ചുരം പാതയിൽ ഇത്തവണ കിതപ്പില്ല
Tuesday Mar 2, 2021
പി ഒ ഷീജ
കൽപ്പറ്റ > ഡിസിസി ജനറൽ സെക്രട്ടരിയും ഐഎൻടിയുസി സംസ്ഥാന ജനറൽ സെക്രട്ടരിയുമായ പി കെ അനിൽകുമാർ എൽജെഡിയിൽ, മഹിളാകോൺഗ്രസ് സംസ്ഥാന സെക്രട്ടരിയും ഐഎൻടിയുസി സംസ്ഥാന കമ്മറ്റി അംഗവുമായ സുജയ വേണുഗോപാൽ സിപിഐ എം സഹയാത്രികയായി... കെപിസിസി സംസ്ഥാന നിർവാഹസമിതി അംഗം ഉൾപ്പെടെ കൂടുതൽ നേതാക്കളും പ്രവർത്തകരും കോൺഗ്രസ് വിടാൻ തയ്യാറായി നിൽക്കുന്നു. വനിത ലീഗ് നേതാവും മുൻ ജില്ല പഞ്ചായത്ത് വെെസ് പ്രസിഡന്റുമായ എ ദേവകി എൽഡിഎഫിൽ. തെരഞ്ഞെടുപ്പിന് നാളുകൾ ശേഷിക്കേ വയനാട്ടിൽ യുഡിഎഫിൽ നിന്ന് എൽഡിഎഫിലേക്ക് നേതാക്കളുടേയും പ്രവർത്തകരുടേയും ഒഴുക്കാണ്. അപ്രതീക്ഷിത തിരിച്ചടിയിൽ ഞെട്ടിത്തരിച്ച് നിൽക്കുന്ന യുഡിഎഫിന്റെ ചങ്കിടിയാണ് ചുരത്തിന് മുകളിൽ മുഴങ്ങുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൂടയുണ്ടായിരുന്ന എൽജെഡി ഇപ്പോൾ എൽഡിഎഫിന്റെ ഭാഗമായതും യുഡിഎഫിന്റെ ശക്തി ക്ഷയിപ്പിച്ചിട്ടുണ്ട്. രാഹുലിന്റെ മണ്ഡലമെന്ന കാർഡൊന്നും വയനാട്ടിൽ ഇനി ചെലവാകില്ല. പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം, കാർഷിക മേഖലയിലെ പ്രതിസന്ധി, രാത്രി യാത്ര നിരോധനം, റെയിൽപ്പാത തുടങ്ങി എംപി ഇടപെട്ട് പരിഹരിക്കേണ്ട വിഷയങ്ങളൊന്നും രാഹുൽ കണ്ട മട്ട് പോലുമില്ല.
കൽപ്പറ്റ, ബത്തേരി, മാനന്തവാടി നിയമസഭ മണ്ഡലങ്ങളാണ് വയനാട്ടിലുള്ളത്. ഇതിൽ ബത്തേരിയും മാനന്തവാടിയും പട്ടികവർഗ സംവരണ സീറ്റുകൾ. ഏക ജനറൽ സീറ്റായ കൽപ്പറ്റക്കായി മുസ്ലിംലീഗ് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ കോൺഗ്രസ് മണ്ഡലം വിട്ട് കൊടുക്കില്ല. രണ്ട് മുൻ എംഎൽഎമാരും ഡിസിസി പ്രസിഡന്റും ഉൾപ്പെടെ എട്ടോളം പേരാണ് ഈ സീറ്റിനായി പിടിമുറുക്കുന്നത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ടി സിദ്ദിഖും അടക്കമുള്ളവർ നോട്ടമിട്ടതോടെ ജില്ലാ കോൺഗ്രസിൽ പൊട്ടിത്തെറി തുടങ്ങി.
വയനാട് പഴയ നാടല്ല
കേരള സംസ്ഥാനം രൂപീകരിച്ചതിന് ശേഷം നടന്ന തെരഞ്ഞെടുപ്പുകളിൽ ഭൂരിഭാഗം തവണയും കോൺഗ്രസിനെയാണ് വയനാട് നിയമസഭയിലത്തിച്ചത്. ഫലം ചുരംപാത പോലെ കിതച്ചും ഇഴഞ്ഞും അരിച്ച് നീങ്ങിയതല്ലാതെ വികസനം മുകളിലെത്തിയില്ല. പിന്നോക്ക ജില്ലയായ വയനാട്ടിൽ വികസനം എത്തിച്ചത് എൽഡിഎഫ് സർക്കാരുകളാണ്. ഇതെല്ലാം വോട്ടർമാർ തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളും യുഡിഎഫിൽ നിന്ന് എൽഡിഎഫ് പിടിച്ചെടു*ത്തു. യുഡിഎഫിന്റെ ഭാഗമായിരുന്ന എൽജെഡിയെയാണ് കൽപ്പറ്റയിൽ സിപിഐ എമ്മിലെ സി കെ ശശീന്ദ്രൻ പരാജയപ്പെടുത്തിയത്. തദ്ദേശ തെരഞ്ഞെടുപ്പിലും എൽഡിഎഫ് മികച്ച മുന്നേറ്റം നടത്തി.
തോട്ടം തൊഴിലാളികളും ആദിവാസികളും കുടിയേറ്റ കർഷകരും വിധി നിർണയിക്കുന്ന മണ്ഡലത്തിൽ സർക്കാർ നടത്തിയ ക്ഷേമ പ്രവർത്തനങ്ങൾ ഈ മേഖലകളിൽ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. വയനാട് തുരങ്കപാതയുടെ സർവേ, വയനാട് മെഡിക്കൽ കോളേജ്, സ്റ്റേഡിയങ്ങൾ, കാപ്പിക്ക് താങ്ങുവില, കാർഷികോത്പന്നങ്ങളുടെ സംഭരണവില തുടങ്ങി സർക്കാർ നടപ്പാക്കിയ വികസനം നീളുന്നു.