കർഷകർ വിധി നിർണയിക്കുന്ന തൊടുപുഴ‌

Tuesday Mar 2, 2021

തൊടുപുഴ > കർഷകരും കർഷകത്തൊഴിലാളികളും ഇടത്തരക്കാരും‌ പ്രധാനമായും വിധി നിർണയിക്കുന്ന മണ്ഡലമാണ്‌ തൊടുപുഴ‌. കൂടുതൽ കാലം യുഡിഎഫിനൊപ്പം നിലകൊണ്ട മണ്ഡലം‌. കേരള കോൺഗ്രസ്‌ നേതാവ്‌ പി ജെ ജോസഫ്‌ പതിവായി മത്സരിക്കുന്ന ഇടം. ഇതുവരെയുള്ള മത്സരത്തിൽ ഒരിക്കൽ മണ്ഡലം ജോസഫിനെ കൈവിട്ടു‌. പിന്നീടുള്ള തുടർച്ചയായ തെരഞ്ഞെടുപ്പുകളിൽ വിജയം നേടാനായെങ്കിലും ഇപ്പോൾ കാര്യങ്ങൾ

അത്ര പന്തിയല്ല. എംഎൽഎയുടെ കൈയ്യൊപ്പു ചാർത്തിയ പദ്ധതികളൊന്നും മണ്ഡലത്തിൽ കഴിഞ്ഞ നാളുകളിലില്ല. കേരള കോൺഗ്രസ്‌ എം പാർടിയും ചിഹ്നവും കൈയിൽനിന്ന്‌ പോയ ജോസഫിനെ‌ തിരിച്ചടികൾ വല്ലാതെ വലയ്‌ക്കുന്നു. പ്രായാധിക്യവും അതോടൊപ്പം അണികളെ ചേർത്തുനിർത്താനുള്ള ബദ്ധപ്പാടും. മണ്ഡലത്തിലെ വികസനകാര്യങ്ങളെല്ലാം എംഎൽഎ മറന്നു. തൊടുപുഴയിലെ കിഫ്‌ബി കുടിവെള്ള പദ്ധതിപോലും നടപ്പാക്കിയത്‌ എൽഡിഎഫ്‌ സർക്കാർ ഇടപെട്ടതു മൂലമാണ്‌. മണ്ഡലത്തോടുള്ള എംഎൽഎയുടെ അവഗണനയാണ്‌ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്നത്‌. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷത്തിൽനിന്ന്‌ മൂന്നു മടങ്ങോളം വോട്ടിന്റെ ഇടിവ്‌‌ തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായി‌.

മണ്ഡലചരിത്രം

1957ൽ സിപിഐയിലെ കെ നാരായണൻനായരെ പരാജയപ്പെടുത്തി കോൺഗ്രസിലെ സി എ മാത്യു തൊടുപുഴയുടെ പ്രഥമ എംഎൽഎയായി. 1960 ൽ സിപിഐയിലെ ജോസ‌് എബ്രഹാമിനെ തോൽപ്പിച്ച‌് വീണ്ടും നിയമസഭയിലെത്തി. 1965ൽ കേരള കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച സി എ മാത്യു ഇടതുപക്ഷ സ്വതന്ത്രൻ കെ സി സക്കറിയയെ തോൽപ്പിച്ചു. 1967ൽ കേരള കോൺഗ്രസിലെ ഇ എം ജോസഫിനെ പരാജയപ്പെടുത്തി സക്കറിയ വിജയിച്ചു. 1970ൽ കന്നിയങ്കത്തിലൂടെ സിപിഐ എം സ്വതന്ത്രൻ യു കെ ചാക്കോയെ പരാജയപ്പെടുത്തി പി ജെ ജോസഫ്‌ നിയമസഭയിലെത്തി. 1977, 80, 82, 87 തെരഞ്ഞെടുപ്പുകളിലും വിജയം ആവർത്തിച്ചു. 1977ൽ പിള്ള ഗ്രൂപ്പിലെ എ സി ചാക്കോയെ തോൽപ്പിച്ചു. 1980ൽ കോൺഗ്രസിലെ കുസുമം ജോസഫിനെയും 82ൽ ആർഎസ്‌പിയിലെ എൻ എ പ്രഭയെയും 87ൽ സിപിഐ എമ്മിലെ എം സി മാത്യുവിനെയും പരാജയപ്പെടുത്തി. പി ജെ ജോസഫ‌് മൂവാറ്റുപുഴ ലോക‌്സഭാ മണ‌്ഡലത്തിലേക്ക‌് മത്സരിച്ച 1991 ൽ തൊടുപുഴയിൽ കോൺഗ്രസിലെ പി ടി തോമസ്‌ ജയിച്ചു. ജോസഫ‌് ഇതിനകം എൽഡിഎഫിൽ എത്തിയിരുന്നു. പി ടി തോമസിനെതിരെ തൊടുപുഴയിൽ മത്സരിച്ച പി സി ജോസഫ‌് നിസാര വോട്ടുകൾക്ക്‌ പരാജയപ്പെട്ടു. 1996ൽ തൊടുപുഴയിൽ ജോസഫും പി ടി തോമസും ഏറ്റുമുട്ടിയപ്പോൾ വിജയം ജോസഫിനായിരുന്നു. 2001ൽ ജോസഫിൽനിന്ന്‌ പി ടി തോമസ‌് മണ്ഡലം തിരിച്ചുപിടിച്ചു. 2011ൽ പി ജെ ജോസഫ‌് യുഡിഎഫിൽ എത്തിയ ശേഷം നടന്ന തെരഞ്ഞെടുപ്പിൽ സിപിഐ എം സ്വതന്ത്രൻ ജോസഫ് അഗസ്റ്റിനായിരുന്നു എതിരാളി. പി ജെ ജോസഫിനായിരുന്നു വിജയം. 2016ൽ റോയി വാരികാട്ടിനെയും പരാജയപ്പെടുത്തി.

തൊടുപുഴ നഗരസഭ, ആലക്കോട്, ഇടവെട്ടി, കരിമണ്ണൂർ, കുമാരമംഗലം, ഉടുമ്പന്നൂർ, വണ്ണപ്പുറം, മുട്ടം, പുറപ്പുഴ, വെള്ളിയാമറ്റം, മണക്കാട്, കോടിക്കുളം, കരിങ്കുന്നം പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് തൊടുപുഴ മണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തൊടുപുഴ മണ്ഡലത്തിൽ ജനസ്വാധീനം വർധിപ്പിക്കാൻ കഴിഞ്ഞു. യുഡിഎഫ്‌ വോട്ടുവിഹിതത്തിൽ കാര്യമായ ഇടിവുണ്ട്‌. തൊടുപുഴ നഗരസഭ, കരിമണ്ണൂർ, ഉടുമ്പന്നൂർ, വെള്ളിയാമറ്റം പഞ്ചായത്തുകൾ എൽഡിഎഫാണ്‌ ഭരിക്കുന്നത്‌. യുഡിഎഫ്‌ മുൻകാലങ്ങളിൽ ആധിപത്യം പുലർത്തിയിരുന്ന കുമാരമംഗലം അടക്കമുള്ള പല പഞ്ചായത്തുകളിലും എൽഡിഎഫിന്‌ സീറ്റുകളും വർധിച്ചു‌. തദ്ദേശ തെരഞ്ഞെടുപ്പിൽ 17,000 വോട്ടു മാത്രമാണ്‌ എൻഡിഎക്ക്‌ ലഭിച്ചത്‌.