അരുവിക്കര ഹസാരെ
Monday Mar 1, 2021
അല്ലെങ്കിലും ‘ബേബിക്കുട്ടൻ’ മാർ മിടുക്കന്മാരാ. അരുവിക്കരയിലുമുണ്ട് ഒരു കുട്ടൻ. ചാനലിൽ വന്ന് ‘കൂൾ’ ആയി ആഗോളാന്തര കണക്കൊക്കെ തട്ടിമൂളിക്കും. മറുവശത്ത് തലയിൽ ആൾതാമസമുള്ളവരുള്ളതിനാൽ ഒട്ടുമിക്ക ദിവസവും കണക്കിലെ കളി ‘പ്ലിം’. എങ്കിലും അടുത്ത കണക്ക് പറഞ്ഞ് ഒരു ചിരി, കഴിഞ്ഞു ! പണ്ട് ‘ തിണ്ണമിടുക്ക് ’ എന്ന് പറയും. പക്ഷെ, ഈ മാതിരി മൊതലുകളൊക്കെ പെട്ടെന്ന് ‘കുഴിയിൽ’ ചാടാറാണ് പതിവ്. ദാ അതുപോലൊരു കുഴിയിൽ നമ്മുടെ യുഡിഎഫ് പത്രം കുട്ടനെ ചാടിച്ചു.
‘അഞ്ച് ബാറ്ററിയുടെ ടോർച്ചും’മറ്റുമായി ‘നിരാഹാരം’ കഴിഞ്ഞ ശേഷം വീരപരിവേഷത്തോടെയുള്ള അഭിമുഖം. സ്വന്തം പാർട്ടിയോടാണ് കുട്ടന്റെ ഗർജനം: ‘ നാട്ടിൽ നാലാള് ‘ആഹാ’ എന്ന് പറയുന്ന സ്ഥാനാർഥികൾ വേണം. റാങ്ക്ഹോൾഡേഴ്സിന്റെ സമരം സംഗതി ജോറാക്കി. അത് അണ്ണാ ഹസാരെ ഡൽഹിയിൽ നടത്തിയ സമരത്തിന് സമാനം. ’
ങേ... എന്തോ ? എങ്ങനേ ?
കോൺഗ്രസിന്റെ ഭരണം അവസാനിപ്പിച്ച സമരമായിരുന്നു ഹസാരെയുടേതെന്ന് കുട്ടനറിയാനിടയില്ല. ലക്ഷണം കണ്ടിട്ട് ഏതാണ്ട് അതേ കണക്കിൽ കേരളത്തിലും കോൺഗ്രസ് മെലിയുന്ന മട്ടായാതുകൊണ്ട് ‘ടൈംലി’ പ്രയോഗം. ചാക്കുമായി ബിജെപി നിൽക്കുന്നതിനാൽ പേടിക്കണ്ട. ‘ അരുവിക്കര ഹസാരേ’ ക്കും ചാടാം.
ഏതായാലും കടലിലേക്ക് ചാടല്ലേ... ട്ടോളി...