നിപാ താണ്ടി കോരപ്പുഴയും കടന്ന്
Monday Mar 1, 2021
പി വിജയൻ
കോഴിക്കോട്
വർഷംതോറും അറ്റകുറ്റപ്പണി നടത്തുന്ന കോരപ്പുഴപ്പാലം − കോഴിക്കോട്ടുകാരുടെ മനസ്സിൽ മായാതെ കിടക്കുന്ന ചിത്രമാണിത്. എന്നാൽ പ്രളയവും കോവിഡും തീർത്ത പ്രതിസന്ധിയിലും തടസ്സങ്ങളുടെ ചുവപ്പുനാടയിൽ കുടുങ്ങാതെ സമയബന്ധിതമായി കോരപ്പുഴയിൽ പുതിയ പാലം ഉയർന്നു. കോഴിക്കോട്–-കണ്ണൂർ പാതയിലെ യാത്രാക്കുരുക്കഴിച്ച എൽഡിഎഫ് സർക്കാരിനോടുള്ള നന്ദി പറച്ചിലായിരുന്നു പാലം ഉദ്‌ഘാടനവേളയിലെത്തിയ ജനക്കൂട്ടം.
ഭീതി വിതച്ച നിപാ മഹാമാരിയെ ഫലപ്രദമായി പിടിച്ചുകെട്ടിയതടക്കം ജില്ലയിലെ ആരോഗ്യ മേഖല നേട്ടങ്ങളുടെ നെറുകയിൽ. ലോകത്തിലെ ഏറ്റവും മികച്ച ബീച്ചുകളെ തെരഞ്ഞെടുക്കുന്ന ബ്ലൂ ഫ്‌ളാഗ് പദ്ധതിക്ക് കീഴിൽ മുഖംമിനുക്കിയ കാപ്പാട് ബീച്ചടക്കമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ, വികസനത്തിന്റെ സാക്ഷ്യപത്രങ്ങളായി റോഡുകൾ, പാലങ്ങൾ, ജില്ലയിലാകെ ഹൈടെക് വിദ്യാലയങ്ങൾ–-വികസനമെത്താത്ത പ്രദേശങ്ങൾ എവിടെയുമില്ലെന്ന് ചുരുക്കം.
ഒന്നരപ്പതിറ്റാണ്ടായി കോൺഗ്രസ് പ്രതിനിധിയെ നിയമസഭയിലെത്തിക്കാത്ത ജില്ല; ഈയൊരു കണക്കുമതി ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് കോഴിക്കോടിന്റെ ശക്തമായ അടിത്തറ തിരിച്ചറിയാൻ. ഇടതുപക്ഷ രാഷ്‌ട്രീയം ആഴത്തിൽ വേരോടിയ മനസ്സാണ് കോഴിക്കോടിന്റേത്. എൽജെഡിയും കേരള കോൺഗ്രസ് എമ്മും മുന്നണിലേക്ക് കടന്നുവന്നതോടെ ജില്ലയിലെ 13 സീറ്റും ഇത്തവണ എൽഡിഎഫ് പക്ഷത്തേക്ക് ചായാൻ ഒരുങ്ങിക്കഴിഞ്ഞു.
1957 മുതലുള്ള തെരഞ്ഞെടുപ്പ് ചരിത്രമെടുത്താൽ പടിപടിയായി ഇടതുപക്ഷം ശക്തി തെളിയിച്ചത് വ്യക്തമാണ്. 1957ൽ 10 മണ്ഡലത്തിൽ മൂന്നെണ്ണത്തിലാണ് കമ്യൂണിസ്റ്റ് പാർടി ജയിച്ചത്. പിന്നീട് പടിപടിയായ മുന്നേറ്റം. 2006 മുതൽ എൽഡിഎഫിന് വൻവിജയമാണ്. 2006ൽ 12ൽ 11 സീറ്റും നേടി. 2011ൽ എലത്തൂർ മണ്ഡലം നിലവിൽവന്നതോടെ സീറ്റ് 13 ആയി ഉയർന്നു. അന്ന് 13ൽ 10 സീറ്റും എൽഡിഎഫ് നേടി. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 13ൽ 11 ഉം എൽഡിഡിഎഫിനൊപ്പമായിരുന്നു. യുഡിഎഫ് കോഴിക്കോട് സൗത്ത്, കുറ്റ്യാടി എന്നിവിടങ്ങളിലൊതുങ്ങി.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കാൻ എൽഡിഎഫിനായി. കോർപറേഷനും ജില്ലാ പഞ്ചായത്തും നല്ല ഭൂരിപക്ഷത്തോടെ വിജയിച്ചു. ഭൂരിഭാഗം ബ്ലോക്ക്–- ഗ്രാമപഞ്ചായത്തുകളിലും മികച്ച നേട്ടം കൊയ്‌തു.
വെൽഫെയർ പാർടിയുമായി കൈകോർത്ത്
യുഡിഎഫ്
പെൻഷൻ അടക്കമുള്ള ക്ഷേമ പദ്ധതികൾ, റേഷൻ കടകളിലൂടെ ലഭിക്കുന്ന സൗജന്യ ഭക്ഷ്യകിറ്റ്, കൈത്തറി തൊഴിലാളികൾക്ക് സ്‌കൂൾ യൂണിഫോം തയ്‌ച്ച വകയിൽ ലഭിച്ച പ്രതിഫലം തുടങ്ങി സർക്കാരിന്റെ സഹായഹസ്‌തമെത്താത്ത ജനവിഭാഗമില്ല. ഇതിനെ മറികടക്കാൻ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെൽഫെയർ പാർടിയുമായി സീറ്റ് പങ്കിടുകയായിരുന്നു തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ്. ജനങ്ങളിൽ നിന്നേറ്റ കനത്ത തിരിച്ചടിയിൽനിന്ന് പാഠം പഠിക്കാതെ വർഗീയ–- തീവ്രവാദ കക്ഷികളുമായി ധാരണയ്‌ക്കാണ് യുഡിഎഫ് നീക്കം.
ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയ്‌ക്ക് പല മണ്ഡലങ്ങളിലും 10,000നും 20,000നും ഇടയിൽ വോട്ടുണ്ട്. ചില മണ്ഡലങ്ങളിൽ യുഡിഎഫിന് വോട്ട് മറിക്കുന്നുവെന്ന ആരോപണവുമുണ്ട്. കോഴിക്കോട് സൗത്തിൽ കഴിഞ്ഞതവണ ബിഡിജെഎസ് സ്ഥാനാർഥിയെ നിർത്തി വോട്ട് മറിച്ചെന്ന ആരോപണം ശക്തമാണ്.