"അധിക മകിഴ്‌ച്ചി, വീട് കിടൈത്ത എല്ലാ മക്കളുക്കും സന്തോഷം, അരസൈ ദൈവമാക കാൺകിറോം "
Thursday Mar 4, 2021
എ ആർ സാബു
കേരളമാകെ ‘ലൈഫിൽ’ ജീവിതം തളിർക്കുകയാണ്. ആകാശം കണ്ടുറങ്ങിയ കൂരകളിലെ രാത്രികൾ മറയുന്നു. മഴയും കാറ്റും കൊള്ളാതെ ലൈഫ് വീടുകൾ. ഇടുക്കി ജില്ലയിലെ കുറ്റ്യാർവാലിയിൽനിന്നുള്ള അനുഭവസാക്ഷ്യം. 283 ഏക്കറിൽ 250 വീടാണ് പണിതീർത്തത്. അമ്പതോളം വീടുകൾ പൂർത്തിയാകുന്നു
ഇടുക്കി
സർക്കാരിനെ ദൈവമായി വാഴ്‌ത്തുകയാണ് മുരുഗയ്യ. ‘അധിക മകിഴ്‌ച്ചി, വീട് കിടൈത്ത എല്ലാ മക്കളുക്കും സന്തോഷം. അരസൈ ദൈവമാക കാൺകിറോം’. എവിടെ നോക്കിയാലും നിരനിരയായി വീടുകൾ. അതിൽ താമസം തുടങ്ങിയവയുണ്ട്. പണിതീർന്ന് വീട്ടുകാരെ കാത്തിരിക്കുന്നതുണ്ട്. ചിലതിൽ അവസാന മിനുക്കുപണി ബാക്കി. നിർമാണം തുടങ്ങിയതും വേറെ. കുറ്റ്യാർവാലിയിലെ അമ്പരപ്പിക്കുന്ന കാഴ്ചകൾ. തേയിലത്തോട്ടങ്ങളിലെ ഒറ്റമുറി ലയങ്ങളിൽ തളർന്നുറങ്ങിയവർ ജീവിച്ചുതുടങ്ങുകയാണ്. 283 ഏക്കറിൽ 250 വീടാണ് പണിതീർത്തത്. അമ്പതോളം വീടുകൾ പൂർത്തിയാകുന്നു. 4,500 അപേക്ഷകർ ഇനിയുമുണ്ട്.
ദുരൈരാജ് കുടുംബത്തോടൊപ്പം / യശോദയും സുന്ദരം കൺകാണിയും വീടിനുമുന്പിലെ കൃഷിയിടത്തിൽ
കുറ്റ്യാർവാലിയിൽ ആദ്യ സ്ഥലത്തിന്റെ പട്ടയം മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനും എസ് രാജേന്ദ്രൻ എംഎൽഎയും ചേർന്നാണ് തന്നതെന്ന് അഭിമാനത്തോടെയാണ് മുരുഗയ്യ പറയുന്നത്. അന്ന് വീട് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. പിണറായി വിജയൻ സർക്കാരാണ് ലൈഫ് പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ വീട് പൂർത്തിയാക്കാൻ അവസരമൊരുക്കിയത്. മുരുഗയ്യ രണ്ടു വർഷംമുമ്പ് കണ്ണൻദേവൻ കമ്പനിയുടെ കുറ്റ്യാർ ഡിവിഷനിൽനിന്ന് വിരമിച്ചു. ഭാര്യ ഈശ്വരി ഇപ്പോഴും ജോലിചെയ്യുന്നു. ഭാര്യകൂടി വിരമിച്ചാൽ ലയത്തിൽനിന്ന് ഇറങ്ങണം. നാലു തലമുറ ഇവിടെയാണ് ജീവിച്ചത്. ലൈഫ് പദ്ധതിൽ ഉൾപ്പെട്ടതോടെ രണ്ടു കിടപ്പുമുറിയും ഹാളും അടുക്കളയും കാർ പോർച്ചുമുള്ള വീടാണ് മുരുഗയ്യ പണിതത്. കുറ്റ്യാർവാലിയിൽ വരുന്നവർക്ക് അൽപ്പമൊന്നു വിശ്രമിക്കാനും വെള്ളം കുടിക്കാനും തന്റെ 10 സെന്റ് ഭൂമിയിൽ ഒരുഭാഗം നീക്കിവയ്‌ക്കണമെന്ന ആഗ്രഹം ബാക്കിയുണ്ട്.
ലൈഫിൽ വീട് കിട്ടിയില്ലായിരുന്നെങ്കിൽ ജീവനൊടുക്കുമായിരുന്നുവെന്ന് കോൺഗ്രസിന്റെ പഞ്ചായത്തംഗമായിരുന്ന ഗാന്ധി പറഞ്ഞു. ‘കോടാനുകോടി നൻട്രിയൈ സൊല്ലുങ്കിറോം, അരസാങ്കത്തിർക്ക് നൻട്രി’. വീട് നൽകിയ ആത്മവിശ്വാസം പറഞ്ഞറിയിക്കാനാകാത്തതാണെന്ന് കുറ്റ്യാർവാലിയിലെ ആദ്യകാല താമസക്കാരനായ ദൊരൈ രാജിന്റെ മകൻ ഫിലിപ് പറഞ്ഞു. ‘കോവിഡ് പ്രതിസന്ധിയിലും ജോലി നഷ്ടപ്പെടുമെന്ന് ഭയപ്പെടാനില്ല. ഇവിടെവന്ന് എന്തെങ്കിലും ചെയ്യാമെന്ന ധൈര്യം. വയറിങ്, പ്ലംബിങ്, വെൽഡിങ്, ഡ്രില്ലിങ്, കൺസ്ട്രക്‌ഷൻ എന്തും ചെയ്യാം. ഈ വീടാണെന്റെ ശക്തി’.