നിസ്സഹായനായി മുല്ലപ്പള്ളി

വടകരയിൽ വീണ്ടും കോലീബി

Monday Mar 1, 2021


കോഴിക്കോട്‌
വടകര സീറ്റ്‌ മുസ്ലിംലീഗ്‌ വാങ്ങുക, ലീഗ്‌ അക്കൗണ്ടിൽ  ആർഎംപിയെ മത്സരിപ്പിക്കുക, അക്രമരാഷ്ട്രീയപ്പേരിൽ പുറത്തുനിന്ന്‌ ബിജെപിയുടെ പിന്തുണയും. ലീഗിന്റെ മനംപോലെ കാര്യങ്ങൾ നീങ്ങിയാൽ വടകര നിയമസഭാ മണ്ഡലം ഇക്കുറി സാക്ഷ്യംവഹിക്കുക പുതിയ കോലീബി(കോൺഗ്രസ്‌–-മുസ്ലിംലീഗ്‌–-ബിജെപി) സഖ്യത്തിന്‌. കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെ നാട്ടിൽ കോലീബി യാഥാർഥ്യമായാൽ അതിന്‌ ‘വലിയ നേട്ടങ്ങൾ’ ഉറപ്പെന്ന്‌ ധരിപ്പിച്ചാണ്‌ ലീഗിന്റെ‌ അണിയറയിലെ ഉപജാപങ്ങൾ.   

1991–-ൽ വടകര ലോക്‌സഭാ മണ്ഡലത്തിലും ബേപ്പൂർ നിയമസഭാ മണ്ഡലത്തിലും  പരീക്ഷിച്ച്‌ പരാജയപ്പെട്ട അവസരവാദസഖ്യത്തിനാണ്‌ മൂന്ന്‌ ‌പതിറ്റാണ്ടിനുശേഷം വടകരയിൽ വീണ്ടും കളമൊരുങ്ങുന്നത്‌. എൽഡിഎഫിന്‌  മേധാവിത്തമുള്ള മണ്ഡലമാണ്‌ വടകര. കഴിഞ്ഞ തവണ 9,511 വോട്ടിന്റെ  ഭൂരിപക്ഷത്തിനായിരുന്നു‌ വിജയം‌. പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ വടകര നഗരസഭയിലും ജില്ലാ–-ബ്ലോക്ക്‌, പഞ്ചായത്ത്‌ ഡിവിഷനുകളിലും  എൽഡിഎഫ്‌  നേട്ടം ആവർത്തിച്ചു. ചോറോട്‌ പഞ്ചായത്തും നേടി.  ആർഎംപി   യുഡിഎഫുമായി പരസ്യ‌ മുന്നണിയായി മത്സരിച്ചിട്ടും ഒഞ്ചിയത്ത്‌ കഷ്ടിച്ചാണ്‌  ഭരണം ലഭിച്ചത്‌.  

പാറക്കൽ അബ്ദുള്ള എംഎൽഎയാണ്‌ അവിശുദ്ധസഖ്യത്തിന്റെ കാർമികൻ. കെ മുരളീധരൻ എംപിയുടെ   പിന്തുണയുമുണ്ട്‌. ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ തുടങ്ങി മതരാഷ്ട്ര–-തീവ്രവാദസംഘങ്ങളുടെ  പിൻബലം ഉറപ്പാക്കിയാണ്‌ ബിജെപിയുമായി ചർച്ചയിലേക്ക്‌ നീങ്ങിയത്‌.   ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനുമായടക്കം ചർച്ച നടത്തിയതായാണ്‌ വിവരം.

നിസ്സഹായനായി മുല്ലപ്പള്ളി
ആർഎംപിക്ക്‌ വടകര സീറ്റ്‌ ‌ കൈമാറുന്നതിൽ കോൺഗ്രസിൽ പ്രമുഖ നേതാക്കൾക്ക്‌ എതിർപ്പുണ്ട്‌. മുല്ലപ്പള്ളി രാമചന്ദ്രൻ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ ഇത്‌ പരസ്യമാക്കിയതാണ്‌. വടകര കോൺഗ്രസിന്‌ എന്ന നിലപാടിലാണ്‌ കെപിസിസി പ്രസിഡന്റ്‌.  എന്നാൽ ലീഗും കെ മുരളീധരനും ചേർന്ന്‌ മുല്ലപ്പള്ളിയെ  നിസ്സഹായരാക്കാനുള്ള രാഷ്ട്രീയ കുതന്ത്രമാണ്‌ നടത്തുന്നത്‌.  പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ സ്വന്തം വീട്‌ നിൽക്കുന്ന വാർഡിൽ കോൺഗ്രസ്‌ സ്ഥാനാർഥിയെ അവസാനനിമിഷം പിൻവലിപ്പിച്ച്‌ അപമാനിതനായ അനുഭവവും മുല്ലപ്പള്ളിക്കുണ്ടായി. ലീഗ്‌ ഇടപെടലിനെ തുടർന്നായിരുന്നു അത്‌. ഇത്തവണയും ആ നീക്കം വിജയിക്കുമെന്ന വിശ്വാസത്തിലാണ് ലീഗും മുരളീധരനും.