വെളിച്ചം തൂവും റോസ് മലകൾ
Wednesday Mar 3, 2021
എം അനിൽ
റോസ്‌മല (കൊല്ലം) > വെയില് താഴ്‌ന്ന റോസ്‌മല റസാക്ക് മുക്കിലേക്ക് നാട്ടുകാരുടെ വരവായി. അവരെച്ചുറ്റി ഒരു പാട്ട് നിറയുന്നു. ‘ഓമലാളെ കണ്ടുഞാൻ പൂങ്കിനാവിൽ..താരകങ്ങൾ പുഞ്ചിരിച്ച നീലരാവിൽ’... മലയിലെ കാരണവരായ, ഭഗവാനെന്ന് വിളിപ്പേരുള്ള മുരളീധരൻ പാടുന്നു. ‘പണ്ട് മണ്ണെണ്ണ വിളക്കിന്റെ വെട്ടം മാത്രമായിരുന്നു. ഇന്ന് എല്ലാവരെയും കണ്ടുപാടാം; ഉറപ്പായും പാടാം. ’ നാട്ടിൽവന്ന മാറ്റത്തെക്കുറിച്ച് പറഞ്ഞുതുടങ്ങിയപ്പോഴേക്കും തെരുവ് വിളക്കുകൾ തെളിഞ്ഞു.
ചായപ്പീടിക നടത്തുന്ന റസാക്കിന്റെ പേരിലാണ് മൂന്ന് ചെറിയ റോഡ് സംഗമിക്കുന്ന ഇവിടം അറിയപ്പെടുന്നത്. മണ്ണെണ്ണ വിളക്കിന്റെ പുകയേറ്റ് വയ്യാതായ മകനെ രാത്രിയിൽ ചൂട്ടുംകെട്ടി ചുമന്ന് ആശുപത്രിയിൽ എത്തിച്ചത് വിവരിച്ചപ്പോൾ റസാക്കിന്റെ ഭാര്യ മുബീനയുടെ കണ്ണുകൾ നിറഞ്ഞു. ‘എംഎൽഎ പറഞ്ഞെങ്കിലും ഇത്രപെട്ടെന്ന് കറണ്ടുവരുമെന്ന് കരുതിയില്ല’–- അവർ പറഞ്ഞു. ‘ചിമ്മിനി വിളക്കും മെഴുകുതിരി വെട്ടവുമായിരുന്നു ആശ്രയം. കറണ്ടുവന്നപ്പോർ വലിയ സന്തോഷമായിരുന്നു’ ഒമ്പതാം ക്ലാസ് വിദ്യാർഥി ഗയാനയും അനുജത്തി ആറാം ക്ലാസ് വിദ്യാർഥി ഗായത്രിയും പറഞ്ഞു. ഇരുവരും ആര്യങ്കാവ് സെന്റ് മേരീസ് എച്ച്‌എസിലെ വിദ്യാർഥികളാണ്.
പുലി പിടിക്കാതെ ദൗത്യം
‘ഒരു ദിവസം രാത്രിയിൽ റോസ്‌മലക്ക് സാധനങ്ങൾ കൊണ്ടുപോയ ജീപ്പിന് മുകളിലേക്ക് വിളക്കുമരം ഭാഗത്ത് പുലി ചാടിവീണു. ഞാനും ഡ്രൈവറും ഭയന്നുവിറച്ചു. എല്ലാം അവസാനിച്ചുവെന്ന് കരുതിയ നിമിഷങ്ങൾ. എന്നാൽ ജീപ്പിന്റെ ബോണറ്റിൽ നിന്ന് പുലി മറുകരയിലേക്ക് കുതിച്ചു’. റോസ്‌മലയിൽ വൈദ്യുതി എത്തിക്കാനുള്ള കെഎസ്‌ഇബി കരാർ ഏറ്റെടുത്ത ആർ തുളസീധരൻ പറഞ്ഞു.
