കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ പിൻവാങ്ങി
Wednesday Mar 3, 2021
സ്വന്തം ലേഖകൻ
തിരുവനന്തപുരം > തെരഞ്ഞെടുപ്പിൽ യുഡിഎഫ് നില മെച്ചമാകില്ലെന്ന ഹൈക്കമാൻഡിന്റെ രഹസ്യസർവേ പുറത്തുവന്നതിന് പിന്നാലെ മുല്ലപ്പള്ളി രാമചന്ദ്രനടക്കം കോൺഗ്രസ് നേതാക്കൾ മത്സരരംഗത്തുനിന്ന് പിൻവാങ്ങുന്നു. കെപിസിസി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, വി എം സുധീരൻ, പി ജെ കുര്യൻ, കെ മുരളീധരൻ, പി സി ചാക്കോ എന്നിവർ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയത്.
സുരക്ഷിത സീറ്റുകൾ തേടിയശേഷമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ പിന്മാറ്റം പ്രഖ്യാപിച്ചത്. മുല്ലപ്പള്ളിയെ സ്ഥാനാർഥിയാക്കി കെപിസിസി പ്രസിഡന്റ് പദം കൈയടക്കാൻ കെ സുധാകരൻ നീക്കം ശക്തമാക്കിയിരുന്നു. പ്രസിഡന്റ് സ്ഥാനത്തിരുന്നുതന്നെ മത്സരിക്കുമെന്ന വാശിയിലായിരുന്നു മുല്ലപ്പള്ളി. തന്റെ സ്ഥാനാർഥിത്വം ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം ഒരുഘട്ടത്തിലും മത്സരസാധ്യത തള്ളിക്കളഞ്ഞിരുന്നില്ല. എന്നാൽ, സ്ഥിതി മോശമാണെന്ന റിപ്പോർട്ടോടെ കളംമാറി.
യോഗത്തിൽ ആമുഖമായിത്തന്നെ മുല്ലപ്പള്ളി നിലപാട് വ്യക്തമാക്കി. പിന്നാലെ മറ്റ് മുതിർന്ന നേതാക്കളും. നാല് തവണ മത്സരിച്ച എല്ലാവരും മാറിനിൽക്കണമെന്ന് പി സി ചാക്കോയും 25 വർഷം എംഎൽഎയായവർ സ്വയം വിട്ടുനിന്ന് മാതൃകയാകണമെന്ന് വി എം സുധീരനും യോഗത്തിൽ ആവശ്യപ്പെട്ടു. പി ജെ കുര്യൻ നിലപാട് എഴുതി നൽകി.
ഇടഞ്ഞുനിൽക്കുന്ന കെ മുരളീധരനെ മെരുക്കാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിർദേശം മുതിർന്ന നേതാക്കൾ മുന്നോട്ടുവച്ചു. എംപിമാർ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിൽ മുരളീധരന് ഇളവ് നൽകുന്നത് ഗുണം ചെയ്യുമെന്നും ഇവർ പറഞ്ഞു.
അതേസമയം, ഏഴിന് ഡൽഹിയിലേക്ക് പോയാൽ പത്രികാസമർപ്പണം കഴിഞ്ഞേ മടങ്ങൂവെന്നും കെ മുരളീധരൻ വ്യക്തമാക്കി. ആർക്കും ഇളവ് നൽകരുതെന്ന് കെ സുധാകരനും ആവശ്യപ്പെട്ടു.