്ഡലം നിലനിർത്തി. 1977ൽ കോൺഗ്രസിലെ ജി പി മംഗലത്തു‌മഠം വിജയിച്ചുു. 1980ൽ സി ബി സി വാര്യർ മണ്ഡലം തിരിച്ചുപിടിച്ചു. 1982ലും 1987ലും രമേശ്‌ ചെന്നിത്തല. 1991ൽ കെ കെ ശ്രീനിവാസനിലൂടെ വീണ്ടും കോൺഗ്രസ്‌. 1996ൽ ആർഎസ്‌പിയിലെ എ വി താമരാക്ഷൻ. 2001ൽ സിപിഐ എമ്മിലെ ടി കെ ദേവകുമാർ താമരാക്ഷനെ തോൽപ്പിച്ചു. 2006ൽ ബി ബാബുപ്രസാദിലൂടെ കോൺഗ്രസ്‌. 2011ലും 16ലും വീണ്ടും രമേശ്‌ ചെന്നിത്തല.  

2016 വോട്ടുനില

രമേശ്‌ ചെന്നിത്തല (കോൺഗ്രസ്‌)–- 75,980
പി പ്രസാദ്‌ (സിപിഐ)–- 57,359
ഡി അശ്വനിദേവ്‌ (ബിജെപി)–- 12,985
ഭൂരിപക്ഷം: 18,621