മന്ത്രിക്ക് സ്‌നേഹപൂർവം
ബഹു. സർ, ‘ഞങ്ങൾ റോസ്‌മല ഗവ. യുപിഎസിലെ കുട്ടികളാണ്. ഞങ്ങടെ സ്‌കൂളിൽ 9/10/2017 ന് വൈദ്യുതി കിട്ടി. ഞങ്ങടെ സ്വപ്‌നം നിറവേറ്റിയ കേരളത്തിന്റെ ബഹു. വൈദ്യുതി മന്ത്രിക്ക് ഞങ്ങളെടെയും സ്‌കൂളിന്റെയും എല്ലാവരുടെയും സ്‌നേഹം അറിയിച്ചുകൊള്ളുന്നു... എന്ന് റോസ്‌മലയുടെ ഞങ്ങൾ’.
ഗയാനയും അനുജത്തി ഗായത്രിയും വീട്ടുപടിയില്‍ പഠനത്തില്‍
റോസ്‌മല സ്‌കൂളിലെ കുട്ടികൾ വൈദ്യുതി മന്ത്രി എം എം മണിക്ക് എഴുതിയ കത്തിലെ വരികളാണിത്. 2017 ജൂൺ ഏഴിന് വൈദ്യുതീകരണത്തിന്റെ ഉദ്‌ഘാടനത്തിന് റോസ്‌മലയിൽ എത്തിയ മന്ത്രിക്ക് സ്‌കൂളിൽ വൈദ്യുതി കണക്‌ഷൻ ആവശ്യപ്പെട്ട് കുട്ടികൾ നിവേദനം നൽകിയിരുന്നു. അതിവേഗത്തിലാണ് നടപടിയുണ്ടായത്. അതിന്റെ സന്തോഷം രേഖപ്പെടുത്തി ഒരു തപാൽ ദിനത്തിലാണ് അഖിൽ, ലിജോ, ഷിബിൻ, ജിത്തു, ഗയാന, ശ്യാമ തുടങ്ങിയ കുട്ടികൾ കത്തെഴുതിയത്.
കെഎസ്‌ഇബിക്ക് നന്ദി
റോസ്‌മലയിൽ വൈദ്യുതിയെത്തിച്ചത് സാഹസിക പ്രവർത്തനമായിരുന്നു. ആര്യങ്കാവിൽ നിന്ന് 11.5 കിലോമീറ്ററാണ് 11 കെവി ലൈൻ സ്ഥാപിച്ചത്. ഇതിൽ 10 കിലോമീറ്റർ വനമേഖല ആണ്. അവിടെ ഒന്നേകാൽ മീറ്റർ താഴ്‌ചയിൽ കുഴിയെടുത്താണ് കേബിൾ ഇട്ടത്. ഒന്നര കിലോമീറ്ററിൽ മാത്രമാണ് കോൺക്രീറ്റ് പോസ്‌റ്റിട്ട് മുകളിലൂടെ ലൈൻ വലിച്ചത്.
റോസ്‌മലയിലെ രണ്ട് ട്രാൻസ്‌ഫോർമറിൽ നിന്ന് മുന്നോറോളം വീടുകളിൽ വൈദ്യുതി എത്തിക്കാൻ പത്ത് കിലോമീറ്റർ ചുറ്റളവിൽ പിന്നെയും ലൈൻ സ്ഥാപിക്കേണ്ടിവന്നു. മൊത്തം 350 പോസ്‌റ്റ്.
മൂന്ന് ഷിഫ്‌റ്റായി മൂന്ന് മാസത്തിലേറെ രാവും പകലും നീണ്ട ജോലിയാണ് തൊഴിലാളികൾ ഏറ്റെടുത്തത്. ഇത്രയും നാൾ രണ്ട് ജനറേറ്ററുകളും പ്രവർത്തിപ്പിച്ചു. പിക്കപ്പിന്റെ വാതിൽ പൊളിച്ച് പടങ്ങുവച്ചാണ് മലമുകളിലേക്ക് പോസ്‌റ്റുകൾ കയറ്റിയത്. പോസ്‌റ്റുകൾ ഉയർത്താൻ ക്രെയിൻ മലകയറ്റി. ആകെ പദ്ധതി ചെലവ് മൂന്നരക്കോടിയാണ്.