വൈപ്പിൻ മണ്ഡലം; ഏറ്റവും ജനസാന്ദ്രമായ തീരഗ്രാമം
Monday Mar 1, 2021
എ എസ് ജിബിന
കൊച്ചി > കടലും കായലും പുഴയും അതിരുകൾ... ഉപ്പുവെള്ളത്താൽ ചുറ്റപ്പെട്ട ദ്വീപ് സമൂഹങ്ങൾ... ചെമ്മീൻകെട്ടുകൾ... പൊക്കാളിപ്പാടങ്ങൾ... മനോഹരമായ ടൂറിസം കേന്ദ്രങ്ങൾ... പ്രകൃതിരമണീയതകൊണ്ട് സമ്പന്നമാണ് വൈപ്പിൻ മണ്ഡലം. ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രതയുള്ള തീരഗ്രാമം. സഹോദരൻ അയ്യപ്പൻ, പണ്ഡിറ്റ് കറുപ്പൻ, സന്ദലാൻ മാസ്റ്റർ, പാലിയം രക്തസാക്ഷിയായ എ ജി വേലായുധൻ എന്നീ സാമൂഹ്യ നവേത്ഥാന നായകരുടെ ചിന്തകളും പ്രവർത്തനങ്ങളും തൊട്ടറിഞ്ഞ മണ്ണ്.
സമരവീര്യത്തിന്റെ വ്യത്യസ്തഭാവങ്ങൾ പ്രകടിപ്പിച്ച് കുടിനീര് നേടിയെടുത്ത ജനത.
ഇ കെ നായനാര്‍ മന്ത്രിസഭയുടെ കാലത്ത് ആരംഭിച്ച ഗോശ്രീ പാലങ്ങളുടെ നിര്‍മാണമാണ് വൈപ്പിന്ജനതയുടെ വികസനസ്വപ്നങ്ങള്‍ക്ക് അടിത്തറപാകിയത്. സംസ്ഥാന സർക്കാരിന്റെ ബജറ്റ് തുകയും സഹകരണ ബാങ്കുകളിൽ കൺസോർഷ്യം രൂപീകരിച്ച് കണ്ടെത്തിയ പണവുമാണ് വികസന അടിത്തറ. പുതുവൈപ്പ് എൽഎൻജി, ഐഒസിയുടെ പ്രകൃതിവാതക സംഭരണകേന്ദ്രം, റിഫൈനറിയുടെ എസ്പിഎം, ഫിഷറീസ് വകുപ്പിന്റെ ഓഷ്യനേറിയം എന്നിവ ദ്വീപ് സമൂഹത്തിന്റെ വികസനത്തിന് പുത്തൻസാധ്യതകൾ തുറന്നു. കൊച്ചി വളരുന്നതിനൊപ്പം വൈപ്പിൻ ദ്വീപും വളരുകയാണ്. വൈപ്പിൻ മണ്ഡലത്തിലെ ഭൂരിഭാഗവും കായൽ, കടൽ മത്സ്യത്തൊഴിലാളികളാണ്.
പഴയ ഞാറക്കൽ മണ്ഡലത്തോട് മുളവുകാട് പഞ്ചായത്ത് കൂട്ടിച്ചേർത്ത് 2011ലാണ് വൈപ്പിൻ മണ്ഡലം നിലവിൽവന്നത്. കടമക്കുടി, എടവനക്കാട്, എളങ്കുന്നപ്പുഴ, കുഴുപ്പിള്ളി, നായരമ്പലം, ഞാറക്കൽ, പള്ളിപ്പുറം, മുളവുകാട് എന്നീ എട്ട് പഞ്ചായത്തുകളാണ് വൈപ്പിന്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. ഇരുമുന്നണികളെയും പിന്തുണച്ച ചരിത്രമാണ് ഞാറക്കൽ മണ്ഡലത്തിനുള്ളത്. എന്നാൽ, വൈപ്പിൻ മണ്ഡലം നിലവിൽവന്നതിനുശേഷമുള്ള രണ്ടു നിയമസഭാ തെരഞ്ഞെടുപ്പിലും എൽഡിഎഫിന്റെ എസ് ശർമ വിജയിച്ചു. എം കെ പുരുഷോത്തമന്റെ വികസന പ്രവർത്തനങ്ങളുടെ തുടർച്ചക്കാരനായാണ് എസ് ശർമ 2011ൽ വോട്ട് തേടിയത്. കോൺഗ്രസിന്റെ അജയ് തറയിലിനെ 5242 വോട്ടുകൾക്ക് പരാജയപ്പെടുത്തി. കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ തീവ്രശ്രമം നടത്തുകയും ഒട്ടേറെ വികസനപ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്ത എസ് ശർമയെ 2016ലെ തെരഞ്ഞെടുപ്പിലും ജനം ചേർത്തുനിർത്തി. ശർമയുടെ ഭൂരിപക്ഷം 19,353 ആയി ഉയർന്നു. കോൺഗ്രസിന്റെ കെ ആർ സുഭാഷിനെയാണ് തോൽപ്പിച്ചത്.
68,526 വോട്ട് ശർമ നേടി. 10 വര്‍ഷംകൊണ്ട് കുടിവെള്ളപ്രശ്നം ഒരു പരിധിവരെ പരിഹരിച്ച ശർമയ്ക്ക് ആരോഗ്യം, വിദ്യാഭ്യാസം, കാർഷികം തുടങ്ങി എല്ലാ മേഖലകളിലും കാതലായ മാറ്റം കൊണ്ടുവരാനായി. ജനുവരിയിലെ കണക്കുപ്രകാരം വൈപ്പിൻ മണ്ഡലത്തിൽ 1,69,020 വോട്ടർമാരാണുള്ളത്. 82,328 പുരുഷന്മാരും 86,692 സ്ത്രീകളും ഉൾപ്പെടെയാണിത്.