അടിയിൽ മുമ്പനാകാനും അടി
Wednesday Mar 3, 2021
തിരുവനന്തപുരം > ‘‘ എനിക്ക് സീറ്റ് ഉണ്ടെങ്കിൽ അത് പറയുക, അല്ലെങ്കിൽ അടുത്ത ദേവസ്വം പ്രസിഡന്റാക്കാമെന്ന് കരാർ വയ്ക്കുക ( ഇല്ലെങ്കിൽ ഞാൻ പണിയും )’’ ‐മുൻ കോൺഗ്രസ് എംഎൽഎ യുടെ ഭീഷണി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഒരു സീറ്റിനു വേണ്ടിയുള്ള നെട്ടോട്ടം കേരളം കണ്ടു. ഒടുവിൽ മുല്ലപ്പള്ളി പിന്മാറി. ബിജെപിയിലും ലീഗിലും എണ്ണത്തിന്റെ എത്രയോ ഇരട്ടിയാണ് സ്ഥാന മോഹികൾ. സീറ്റ് കടം വാങ്ങേണ്ട ഗതികേട് ! ബിജെപി യിൽ പ്രസിഡന്റ് കെ സുരേന്ദ്രനുമടക്കം സീറ്റിനുള്ള ഓട്ടമാണ്. ഏതെങ്കിലും സീറ്റ് പോര.
കൊയിലാണ്ടി സീറ്റിനായി രണ്ട് കെപിസിസി ജനറൽ സെക്രട്ടറിമാരാണ് രംഗത്ത്. കെ പി അനിൽകുമാറും എൻ സുബ്രഹ്മണ്യനും. കെ സി വേണുഗോപാലിന്റെ ‘തുണ’ ഒരാളെ സഹായിക്കും. പേരാമ്പ്രക്കായി കെ സി അബുവും പി എം നിയാസും. കൊടുവള്ളിയിൽ ലീഗ് ജില്ലാജനറൽ സെക്രട്ടറി എൻ എ റസാഖിനൊപ്പം മുൻ എംഎൽഎ വി എം ഉമ്മറും. തിരുവമ്പാടിയിൽ സംസ്ഥാന സെക്രട്ടറി സി പി ചെറിയ മുഹമ്മദ്, ഹുസൈൻകുട്ടിയും രംഗത്തുണ്ട്. ബിജെപി മത്സരിക്കുന്ന 11 സീറ്റിലേക്ക് ഇരട്ടിയിലധികം നേതാക്കൾ.
അമ്പലപ്പുഴ, കായംകുളം കിട്ടിയില്ലെങ്കിൽ വിമതരാകുമെന്ന് ആലപ്പുഴയിലെ ലീഗ്. എം ലിജു, പി സി വിഷ്ണുനാഥ് മാറി യൂത്തിന് നൽണമെന്ന ആവശ്യത്തിന് വലിയ അണിപിന്തുണ. എന്നിട്ടും പുറത്തേക്ക് ഒഴുക്ക്. ഡിസിസി ഭാരവാഹികളായിരുന്ന ബൈജു കലാശാലയും പ്രവീൺ ഇറവങ്കരയും കേരള കോൺ. എമ്മിലായി. ചെങ്ങന്നൂർ, അരൂർ മണ്ഡലങ്ങളെ എൻഡിഎയിൽ തർക്കം. കണ്ണൂരിൽ മത്സരിക്കണമെന്ന് പറഞ്ഞ സതീശൻ പാച്ചേനി ക്ക് സുധാകരന്റെ കനിവ് കിട്ടിയിട്ടില്ല. ദേശീയ വക്താവ് ഡോ. ഷമാ മുഹമ്മദും വിടാൻ തയ്യാറല്ല.
കെ എം ഷാജി ‘വിട്ട’ അഴീക്കോട് പിടിക്കാൻ അബ്ദുൾകരീം ചേലേരിയും അൻസാരി തില്ലങ്കേരിയും മുറുക്കുന്നുണ്ടെങ്കിലും കുഞ്ഞാലിക്കുട്ടിയുടെ കനിവ് വേണം. നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തും വി വി പ്രകാശുമാണ് വടംവലി. കെ പി എ മജീദിന് സീറ്റ് നൽകരുതെന്ന് വാദിക്കുന്നത് മണ്ഡലം കമ്മിറ്റികൾ.