നേട്ടങ്ങൾ ബൈപാസ് ചെയ്യുന്നതെങ്ങനെ
Tuesday Mar 2, 2021
എസ് മനോജ്
ആലപ്പുഴ > ഈയടുത്ത് രമേശ് ചെന്നിത്തലയുടെ ഹരിപ്പാട്ട് രണ്ട് പ്രമുഖ സംസ്ഥാന നേതാക്കൾ കോൺഗ്രസ് വിട്ടത് വാർത്തയായി. ഇരുവരും കേരള കോൺഗ്രസ് എമ്മിൽ ചേർന്നു. ഇതിനിടയിൽ തന്നെയാണ് ചെന്നിത്തല ഹരിപ്പാട് മണ്ഡലം വിട്ട് മറ്റൊരു സുരക്ഷിതമണ്ഡലത്തിൽ മത്സരിക്കുമെന്നൊരു വാർത്തയും വന്നത്. പ്രതിപക്ഷ നേതാവിന്റെ സീറ്റിലെ ഈ അവ്യക്തതയിൽനിന്നു തന്നെയറിയാം, ആലപ്പുഴ ഈ തെരഞ്ഞെടുപ്പിൽ കാത്തുവച്ചത് എന്തായിരിക്കുമെന്ന്. പാർലമെന്റിലും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും സംസ്ഥാനത്തെ തന്നെ മികച്ച മുന്നേറ്റമാണ് ആലപ്പുഴ ജില്ലയിൽ എൽഡിഎഫുണ്ടാക്കിയത്. രാഷ്ട്രീയ വോട്ടുകളായി കണക്കാക്കാവുന്ന ജില്ലാ പഞ്ചായത്ത്, നഗരസഭാ വോട്ടുകണക്ക് വച്ചുനോക്കിയാൽ എല്ലാ മണ്ഡലത്തിലും എൽഡിഎഫിനാണ് ഭൂരിപക്ഷം.
ജില്ലാ പഞ്ചായത്തിൽ ആകെ സീറ്റ് 23. യുഡിഎഫിന് രണ്ട് മാത്രം. എൽഡിഎഫിന് 21. ബ്ലോക്ക് പഞ്ചായത്തിലും സ്ഥിതി മറിച്ചില്ല. ആകെ ബ്ലോക്ക് 12. എൽഡിഎഫ് 11 ഇടത്ത് ഭരണം നേടി. ഗ്രാമപഞ്ചായത്തുകൾ ആകെ 72. ഇതിൽ എൽഡിഎഫ് 56. യുഡിഎഫിന് 12 മാത്രം. എൻഡിഎയ്‌ക്ക് രണ്ട്.
ആറ് നഗരസഭയിൽ മൂന്നിടത്ത് എൽഡിഎഫ് ഭരണം നേടി. മൂന്നിടത്ത് യുഡിഎഫും. വെൽഫെയർ പാർടിയടക്കമുള്ളവരുമായി യുഡിഎഫ് സഖ്യമുണ്ടായിട്ടും കനത്ത പരാജയമായി ഫലം. മുസ്ലിംലീഗ്, കേരള കോൺഗ്രസ്(ജോസഫ്) എന്നീ ഘടകകക്ഷികൾക്ക് കോൺഗ്രസിനോടുള്ള അമർഷം ചെറുതല്ല. ഈ അകൽച്ച ഇന്നും തുടരുന്നു. ഹരിപ്പാട് മണ്ഡലത്തിലെ കോൺഗ്രസ് –- ആർഎസ്‌എസ് ബന്ധവും പലതലത്തിൽ ചർച്ചയാണ്.
ചെങ്ങന്നൂര്‍ വഴുവാടിക്കടവ് 2016ല്‍
മഹാരഥർ വാണ നാട്
ഇരുമുന്നണിയിലെയും ഉന്നതരായ നേതാക്കൾ ആലപ്പുഴയിൽനിന്ന് ജനവിധി തേടിയിട്ടുണ്ട്. മുൻമുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദനും എ കെ ആന്റണിയും മുതൽ കെ ആർ ഗൗരിയമ്മ, വയലാർ രവി, പരേതരായ ടി വി തോമസ്, പി കെ വി, പി കെ ചന്ദ്രാനന്ദൻ, റോസമ്മ പുന്നൂസ് അടക്കമുള്ളവരുടെ മണ്ണാണിത്.
ഒമ്പത് അസംബ്ലി മണ്ഡലമാണ് ജില്ലയിൽ. 2016ൽ ഒന്നൊഴികെ എല്ലാം എൽഡിഎഫ് നേടി. ഹരിപ്പാട് മാത്രം കൈവിട്ടു. ചെങ്ങന്നൂരിൽ കെ കെ രാമചന്ദ്രൻനായർ നിര്യാതനായതോടെ ഉപതെരഞ്ഞെടുപ്പ്. എൽഡിഎഫ് വിജയം ആവർത്തിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആലപ്പുഴ മണ്ഡലത്തിൽ എൽഡിഎഫിന് തിളങ്ങുന്ന വിജയം. അരൂർ ഉപതെരഞ്ഞെടുപ്പിലൂടെ യുഡിഎഫിന്. ഇതോടെ ജില്ലയിൽ യുഡിഎഫിന് രണ്ട് നിയമസഭാംഗങ്ങളായി. മന്ത്രിമാരായ തോമസ് ഐസക്, ജി സുധാകരൻ, പി തിലോത്തമൻ എന്നിവർ നാനാമേഖലയിലും ഇടപെട്ടും എൽഡിഎഫിന് ജനപ്രീതി കൂട്ടി. മുൻമന്ത്രികൂടിയായ തോമസ് ചാണ്ടി (കുട്ടനാട്)യുടെ മരണത്തോടെ മണ്ഡലം ഒഴിഞ്ഞുകിടക്കുന്നു.
എൽഡിഎഫാകട്ടെ വികസനവും ക്ഷേമകാര്യങ്ങളുമാണ് തദ്ദേശ തെരഞ്ഞെടുപ്പിലും ചർച്ചയാക്കിയത്. ഇതിന് വലിയ അംഗീകാരവും കിട്ടി. അരനൂറ്റാണ്ടു പഴകിയ ആലപ്പുഴ ബൈപാസ് നിർമാണം പൂർത്തീകരിച്ചത് ആലപ്പുഴ വികസനത്തെ രാജ്യശ്രദ്ധയിലേക്ക് ആനയിച്ചു.
-