നാട്ടിക: പോരാട്ടവീറിന്റെ മണപ്പുറ മഹിമ
Monday Mar 1, 2021
കെ പ്രഭാത്
തൃശൂർ>തീരദേശ നന്മകളാൽ സമൃദ്ധമായ നാട്. മത്സ്യത്തൊഴിലാളികളും കർഷകരും കർഷകത്തൊഴിലാളികളും തിങ്ങിപ്പാർക്കുന്ന ഇടം. ഗൾഫ് രാജ്യങ്ങളിൽ തൊഴിലെടുക്കുന്നവർ ഏറെയുള്ള നാടുകൂടിയാണ് നാട്ടിക മണ്ഡലം. 2006ലെ മണ്ഡല വിഭജനത്തോടെ, പഴയ ചേർപ്പ് മണ്ഡലത്തിന്റെ പ്രധാന ഭാഗങ്ങളാണ് നാട്ടികയിൽ ചേർക്കപ്പെട്ടത്.
ജില്ലയിൽ ചേലക്കരക്കുപുറമെ നാട്ടികയും പട്ടികജാതി സംവരണമണ്ഡലമാണ്. പഴയ നാട്ടിക മണ്ഡലം നാലു മണ്ഡലത്തിലേക്കായി വീതിച്ചുപോയി. പേരു മാത്രം മാറ്റമില്ലാതെ ബാക്കിനിൽക്കുന്നു. എന്നാൽ, നാട്ടികപോലെ നാലിടത്തേക്കായി വീതിച്ചുപോയ ചേർപ്പാകട്ടെ പേരുപോലും നഷ്ടപ്പെട്ട് ചരിത്രത്തിലേക്ക് മാഞ്ഞു.
മണപ്പുറമഹിമയും കാർഷികമേഖലയുടെ കരുത്തും പോരാട്ടകേന്ദ്രങ്ങളുടെ വീര്യവും ഉൾച്ചേർന്നതാണ് പുതിയ നാട്ടിക.
ഒമ്പതു പഞ്ചായത്ത് ഉൾപ്പെടുന്നതാണ് നാട്ടിക മണ്ഡലം. ചേർപ്പ്, അവിണിശേരി, പാറളം, ചാഴൂർ, താന്ന്യം, നാട്ടിക, വലപ്പാട്, തളിക്കുളം, അന്തിക്കാട് എന്നിവയാണ് മണ്ഡലത്തിലെ പഞ്ചായത്തുകൾ. ചേർപ്പ്, അവിണിശേരി പ്രദേശങ്ങൾ ഫർണിച്ചർ, ആഭരണ നിർമാണമേഖലയും വലപ്പാട്, നാട്ടിക, തളിക്കുളം പഞ്ചായത്തുകൾ മത്സ്യത്തൊഴിലാളിമേഖലയും പാറളം, ചാഴൂർ കോൾ കർഷകമേഖലയുമാണ്. ചെത്തുതൊഴിലാളി സമരംകൊണ്ട് ചരിത്രത്തിൽ ഇടം നേടിയ ഭാഗമാണ് അന്തിക്കാട്.
1977 ൽ രൂപീകൃതമായതുമുതൽ 2006ലെ തെരഞ്ഞെടുപ്പിൽവരെ കമ്യൂണിസ്റ്റുകാരെ വിജയിപ്പിച്ച പാരമ്പര്യമുള്ള മണ്ഡലമായ
ചേർപ്പാണ് പിന്നീട് ഇല്ലാതായത്. നാട്ടികയിൽ ലയിച്ചശേഷം ഏറ്റവും ഒടുവിൽ 2016ൽ നടന്ന തെരഞ്ഞെടുപ്പിൽ സിപിഐയിലെ ഗീതാ ഗോപി കോൺഗ്രസിലെ കെ വി ദാസനെ 26,777 വോട്ടുകൾക്ക് പരാജയപ്പെടുത്തി.
അഞ്ചുവർഷം മണ്ഡലം വികസനക്കുതിപ്പിന് സാക്ഷ്യം വഹിച്ചു. ആധുനിക സംവിധാനങ്ങളോടെ പുതിയ ഫയർ സ്റ്റേഷൻ യാഥാർഥ്യമായി. കുഞ്ഞുണ്ണിമാഷ് സ്മാരക മന്ദിരം , തൃപ്രയാറിൽ ആർടി ഓഫീസ് എന്നിവ തുറന്നു. നാട്ടിക ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ മൂന്നു കോടി രൂപ ചെലവഴിച്ച് ഹെടെക് ആക്കി. ഫിഷറീസ് സ്കൂൾ മൈതാനത്ത് സിന്തറ്റിക് ട്രാക്ക് ഒരുക്കാൻ രണ്ടുകോടി അനുവദിച്ചു. നാലുകോടി ചെലവഴിച്ച് പുതിയ കെട്ടിടം അടക്കം വൻ സൗകര്യങ്ങളോടെ വലപ്പാട് ആയുർവേദ ആശുപത്രി തുറന്നു.
കിഫ്ബി യുടെ 89 കോടി രൂപ ഉപയോഗിച്ച് നാട്ടിക ഫർക്ക സമഗ്രകുടിവെള്ള പദ്ധതി നടപ്പാക്കി. 34 കോടി ചെലവഴിച്ചുള്ള താന്ന്യം–- അന്തിക്കാട്–- ചാഴൂർ കുടിവെള്ള പദ്ധതി പുരോഗമിക്കുകയാണ്. നാലു കോടി ചെലവഴിച്ച് ചാഴൂരിൽ പുതിയ ഐടിഐ തുറന്നു. തൃപ്രയാർമുതൽ ഒല്ലൂർ റെയിൽവേ ഗേറ്റുവരെയുള്ള റോഡ് 13 കോടി രൂപ ചെലവഴിച്ച് റബറൈസ്ഡ് ടാറിങ് നടത്തി തുറന്നു. 17 കോടി ചെലവഴിച്ച് അഴിമാവ് കടവ് പാലം നിർമാണം പുരോഗമിക്കുകയാണ്.
നാട്ടികയുടെ എംഎൽഎമാർ
1957–- കെ എസ് അച്യുതൻ (കോൺഗ്രസ്)
1960–- കെ ടി അച്യുതൻ (കോൺഗ്രസ്)
1965–- രാമു കാര്യാട്ട് (സിപിഐ എം സ്വതന്ത്രൻ)
1967–- ടി കെ കൃഷ്ണൻ (സിപിഐ എം)
1970–- വി കെ ഗോപിനാഥൻ (എസ്എസ്പി)
1977, 80–- പി കെ ഗോപാലകൃഷ്ണൻ (സിപിഐ)
1982–- സിദ്ധാർഥൻ കാട്ടുങ്ങൽ–- (കോൺഗ്രസ്)
1987, 91, 96–- കൃഷ്ണൻ കണിയാംപറമ്പിൽ (സിപിഐ)
2001, 2006–- ടി എൻ പ്രതാപൻ( കോൺഗ്രസ്)
2011, 2016–- ഗീത ഗോപി (സിപിഐ