യുഡിഎഫിനെ വേവിച്ച് "ചൂടൻ' വെളിപ്പെടുത്തലുകൾ
Monday Mar 1, 2021
തിരുവനന്തപുരം
യുഡിഎഫിലെ പ്രമുഖ നേതാക്കൾക്കെതിരായ വെളിപ്പെടുത്തലുകൾ മുന്നണി കേന്ദ്രങ്ങളെ ചൂടുപിടിപ്പിക്കുന്നു.
മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻചാണ്ടിയെ സോളാർ കേസിലെ ഇരയോടൊപ്പം അരുതാത്ത സാഹചര്യത്തിൽ കണ്ടെന്ന് കഴിഞ്ഞ ദിവസം പി സി ജോർജ് വെളിപ്പെടുത്തി, പി കെ കുഞ്ഞാലിക്കുട്ടിയെ ഇഡി ചോദ്യം ചെയ്‌തെന്ന് മന്ത്രി കെ ടി ജലീലും. സ്വകാര്യ ടിവി ചാനലിനോടാണ് പി സി ജോർജ് ‘കണ്ടത്’ തുറന്നടിച്ചത്. ഇതിന്റെ ക്ലിപ്പിങ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ മത്സരിച്ച് കൈമാറുന്നുമുണ്ട്. പരിഭാഷ സഹിതം ഹൈക്കമാൻഡിലുള്ള നേതാക്കൾക്കും ചിലർ അയച്ചതായാണ് അറിയുന്നത്.
പി കെ കുഞ്ഞാലിക്കുട്ടിയെ ഇഡി ചോദ്യം ചെയ്‌തോ?
അനധികൃത സ്വത്ത് സമ്പാദനം, വിദേശത്ത് മകന്റെ പേരിലുള്ള വ്യവസായം എന്നിവയിലായിരുന്നു ചോദ്യം ചെയ്യലെന്നാണ് സൂചന. ഇത്ര ദിവസമായിട്ടും കുഞ്ഞാലിക്കുട്ടി നിഷേധിക്കാത്തത് മുന്നണി കേന്ദ്രങ്ങളിൽ സംശയം ബലപ്പെടുത്തി.
സോളാർ കേസ് ഇരയോടൊത്ത് മുഖ്യമന്ത്രിയുടെ ഓഫീസിനോട് ചേർന്നുള്ള മുറിയിൽ ഉമ്മൻചാണ്ടിയെ രാത്രി പത്തരയ്‌ക്ക് കണ്ടതായാണ് പി സി ജോർജ് ചാനലിനോട് പറഞ്ഞത്. പേഴ്‌സണൽ സ്‌റ്റാഫംഗമായിരുന്ന ജോപ്പൻ കാവൽ നിൽക്കുകയായിരുന്നുവെന്നും കൈലി മുണ്ടാണ് ഉമ്മൻചാണ്ടി ഉടുത്തിരുന്നതെന്നുമാണ് ജോർജ് പറഞ്ഞത്. ഇക്കാര്യം അന്വേഷണ ഏജൻസി മുമ്പാകെയോ കോടതിയിലോ പറയാൻ തയ്യാറാണെന്നും ജോർജ് പറയുന്നു. ജോർജിന് എന്തും പറയാൻ സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞ് ഉമ്മൻചാണ്ടി ഒഴിഞ്ഞുമാറിയത് എന്തിനെന്ന ചർച്ചയാണ് കോൺഗ്രസ് നേതാക്കൾക്കിടയിൽ രഹസ്യമായി നടക്കുന്നത്.
ഇഡി ചോദ്യം ചെയ്യൽ മുസ്ലിംലീഗ് നേതാക്കളിൽ മിക്കവർക്കും അറിയാമെങ്കിലും കുഞ്ഞാലിക്കുട്ടിയെ ഭയന്ന് മിണ്ടുന്നില്ല. സീറ്റ് ചർച്ച കഴിയുന്നതോടെ പലരും സധൈര്യം പുറത്തുപറഞ്ഞേക്കും. ഇഡി കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ബിജെപി കുഞ്ഞാലിക്കുട്ടിയെ വരുതിയിൽ നിർത്തിയിരിക്കുന്നത്.